ADVERTISEMENT

കോട്ടയം ∙ ഇടവകയിൽ സമാധാനത്തിന്റെ ദൈവവചനം പറഞ്ഞു കൊടുത്ത വൈദികനു തർക്കങ്ങളെല്ലാം മറന്ന് ഒത്തൊരുമയോടെ വിശ്വാസികൾ വിടചൊല്ലി. സഭകൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും സംസ്കാരം സംബന്ധിച്ച തർക്കങ്ങളും വാർത്തയാകുമ്പോഴാണ് ഒത്തൊരുമയുടെ ഈ മാതൃക.യാക്കോബായ സഭയിലെ സീനിയർ വൈദികനും കോട്ടയം സിംഹാസന കത്തീഡ്രൽ വികാരിയുമായ, കഴിഞ്ഞ ദിവസം അന്തരിച്ച ഏബ്രഹാം ജോൺ കോറെപ്പിസ്കോപ്പയുടെ സംസ്കാര ശുശ്രൂഷയിലെ രണ്ടാം ക്രമം ഓർത്തഡോക്സ്, യാക്കോബായ സഭകളിലെ വൈദികർ ചേർന്നാണ് നടത്തിയത്. കോട്ടയം ചെറിയപള്ളി മഹാ ഇടവകയുടെ സെമിത്തേരി ചാപ്പൽ ആയ പുത്തൻപള്ളിയിലായിരുന്നു ഈ ശുശ്രൂഷ. ഓർത്തഡോക്സ് സഭയിലെ സീനിയർ വൈദികൻ സി.ജെ. പുന്നൂസ് കോറെപ്പിസ്കോപ്പ മുഖ്യകാർമികത്വം വഹിച്ചു. 

മൃതദേഹം പിന്നീട് സിംഹാസനപ്പള്ളിയിലേക്കു കൊണ്ടുപോയി. പരിശുദ്ധ പാത്രിയർക്കീസ് ബാവായു‌ടെ നേരിട്ടുള്ള ഭരണത്തിലുള്ളതാണ് സിംഹാസന കത്തീഡ്രൽ. പരിശുദ്ധ കാതോലിക്കാ ബാവായു‌ടെ നേരിട്ടുള്ള ഭരണത്തിലാണു ചെറിയ പള്ളിയും പുത്തൻ പള്ളിയും. പുത്തൻപള്ളിയിലെ ക്രമീകരണങ്ങൾക്ക് കോട്ടയം സെൻട്രൽ ഭദ്രാസന സെക്രട്ടറി ഫാ. മാത്യു കോശി, കോട്ടയം ചെറിയപള്ളി വികാരിയും ഓർത്തഡോക്സ് സഭയുടെ പിആർഒയുമായ ഫാ. മോഹൻ ജോസഫ്, ട്രസ്റ്റി ജേക്കബ് മാത്യു മുട്ടുമ്പുറം, സെക്രട്ടറി വിനോയ് കുര്യൻ തുടങ്ങിയവർ നേതൃത്വം നൽകി.പുത്തൻപള്ളിയിലെ എല്ലാ സംസ്കാര ശുശ്രൂഷകളിലും കക്ഷിഭേദം കൂടാതെ ഏബ്രഹാം ജോൺ കോറെപ്പിസ്കോപ്പ സംബന്ധിക്കുമായിരുന്നു.

മരണമടഞ്ഞ വിശ്വാസികളെ സ്മരിക്കുന്ന ആനീദേ ഞായറാഴ്ച ഏബ്രഹാം ജോൺ കോറെപ്പിസ്കോപ്പയുടെ നേതൃത്വത്തിൽ സിംഹാസന പള്ളി ഇടവകാംഗങ്ങൾ പുത്തൻപള്ളി സെമിത്തേരിയിലെത്തി ഓർത്തഡോക്സ് വൈദികരോടൊപ്പം ധൂപപ്രാർഥന നടത്തുകയും ചെയ്തിരുന്നു.മുൻപ് 2013ൽ ഒളശ്ശ സെന്റ് മേരീസ് ആൻഡ് സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി വികാരി നിര്യാതനായ മഞ്ചയിൽ ഫാ. തോമസ് ഐസക്കിന്റെ വിടവാങ്ങൽ ശുശ്രൂഷ ഒളശ്ശ യാക്കോബായ പള്ളിയിൽ തോമസ് മാർ തിമോത്തിയോസ്, തോമസ് മാർ അലക്സന്ത്രയോസ് എന്നിവരുടെ കാർമികത്വത്തിൽ നടത്തിയിരുന്നു.  മലങ്കര സഭാ സമാധാനത്തിനായി മുൻനിരയിൽ നിന്നു പ്രവർത്തിച്ച യാക്കോബായ സഭ സീനിയർ വൈദികനും മുൻ വൈദിക ട്രസ്റ്റിയുമായ കല്ലൂപ്പറമ്പിൽ ഫാ. വി.എം. ഗീവർഗീസിന് 2016ൽ പള്ളം സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ ഡോ. യൂഹാനോൻ മാർ ദിയസ്കോറസിന്റെ കാർമികത്വത്തിലും യാത്രാമൊഴിയേകിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com