കുമരകം ∙ ജി 20 ഉച്ചകോടി ഉദ്യോഗസ്ഥ സമ്മേളനത്തിന് എത്തുന്ന പ്രതിനിധികൾ താമസിക്കുന്ന ഹോട്ടൽ – റിസോർട്ട് എന്നിവിടങ്ങളിൽ ബോംബ് സ്ക്വാഡ് ഇന്നലെ വീണ്ടും പരിശോധന നടത്തി. താമസ സ്ഥലങ്ങളിലെ മറ്റു സൗകര്യങ്ങളും സംഘം കണ്ടു മനസ്സിലാക്കി. നിലവിലുള്ള നിരീക്ഷണ ക്യാമറകൾക്കു പുറമേ ഓരോ സ്ഥലത്തും 10 എണ്ണം കൂടി പുതിയതായി സ്ഥാപിച്ചു. റോഡ് വശങ്ങളിലും നിരീക്ഷണ ക്യാമറകൾ ഉണ്ടാകും.പ്രതിനിധികൾ താമസിക്കുന്ന ഹോട്ടൽ– റിസോർട്ട് എന്നിവിടങ്ങളിലെ സുരക്ഷ പൊലീസ് ശക്തമാക്കി.

മറ്റ് ഹോട്ടലുകളും റിസോർട്ടുകളും പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഇവിടെ താമസത്തിനെത്തുന്നവരുടെ വിവരം പൊലീസിനെ അറിയിക്കാൻ നിർദേശം നൽകി. പ്രതിനിധികൾ വേമ്പനാട്ടു കായലിലൂടെ സഞ്ചരിക്കുന്ന ജലപാതയുടെ അടുത്ത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിനു നിയന്ത്രണം ഏർപ്പെടുത്തും.പ്രതിനിധികളുടെ ജലമാർഗമുള്ള യാത്രയ്ക്കു സുരക്ഷ ഒരുക്കുന്നതിനായി അഗ്നിരക്ഷാസേനയ്ക്കൊപ്പം മത്സ്യത്തൊഴിലാളികളെയും ഉൾപ്പെടുത്തി.കുമരകത്തു വൈദ്യുതി മുടങ്ങാതിരിക്കാൻ പുതിയ ലൈൻ വലിച്ചു. കൂടുതൽ വേഗത്തിൽ ഇന്റർനെറ്റ് ലഭ്യമാക്കാൻ കെടിഡിസിയിൽ കഴിഞ്ഞ ദിവസം ബിഎസ്എൻഎൽ പുതിയ ടവർ സ്ഥാപിച്ചു.കെടിഡിസി കൺവൻഷൻ സെന്ററിലെ ഒരുക്കങ്ങൾ
∙ കൺവൻഷൻ സെന്ററിന്റെ തറയിൽ മാറ്റ് വിരിക്കുന്ന ജോലി നടക്കുന്നു.
∙ കൺവൻഷൻ സെന്ററിൽ നിന്നു ഭക്ഷണശാലയിലേക്കു പോകുന്നതിനുള്ള നടപ്പന്തൽ തയാർ.
∙ നീന്തൽക്കുളം നവീകരിച്ചു.
∙ നിലവിലുള്ള ബോട്ട് ജെട്ടിക്കു പുറമേ കായൽ ഭാഗത്ത് പുതിയ ഫ്ലോട്ടിങ് ജെട്ടി സ്ഥാപിച്ചു.
∙ ബോട്ട് അടുക്കുന്നതിന് ഇവിടെ വീണ്ടും ആഴം കൂട്ടുന്നു.