കോട്ടയം ∙ ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കുള്ള ആർദ്രകേരളം പുരസ്കാരത്തിൽ സംസ്ഥാനത്ത് ജില്ലാ പഞ്ചായത്തുകളുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനം കോട്ടയത്തിന്.കോവിഡനന്തര കാലത്ത് ആരോഗ്യമേഖലയിൽ നടത്തിയ പ്രവർത്തനങ്ങൾ, ഡയാലിസിസ് യൂണിറ്റുകൾ ആരംഭിച്ചത്, ഡയാലിസിസ് രോഗികൾക്കുള്ള ധനസഹായ വിതരണം, കാൻസർ രോഗികൾക്കായി ‘കാൻ കോട്ടയം’ ക്യാംപുകൾ ആരംഭിച്ചത്, കിടപ്പുരോഗികളെ വീട്ടിലെത്തി ചികിത്സിക്കുന്ന ഹോം കെയർ, ആശുപത്രികൾ വയോജന സൗഹൃദമാക്കൽ എന്നിവ മുൻനിർത്തിയാണ് പുരസ്കാരം.
നഗരസഭാ വിഭാഗത്തിൽ സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം നേടി വൈക്കം നഗരസഭ മികവ് തെളിയിച്ചു. ആരോഗ്യ മേഖലയിൽ ചെലവഴിച്ച പണം, മികച്ച സാന്ത്വന പരിചരണം, ശുചിത്വം, മാലിന്യ സംസ്കരണം, ഹരിത കർമസേനയുടെ പ്രവർത്തനം തുടങ്ങിയവ പരിഗണിച്ചാണ് പുരസ്കാരം ലഭിച്ചത്.ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം നടത്തിയ തദ്ദേശ ഭരണ സ്ഥാപനത്തിനുള്ള ആർദ്രകേരളം ജില്ലാതല പുരസ്കാരം മാഞ്ഞൂർ പഞ്ചായത്തിനാണ്. വാഴൂർ പഞ്ചായത്ത് രണ്ടും മറവൻതുരുത്ത് പഞ്ചായത്ത് മൂന്നും സ്ഥാനത്തെത്തി.