ADVERTISEMENT

കോട്ടയം∙ ജി 20 ഉച്ചകോടിക്കായി പ്രതിനിധികൾ എത്തിത്തുടങ്ങി. യുഎൻ പ്രതിനിധികളും വൈറ്റ് ഹൗസിൽ നിന്നുള്ള പ്രതിനിധികളും ഇന്നലെ കുമരകത്തെത്തി. സുരക്ഷാ കാരണങ്ങളാൽ ഇവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. യുഎസ് നാഷനൽ സെക്യൂരിറ്റി ഏജൻസി തലവൻ അടക്കമുള്ളവരും എത്തിയതായാണു വിവരം. മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യേക ക്ഷണിതാവായി പങ്കെടുക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുത്തേക്കും. 30, 31,01 തീയതികളിലായാണു പ്രധാന സമ്മേളനങ്ങൾ.

സവാരിയും സാംസ്കാരിക പരിപാടികളുമാണ് അവസാന ദിവസമായ രണ്ടിന് ഒരുക്കിയിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട സ്റ്റുഡന്റ് പൊലീസ് കെഡറ്റുകൾ, കുമരകം, അയ്മനം, വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവരുമായി അതിഥികൾ സംവദിക്കും. രണ്ടാംഘട്ടമായ ഡവലപ്മെന്റൽ മീറ്റിങ് 6 മുതൽ ഒൻപതു വരെ നടക്കും. 

ഓണാഘോഷം കെങ്കേമം

കോക്കനട്ട് ലഗൂൺ റിസോർട്ടിൽ രണ്ടിന് ഒരുക്കിയിരിക്കുന്നത് കെങ്കേമമായ ഓണാഘോഷം. സംവിധായകൻ ടി.കെ.രാജീവ് കുമാർ അണിയിച്ചൊരുക്കുന്ന സാംസ്കാരിക പരിപാടികളാണ് മറ്റൊരു ആകർഷണം. തുടർന്ന് ഉദ്യോഗസ്ഥരും പ്രതിനിധികളും ചേർന്ന് പൂക്കളം ഒരുക്കും. കയർ നിർമാണം, കൈത്തറി നിർമാണം, കളിപ്പാത്ര നിർമാണം എന്നിവ കാണാൻ ഉത്തരവാദിത്ത ടൂറിസം വകുപ്പിന്റെ സ്റ്റാളുകൾ സജ്ജീകരിക്കും. അതിഥികളെ യോഗസ്ഥലത്തേക്കും താമസയിടത്തേക്കും ദിവസേന എത്തിക്കാൻ പ്രതിദിനം  80,000 രൂപ ചെലവിൽ ഏഴു വഞ്ചിവീടുകൾ തയാറാക്കിയിട്ടുണ്ട്. 

ഭക്ഷണത്തിൽ സ്വദേശി 

ചക്ക, മാങ്ങ, നേന്ത്രപ്പഴം, കൈതച്ചക്ക, ആഞ്ഞിലിച്ചക്ക, കപ്ലങ്ങ തുടങ്ങി കേരളത്തിൽ  വിളയുന്ന പഴവർഗങ്ങളാണ് അതിഥികൾക്കായി നൽകുന്നത്. ചന്ദ്രക്കാരം മാങ്ങ, കുറ്റ്യാട്ടൂർ മാങ്ങ എന്നിങ്ങനെ 8 തരം മാങ്ങകൾ ഇതിൽ ഉൾപ്പെടുത്തും. കുടിക്കാനായി യഥേഷ്ടം കരിക്കിൻ വെള്ളം. തേങ്ങാപ്പാലിൽ തയാറാക്കുന്ന കോക്കനട്ട് ലെസിയാണ് മറ്റൊരു ഇനം. നറുനീണ്ടിയടക്കമുള്ള ആയുർവേദ ഔഷധങ്ങൾ ചേർത്ത ഹെർബൽ ഡ്രിങ്ക് ചിരട്ട ഗ്ലാസിൽ നൽകും.അച്ചപ്പം, കുഴലപ്പം, വട്ടയപ്പം, ചിപ്സ്, ശർക്കരവരട്ടി തുടങ്ങിയ തനതു പലഹാരങ്ങളാണ് അതിഥികൾക്ക് വിളമ്പുന്നത്. ഇടവേളകളിൽ മിന്റും ജീരക മിഠായിയും നൽകും. കേരളത്തിന്റെ വറുത്തരച്ച കറികളും കുമരകം കരിമീനും വിഭവങ്ങളിൽ പ്രധാന സ്ഥാനം കരസ്ഥമാക്കും.

kottayam-g20
തണ്ണീർമുക്കം ബണ്ടിൽ വിവിധ രാജ്യങ്ങളുടെ പതാകകൾ സ്ഥാപിച്ചപ്പോൾ.

ഒരു പ്രതിനിധിക്ക് 8 പൊലീസ് 

കുമരകത്ത് പൊലീസ് സുരക്ഷ കർശനമാക്കി. അതിഥികളെ പ്രധാനവേദിയിലേക്കും തിരികെ താമസയിടങ്ങളിലേക്കും കൊണ്ടുപോകുമ്പോൾ മാത്രം ഗതാഗതം നിയന്ത്രിക്കും. 6 എസ്പിമാർ, 20 ഡിവൈഎസ്പിമാർ, 20 ഇൻസ്‌പെക്ടർമാർ, 1,600 പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷ. ഇന്നലെ 2 മുതൽ പൊലീസിനെ കുമരകത്ത് പലയിടങ്ങളിലായി വിന്യസിച്ചിട്ടുണ്ട്.  അനധികൃത പാർക്കിങ് നിരോധിച്ചു. കായലിൽ 24 മണിക്കൂർ നിരീക്ഷണത്തിനായി  പൊലീസ് സംഘത്തെ ബോട്ടുകളിൽ വിന്യസിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം അതിർത്തികളിലും പ്രത്യേക പരിശോധന ഉണ്ടാകുമെന്നു ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു.

ഒരുക്കം ഇങ്ങനെ

കുമരകത്തേക്കും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും എത്തുന്ന അഞ്ചു പാതകൾ നവീകരിച്ചിട്ടുണ്ട്. ഇതിൽ നാലിടത്ത് റോഡ് സുരക്ഷാ       നടപടികളടക്കം പൂർത്തിയാക്കി. ബദൽ പാതയായ കല്ലറ-വെച്ചൂർ റോഡ് ടാറിങ് ഇന്നലെ രാത്രിയോടെ പൂർത്തിയാക്കി. വഴിയോരങ്ങളിലെ മാലിന്യം നീക്കി.     റിഫ്ലക്ടറുകൾ സ്ഥാപിച്ചു. ഇന്ന് വീണ്ടും ട്രയൽ റൺ നടക്കും. വൈദ്യുതി വിതരണം തടസ്സപ്പെടാതിരിക്കാൻ കെഎസ്ഇബി ബദൽ സംവിധാനം ഏർപ്പെടുത്തി. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ   പരിശോധന     പുരോഗമിക്കുന്നു. ‌

അടിസ്ഥാന സൗകര്യ വികസനം നേട്ടം

അടിസ്ഥാന സൗകര്യ രംഗത്തെ വികസനമാണ് ജി20  ഉച്ചകോടിമൂലമുള്ള വലിയ പ്രയോജനമെന്ന് സൂരി റിസോർട്ട് ജനറൽ മാനേജർ ശരത് വൽസരാജ്. ഡസ്റ്റിനേഷൻ വെഡിങ് പരിപാടികൾക്കും മറ്റും ഇപ്പോൾത്തന്നെ ഒട്ടേറെപ്പേർ കുമരകത്ത് എത്തുന്നുണ്ട്.  ഉച്ചകോടി കഴിയുന്നതോടെ കൂടുതൽ രാജ്യങ്ങളിൽ കുമരകം അറിയപ്പെടും. മാധ്യമങ്ങളിൽ പ്രാധാന്യത്തോടെ വാർത്തകൾ വരുന്നതും ഗുണം ചെയ്യും. മെച്ചപ്പെടുത്തിയ റോഡുകളും പ്രകാശിക്കുന്ന വഴിവിളക്കുകളും വൃത്തിയായ റോഡരികുകളുമെല്ലാം  നിലനിർത്താനായാൽ കുമരകം കൂടുതൽ കുതിക്കും-ശരത് പറഞ്ഞു.

ഒരുങ്ങുന്നു; കേരളീയ കലകളുടെ കാർണിവൽ

ലോക രാജ്യങ്ങളുടെ മുന്നിൽ കേരളീയ കലാരൂപങ്ങളെ അടയാളപ്പെടുത്തുക യെന്ന വെല്ലുവിളിയാണ് സംവിധായകൻ ടി.കെ രാജീവ് കുമാർ ഏറ്റെടുത്തിരിക്കുന്നത്. രണ്ടു മാസം മുൻപ് ആരംഭിച്ച തയാറെടുപ്പുകൾ, 600 കലാകാരന്മാർ.  ജി20 സമ്മേളനത്തോടനുബന്ധിച്ചുള്ള കലാസന്ധ്യയിലെ ദൃശ്യവിരുന്നിനെക്കുറിച്ച്  രാജീവ് കുമാർ ‘മനോരമ’യോടു സംസാരിക്കുന്നു.

കേരളത്തനിമ അറിയാം

കേരളത്തിന്റെ കല, സംസ്കാരം, കലാരൂപം, പൈതൃകം ഇവ  അനുഭവിക്കാനുള്ള അവസരം ഒരുക്കുകയാണു ലക്ഷ്യം. കാണികളെക്കൂടി പങ്കെടുപ്പിക്കുന്ന ഒന്ന്. അതിനായി തീം അധിഷ്ഠിതമായാണ്  ബോട്ട് ജെട്ടി മുതൽ സ്റ്റേജ് വരെ ഒരുക്കിയത്. ഓരോ ദിവസവും പുത്തൻ അനുഭവങ്ങൾ. എന്നാൽ പരമ്പരാഗത രീതിയിൽ നിന്ന് കലാരൂപങ്ങൾക്ക് വ്യത്യാസമൊന്നും കൊണ്ടുവന്നിട്ടില്ല. 

ഒന്നാം ദിനം – പരകായ പ്രവേശം വേദി – കുമരകം ലേക് റിസോർട്ട്

മഹാഭാരതത്തിലെ ചൂതുകളി രംഗമാണ് കഥകളിയിലൂടെ അവതരിപ്പിക്കുന്നത്. 20 വേഷങ്ങൾ വേദിയിൽ അണിനിരക്കും. അതിഥികളെ വേദിയിലേക്കു കൊണ്ടുവരുന്ന ഹൗസ്ബോട്ടിൽ നിന്നുതന്നെ അതിന്റെ തയാറെടുപ്പ് ആരംഭിക്കും. അവരെ കഥകളി വേഷത്തിലെ ഉത്തരീയം അണിയിക്കും. കഥകളിയെക്കുറിച്ച്, പദങ്ങൾ പാടുന്ന രീതി, ഉപകരണങ്ങൾ, വസ്ത്രം, ചമയം എല്ലാം വിശദീകരിക്കും. അവർക്ക് പരസ്പരം സംസാരിക്കാൻ, അനുഭവങ്ങൾ പങ്കുവയ്ക്കാൻ അവസരം നൽകും. കൂത്തമ്പലം മാതൃകയിലാണ് ബോട്ട് ജെട്ടി ഒരുക്കുക. 

രണ്ടാം ദിനം – ഓതിരം മോഹിതം വേദി – സൂരി റിസോർട്ട്

കേരളത്തിലെ ശക്തമായ സ്ത്രീ കഥാപാത്രമായ ഉണ്ണിയാർച്ചയെ വടക്കൻ പാട്ടിന്റെ അകമ്പടിയോടെ അവതരിപ്പിക്കുകയാണ് ഇവിടെ. കളരിപ്പയറ്റ്, മോഹിനിയാട്ടം, പടയണി, തെയ്യം, ചവിട്ടുനാടകം, മുടിയേറ്റ്, കോൽക്കളി, കൂടിയാട്ടം എന്നീ കലാരൂപങ്ങൾ അവതരിപ്പിക്കും. നൃത്തത്തിനും അഭിനയത്തിനും സാധ്യത നൽകുന്ന വേദിയാണിത്. മഴവിൽ മനോരമ ഡിഫോർ ഡാൻസിലെ നീരവാണ് കൊറിയോഗ്രഫി. 200 കലാപ്രവർത്തകർ വേദിയിലെത്തും. 2 മാസം മുൻപ് തയാറെടുപ്പ് ആരംഭിച്ചിരുന്നു. 10 പാട്ടുകൾ പുതിയതായി എഴുതി.  കളരിത്തറ മാതൃകയിലാണ് ജെട്ടി ഒരുക്കുക. അതിഥികൾക്ക് താളം പിടിക്കാൻ പാണൻ വായിക്കുന്ന ഉടുക്ക് നൽകും.

മൂന്നാം ദിനം – താളം മേളം വേദി – കുമരകം താജ്

കേരളീയ ഉപകരണങ്ങളിലൂടെ പഞ്ചവാദ്യവും പാഞ്ചാരിമേളവും അവതരിപ്പിക്കുന്ന ദിനമാണിത്. പൂരമാണ് തീം. 3 ആനകളെയും അണിനിരത്തും. സംഗീത സംവിധായകൻ ശരത്തിന്റെ നേതൃത്വത്തിൽ 14 പേർ ചേർന്ന് കർണാടക സംഗീതാലാപനം  നടത്തും. 10 എണ്ണം വീതം ചെണ്ട, മൃദംഗം, ഇടയ്ക്ക, തടം, മിഴാവ്, മദ്ദളം എന്നിവ മാത്രമാണ് ഉപകരണങ്ങൾ. ഇവ തനിയാവർത്തനം നടത്തും. ചെറിയൊരു വെടിക്കെട്ടും  ഒരുക്കും. തൃശൂർ പൂരം മാതൃകയിൽ വെളിച്ചമൊരുക്കി ഉത്സവപ്പറമ്പ് രൂപത്തിൽ ജെട്ടി ഒരുക്കും. ഫ്ലോട്ടിങ് സ്റ്റേജാണ് അന്നത്തെ മറ്റൊരു പ്രത്യേകത. താളം പിടിക്കാൻ ചേങ്ങലയുടെ ചെറുരൂപമായ കൈമണി നൽകും. 

kottayam-floatting-boat-terminal
ജി20 ഉച്ചകോടിക്കു വേദിയാകുന്ന കുമരകം കെടിഡിസി റിസോർട്ടിൽ നിർമിച്ച ഫ്ലോട്ടിങ് ബോട്ട് ജെട്ടി.

നാലാം ദിനം – ഓണം വേദി – കോക്കനട്ട്  ലഗൂൺ റിസോർട്ട്

രാവിലെ 9 മുതൽ സദ്യയോടെ സമാപിക്കുന്ന ആഘോഷമാണിത്. അന്ന് ‍ജെട്ടിയിൽ ഓണത്തപ്പന്മാരെ അണിനിരത്തും. ഇലയ്ക്ക കൊട്ടി, ചന്ദനം ചാർത്തി ആരതി ഉഴി‍ഞ്ഞ് മുല്ലപ്പൂ മാലയിട്ട ശേഷം പൊന്നാട അണിയിച്ചാണ് അതിഥികളെ സ്വീകരിക്കുന്നത്. ഉദ്യോഗസ്ഥരും പ്രതിനിധികളും ചേർന്ന് പൂക്കളം ഒരുക്കും.ഉദ്യോഗസ്ഥരും പ്രതിനിധികളും കേരളീയ വസ്ത്രങ്ങളാണ് അന്ന് ധരിക്കുക. 2 തരം പായസമടക്കമുള്ള സദ്യ, പുലികളി, കുമ്മാട്ടിക്കളി, കളരിപ്പയറ്റ്, തിരുവാതിരകളി, ഊഞ്ഞാലാട്ടം എന്നിവയും ഒരുക്കിയിട്ടുണ്ട്. കയർ നിർമാണം, കൈത്തറി നിർമാണം, കളിപ്പാത്ര നിർമാണം എന്നിവ കാണാൻ ഉത്തരവാദിത്ത ടൂറിസം വകുപ്പിന്റെ സ്റ്റാളുകൾ അന്ന് സജ്ജീകരിക്കും.

അതിഥികൾക്ക് സമ്മാനം

അരമണിക്കൂറാണ് ഓരോ ദിവസത്തെയും കലാപരിപാടികളുടെ ദൈർഘ്യം. കേരള ആർട്ട് ആൻഡ് ക്രാഫ്റ്റ് വിഭാഗവുമായി ചേർന്ന് അതിഥികൾക്കു  ചെറുസമ്മാനങ്ങൾ നൽകും. കഥകളി വേഷങ്ങളുടെ രൂപങ്ങൾ, വാളും പരിചയും, വാദ്യോപകരണങ്ങൾ എന്നിങ്ങനെ കലാരൂപങ്ങളുടെ ചെറുരൂപങ്ങളാണ് നൽകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com