വൈക്കം സത്യഗ്രഹശതാബ്ദി ആഘോഷം: കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തമിഴ്നാട്ടിൽ നിന്നും ആയിരങ്ങൾ എത്തുന്നു

kottayam-vaikom-beach-flag
കെപിസിസി നാളെ നടത്തുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വൈക്കം ബീച്ചിൽ പതാകകൾ ഉയർത്തി അലങ്കരിച്ചപ്പോൾ. ചിത്രങ്ങൾ: മനോരമ
SHARE

വൈക്കം ∙ അനാചാരത്തിനെതിരെ വിജയം നേടിയ മണ്ണ് ആഘോഷങ്ങൾക്കായി അണിഞ്ഞൊരുങ്ങി. സത്യഗ്രഹ സ്മരണകൾ നിറഞ്ഞ വൈക്കത്തിന്റെ മണ്ണ് ഇനിയുള്ള ദിനങ്ങളിൽ ആഘോഷത്തിൽ അമരും. ഇന്നാണ് ആദ്യത്തെ ആഘോഷ പരിപാടി. ആഘോഷ പരിപാടികളിൽ പങ്കെടുക്കാൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തമിഴ്നാട്ടിൽ നിന്നും ആയിരങ്ങൾ ഇവിടേക്കൊഴുകുന്നു. പൊള്ളുന്ന വേനൽച്ചൂടിലും കായലോര ബീച്ചിൽ കൊടിതോരണങ്ങൾ കായൽക്കാറ്റിന്റെ വേഗത്തോട് മല്ലടിച്ച് പറക്കുകയാണ്.

kottayam-vaikom-beach
വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വൈക്കം കായലോര ബീച്ചിനു സമീപം ഒരുങ്ങുന്ന പ്രധാന വേദി.

നാടും നഗരവീഥിയും സത്യഗ്രഹ ആഘോഷങ്ങളെ വരവേൽക്കാൻ ഒരുങ്ങിയ മട്ടിലാണ്.സത്യഗ്രഹ സ്മരണകൾ അന്തിയുറങ്ങുന്ന വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലെ വീഥികളും ബോട്ട് ജെട്ടിയും വെല്ലൂർ മഠവും, ഇണ്ടംതുരുത്തി മനയും കഴിഞ്ഞുപോയ കാലത്തെ ഓർമകൾ അയവിറക്കാൻ തയാറെടുക്കുന്നു.

kottatyam-ramesh
കെപിസിസി നാളെ നടത്തുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വൈക്കം ബീച്ച് മൈതാനത്തു പ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കായലോര ബീച്ച് പരിസരം കേന്ദ്രീകരിച്ചാണ് ഭൂരിഭാഗം ആഘോഷച്ചടങ്ങുകളും നടക്കുന്നത്. ലളിതകലാ അക്കാദമിയുടെ നേതൃത്വത്തിൽ സ്ഥാപിച്ച ശിൽപങ്ങൾ പുതുചായം പൂശി മോടികൂട്ടി.പന്തലുകളുടെ നിർമാണം അവസാനഘട്ടത്തിൽ തിടുക്കത്തിൽ പുരോഗമിക്കുകയാണ്. ആഘോഷത്തിൽ പങ്കെടുക്കാനെത്തുന്ന പ്രമുഖർക്ക് തിരക്കൊഴിവാക്കി ബീച്ച് മൈതാനിയിലേക്ക് എത്തിച്ചേരാൻ ഡിവൈഎസ്പി ഓഫിസ്, പൊലീസ് ക്വാർട്ടേഴ്സ് വഴി ഭാരത് കോളജിന് മുൻപിലേക്ക് എത്തുന്ന റോഡിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കി.

വൈക്കം സത്യഗ്രഹത്തിന്റെ നേരവകാശം കോൺഗ്രസിനു മാത്രം: രമേശ് ചെന്നിത്തല

വൈക്കം ∙ വൈക്കം സത്യഗ്രഹത്തിന്റെ നേരവകാശം കോൺഗ്രസിനു മാത്രമാണെന്നും അതിന്റെ പിതൃത്വം മറ്റാർക്കും അവകാശപ്പെടാനില്ലെന്നും മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എംഎൽഎ പറഞ്ഞു. എന്നാൽ ശതാബ്ദി ആഘോഷം ആരു നടത്തിയാലും അതിനെ സ്വാഗതം ചെയ്യുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കെപിസിസിയുടെ നേതൃത്വത്തിൽ 30നു നടത്തുന്ന വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷത്തിനുള്ള സമ്മേളന നഗറിന്റെ നിർമാണപുരോഗതി വിലയിരുത്താൻ എത്തിയതായിരുന്നു രമേശ് ചെന്നിത്തല. മല്ലികാർജുൻ ഖർഗെ പങ്കെടുക്കുന്ന യോഗം 3ന് ആരംഭിക്കുമെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. 

kottayam-vaikom-satyagra-congress
കെപിസിസി നാളെ നടത്തുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വൈക്കം ബീച്ച് മൈതാനത്തു പ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും സി.കെ.ആശ എംഎൽഎയും കണ്ടുമുട്ടിയപ്പോൾ. സംസ്ഥാന സർക്കാർ ഒന്നാം തീയതി നടത്തുന്ന ആഘോഷങ്ങളും ഇവിടെയാണു സംഘടിപ്പിക്കുന്നത്. ചിത്രം: മനോരമ

വിമാനമാർഗം തിരുവനന്തപുരത്ത് എത്തി കാലാവസ്ഥ അനുകൂലമാണെങ്കിൽ അവിടെ നിന്നു ഹെലികോപ്റ്ററിൽ വൈക്കത്ത് എത്തും. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, ജോസഫ് വാഴയ്ക്കൽ, ഫിലിപ്പ് ജോസഫ്, ‍ഡോ. പി.ആർ.സോന എന്നിവരും സമ്മേളനവേദിയിൽ എത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി, പി.പി.സിബിച്ചൻ, അബ്ദുൽ സലാം റാവുത്തർ, ബി.അനിൽകുമാർ, എ.സനീഷ് കുമാർ, ജെയ്‌ ജോൺ പേരയിൽ, ഇടവട്ടം ജയകുമാർ, നഗരസഭാധ്യക്ഷ രാധിക ശ്യാം, ഉപാധ്യക്ഷൻ പി.ടി.സുഭാഷ്, എം.കെ.ഷിബു,  കെ.കെ.ഷാജി, പി.വി.വിവേക്, സോണി സണ്ണി, പി.ഡി.ഉണ്ണി, എം.ഗോപാലകൃഷ്ണൻ, രേണുക രതീഷ്, പ്രീത രാജേഷ്, ബിന്ദു ഷാജി,   പി.ഡി.ബിജിമോൾ, കെ.ബിനിമോൻ എന്നിവർ പങ്കെടുത്തു.

kottayam-vaikom-rally
കെപിസിസിയുടെ നേതൃത്വത്തിൽ നാളെ നടത്തുന്ന വൈക്കം സത്യഗ്രഹശതാബ്ദി ആഘോഷത്തിന്റെ പ്രചാരണാർഥം ഐഎൻടിയുസി ജില്ലാ കമ്മിറ്റി നടത്തിയ വിളംബരജാഥ സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു.

ഐഎൻടിയുസി വിളംബരജാഥ നടത്തി

വൈക്കം ∙ വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാർഷികാഘോഷം 30ന് എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിന്റെ പ്രചാരണാർഥം ഐഎൻടിയുസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈക്കത്ത് വിളംബരജാഥ നടത്തി. വൈക്കം വലിയ കവലയിൽ നിന്ന് ആരംഭിച്ച ജാഥ വടക്കേ നട വഴി പടിഞ്ഞാറേ ഗോപുരം, കച്ചേരിക്കവല ബോട്ട്ജെട്ടി വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സമാപിച്ചു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫിന്റെ നേതൃത്വത്തിൽ ആരംഭിച്ച ജാഥ സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി, പി.വി.പ്രസാദ്, എം.എൻ.ദിവാകരൻ നായർ, നന്തിയോട് ബഷീർ, ജെയ് ജോൺ പേരയിൽ, അനിയൻ മാത്യു, ജിജി പോത്തൻ, ജോമോൻ കുളങ്ങര, എം.വി.മനോജ് മാളിയേക്കൽ, പി.വി.സുരേന്ദ്രൻ, ഇടവട്ടം ജയകുമാർ, വി.ടി.ജയിംസ്, പ്രീത രാജേഷ്, വൈക്കം ജയൻ, മോഹൻ കെ.തോട്ടുപുറം, സന്തോഷ് ചക്കനാടൻ, ജോർജ് വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA