ADVERTISEMENT

പാമ്പാടി ∙ മേഖലയിൽ തുടർച്ചയായി രണ്ടാംദിനവും പേവിഷ ബാധയുള്ള തെരുവുനായയുടെ ആക്രമണം. വട്ടമല ഭാഗത്ത് തട്ടുങ്കൽ രാജുവിന് (59) ഇന്നലെ രാവിലെ നായയുടെ കടിയേറ്റു. രാജുവിന്റെ അവസരോചിത ഇടപെടലിൽ നായ മറ്റുള്ളവരെ കടിക്കുന്നത് ഒഴിവായി. രാവിലെ വീട്ടുമുറ്റത്തേക്ക് ഇറങ്ങുന്നതിനിടെ മുൻവശത്തു കിടന്ന നായയെ രാജു ഓടിക്കാൻ ശ്രമിച്ചു. 

ഇതോടെ നായ തിരിഞ്ഞ് ആക്രമണം നടത്തി. രാജുവിന്റെ തുടയിലും കാലിലും കയ്യിലും കടിയേറ്റു. വീണ്ടും ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ രാജു നായയുടെ ചെവിയിൽ പിടിച്ചു നിർത്തി. തുടർന്നു നായയെ പുരയിടത്തിനു സമീപം കെട്ടിയിട്ടു. ഉച്ചയോടെ ഈ നായയെ ചത്ത നിലയിൽ കണ്ടെത്തി.

പേവിഷബാധ സംശയിച്ചതിനെത്തുടർ‌ന്നു പഞ്ചായത്ത്, മൃഗസംരക്ഷണ വകുപ്പ്, ആരോഗ്യവകുപ്പ് അധികൃതർ സ്ഥലത്തെത്തി. പരിശോധനയിൽ പേവിഷ ബാധ സ്ഥിരീകരിച്ചു.നായയുടെ കടിയേറ്റ രാജു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ ദിവസം രാത്രി 7.30യോടെ പറയതോട്ടം ഭാഗത്താണ് നായയുടെ ആക്രമണം ആദ്യം ഉണ്ടായത്.

വീട്ടുമുറ്റത്തു നിന്ന 8 വയസ്സുകാരിയെ നായ ആക്രമിച്ച ശേഷം ഓടിപ്പോയ നായ സമീപമുള്ള വീടുകളിലെ കാലികളെയും നായ്ക്കളെയും ആക്രമിച്ചിരുന്നു. മെഡിക്കൽ‌ കോളജ് ആശുപത്രിയിൽ പെ‍ൺകുട്ടി ചികിത്സ തേടി. ഹെൽത്ത് ഇൻസ്പെക്ടർ സന്ധ്യ ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് അധികൃതർ സ്ഥലത്ത് എത്തി. നായയുടെ കടിയേറ്റ മൃഗങ്ങളെ നിരീക്ഷണത്തിലാക്കി. ഇവയെ പരിചരിച്ച 5 പേർക്കു പേവിഷ പ്രതിരോധ വാക്സീൻ എടുത്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com