ബ്രസീലിനും കേരളത്തിനും ഇടയിലുള്ള പാലമാണ് ഫുട്ബോൾ. ഉദ്യോഗസ്ഥ സമ്മേളനത്തിന് എത്തിയ ബ്രസീൽ ഷെർപ്പ സർക്യൂസിന് ആദ്യ കാഴ്ചയിലേ കേരളം ഇഷ്ടമായി. ഒറ്റ വാചകത്തിൽ ആ ഇഷ്ടത്തെ അദ്ദേഹം വെളിപ്പെടുത്തി – ‘മടങ്ങിവരണമെന്ന ആഗ്രഹവും പേറിയുള്ള തിരിച്ചുപോകലുകൾ എപ്പോഴും മനോഹരമാണ്; കുടുംബത്തോടൊപ്പം ഞാൻ ഇനിയും ഇവിടെ വരും’. കേരളത്തിൽ കണ്ട ബ്രസീൽ ആരാധകരെക്കുറിച്ച്, ഇരുരാജ്യങ്ങളുടെയും വികസനക്കുതിപ്പിനെക്കുറിച്ച് സർക്യൂസ് ‘മനോരമ’യോട് മനസ്സു തുറക്കുന്നു.
കാൽപന്തിന്റെ ലോകം
കേരളത്തിൽ ഫുട്ബോളാണ് ഹരം എന്നറിയാം. ലോകകപ്പ് സമയത്ത് ബ്രസീൽ പതാകയുടെ നിറം പൂശിയ വീടുകളെക്കുറിച്ചും ജലാശയങ്ങളിൽ സ്ഥാപിച്ച ഫ്ലെക്സുകളെക്കുറിച്ചുമെല്ലാം കേട്ടറിഞ്ഞിരുന്നു. ഇവിടെ പരിചയപ്പെട്ട സാധാരണക്കാരെല്ലാം ബ്രസീലിയൻ ഫുട്ബോൾ താരങ്ങളെക്കുറിച്ചാണ് ചോദിക്കുന്നത്.
ബ്രസീലിൽ വനിതാ ഫുട്ബോൾ പുതിയ തരംഗമാവുകയണ്. മികച്ച വനിതാ താരങ്ങളെ വാർത്തെടുക്കാനുള്ള ശ്രമത്തിലാണ് ഞങ്ങൾ. ഇന്ത്യയിലും മികച്ച വനിതാ ഫുട്ബോൾ ടീം ഉണ്ടാകട്ടെ. അവരൊരുമിച്ചുള്ള മാച്ചിനായി കാത്തിരിക്കാം.
ഒന്നിച്ചുമുന്നോട്ട്
ദാരിദ്ര്യ നിർമാർജനമാണു ബ്രസീലിന്റെയും ഇന്ത്യയുടെയും മുന്നിലുള്ള പ്രധാന വെല്ലുവിളി. സുസ്ഥിര വികസനമാണ് ഇരുരാജ്യങ്ങളുടെയും ലക്ഷ്യം. വനം, ജലലഭ്യത, ശാക്തീകരിക്കപ്പെട്ട കാർഷിക മേഖല, ജൈവവൈവിധ്യം എന്നിവ കൊണ്ടെല്ലാം സമ്പന്നമാണ് ബ്രസീൽ. ഇത്തരം ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ ഇന്ത്യയിലുമുണ്ട്. ഒന്നിച്ചുള്ള വികസനമാണ് ഇരു രാജ്യങ്ങളുടെയും ലക്ഷ്യം.
ഭക്ഷണം ഇഷ്ടം, എരിവ് കഠിനം
ഇന്ത്യൻ വിഭവങ്ങൾ ഒന്നിനൊന്നു മെച്ചം. മത്സ്യവിഭവങ്ങളുടെ ആരാധകനാണ് ഞാൻ. മിതമായ എരിവ് മാത്രമാണ് കഴിക്കാറുള്ളത്. ചുവന്ന നിറമുള്ള മീൻ കറി കഴിക്കാൻ ശ്രമിച്ചപ്പോൾ എരിവു കൂടുതലെന്നു പറഞ്ഞ് ഉദ്യോഗസ്ഥർ പിന്തിരിപ്പിച്ചു. അതിന്റെ മണവും നിറവുമെല്ലാം കൊതിപ്പിക്കുന്നുണ്ടായിരുന്നു. അതു കഴിക്കാനാകാതെ പോയതിൽ വിഷമമുണ്ട്. ചെമ്മീൻ, കൊഞ്ച്, മീൻ മാങ്ങാക്കറി എന്നിവയെല്ലാം ഇഷ്ടമായി.