ADVERTISEMENT

വൈക്കം ∙ സത്യഗ്രഹ സമര ശതാബ്ദി ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിൽ ലക്ഷം പേർ പങ്കെടുക്കുമെന്ന് മന്ത്രിമാരായ സജി ചെറിയാനും വി. എൻ വാസവനും അറിയിച്ചു. വൈക്കം ബീച്ചിലെ ഒരുക്കം നേരിട്ടു വിലയിരുത്തുകയായിരുന്നു മന്ത്രിമാർ. 15000 പേർക്ക് ഇരിക്കാവുന്ന വലിയ പന്തലാണ് തയാറാക്കിയിട്ടുള്ളത്. സുരക്ഷാ - ഗതാഗത ക്രമീകരണങ്ങളടക്കം മന്ത്രിമാർ വിലയിരുത്തി. മെഡിക്കൽ സംഘം, അഗ്നിരക്ഷാ സേന, പൊലീസ് എന്നിവ ഏർപ്പെടുത്തിയിട്ടുള്ള ക്രമീകരണം വിലയിരുത്തി.

സി.കെ. ആശ എംഎൽഎ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, ജില്ലാ കലക്ടർ ഡോ. പി.കെ ജയശ്രീ, ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്, വൈക്കം എസിപി നകുൽ ദേശ്മുഖ്, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, ആർഡിഒ പി.ജി രാജേന്ദ്ര ബാബു, ജില്ലാ ഇൻഫർമേഷൻ ഓഫിസർ എ. അരുൺ കുമാർ, പൊതുമരാമത്ത് കെട്ടിടവിഭാഗം എക്‌സിക്യൂട്ടിവ് എൻജിനീയർ പി. ശ്രീലേഖ, തഹസിൽദാർ ടി.എൻ. വിജയൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

പാർക്കിങ് ഇങ്ങനെ: എറണാകുളം ഭാഗത്തു നിന്നു വരുന്ന പ്രമുഖർക്ക് വൈക്കം പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് ഗ്രൗണ്ടിലാണ് പാർക്കിങ് ഒരുക്കിയിരിക്കുന്നത്. 

∙ എറണാകുളത്ത് നിന്നു വരുന്ന ചെറു വാഹനങ്ങൾ വൈക്കം പോസ്റ്റ് ഓഫിസ് ജംക്‌ഷനിൽ നിർത്തി യാത്രക്കാരെ ഇറക്കിയശേഷം മടിയത്തറ സ്‌കൂൾ, നാഗമ്പൂഴി മന, വർമ സ്‌കൂൾ, ഉദയനാപുരം ക്ഷേത്ര പരിസരം, ചിറമേൽ ഓഡിറ്റോറിയം ഗ്രൗണ്ട്, കൂട്ടുമ്മേൽ സ്‌കൂൾ പരിസരം, മറവന്തുരുത്ത് സ്‌കൂൾ ഗ്രൗണ്ട്, കാട്ടിക്കുന്ന് മോസ്‌ക് ഓഡിറ്റോറിയം, പഞ്ഞിപ്പാലം പാലത്തിന് പടിഞ്ഞാറ് വശം, പഞ്ഞിപ്പാലത്തിന് കിഴക്ക് വശം എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.
വലിയ വാഹനങ്ങൾ നാനാടം ആതുരാശ്രമം സ്‌കൂൾ ഗ്രൗണ്ടിലും സാരംഗി യാർഡിന് എതിർ വശവും പാർക്ക് ചെയ്യണം.

∙ കോട്ടയം ഭാഗത്തു നിന്നു വരുന്ന ചെറുവാഹനങ്ങൾ ചാലപറമ്പ് ഓപ്പൺ ഗ്രൗണ്ട്, വടയാർ മാർസ്ലീബ സ്‌കൂൾ, തലയോലപ്പറമ്പ് എ.ജെ ജോൺ ഹൈസ്‌കൂൾ, കടുത്തുരുത്തി സെന്റ് മൈക്കിൾസ്, തിരുപുറം ക്ഷേത്ര മൈതാനം, ആപ്പാഞ്ചിറ പോളിടെക്‌നിക്, തലയോലപ്പറമ്പ് ഡിബി കോളജ്, ചക്കുങ്കൽ ഓയിൽ മിൽ ഗ്രൗണ്ട്, ചക്കുങ്കൽ ഓയിൽ മില്ലിന് എതിർവശം, വല്ലകം അരീക്കുളങ്ങര ക്ഷേത്രം ഗ്രൗണ്ട്, പെരുന്തട്ട് ഗ്രൗണ്ട്, കരിക്കോട് ദേവി വിലാസം എൻഎസ്എസ് ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് പാർക്ക് ചെയ്യേണ്ടത്.
കോട്ടയത്ത് നിന്നുള്ള വലിയ വാഹനങ്ങൾ കീഴൂർ സെന്റ് ജോസഫ് സ്‌കൂൾ ഗ്രൗണ്ട്, ഭവൻസ് സ്‌കൂൾ ഗ്രൗണ്ട്, പുളിഞ്ചുവട് യാർഡ്, തലയോലപ്പറമ്പ് സെന്റ് ജോർജ് എച്ച്എസ്എസ്, സെന്റ് ജോർജ് എച്ച്എസ്, വടയാർ ക്ഷേത്ര മൈതാനം, വല്ലകം സെന്റ് മേരീസ് സ്‌കൂൾ മൈതാനം എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.

∙ ആലപ്പുഴ ഭാഗത്തു നിന്നു വരുന്ന ചെറുവാഹനങ്ങൾ വാഴമന ആർടിഒ ടെസ്റ്റിങ് ഗ്രൗണ്ട്, വൈക്കത്തുപള്ളി ഗ്രൗണ്ട്, മൂത്തേടത്തുകാവ് ക്ഷേത്ര മൈതാനം, ചെമ്മനത്തുകര ക്ഷേത്ര മൈതാനം, ചെമ്മനത്തുക്കര സെന്റ് ആന്റണീസ് പള്ളി, കൊട്ടാരപ്പള്ളി സെന്റ് സെബാസ്റ്റ്യൻസ് പള്ളി മൈതാനം, ഹെറിറ്റേജ് ഹോട്ടൽ പ്ലാസ ഗ്രൗണ്ട്, പള്ളിയാട് എസ്എൻ യുപിഎസ്, ഉല്ലല എൻഎസ്എസ് സ്‌കൂൾ ഗ്രൗണ്ട്, ഉല്ലല പള്ളി മൈതാനം, കൊതവറ കോളജ്, കൊതവറ പള്ളി, കോൺവന്റ് സ്‌കൂൾ, മൂത്തേടത്ത് കാവ് അമല സ്‌കൂൾ, പുത്തൻകാവ് കെ.പി എം.എച്ച്.എസ് സ്‌കൂൾ, പൈനുങ്കല്ലിന് വടക്കുവശം, എസ്എസ് ബാറ്ററി കടയ്ക്ക് എതിർവശം, ബോയ്‌സ് സ്‌കൂൾ ഗ്രൗണ്ട്, മൂത്തേടത്തുകാവ് ക്ഷേത്രം ആറാട്ടുകടവ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.ആലപ്പുഴയിൽ നിന്നുള്ള വലിയ വാഹനങ്ങൾ തോട്ടുവക്കം ഇൻലാൻഡ് വാട്ടർ യാർഡിലും വാഴമന ഫയർ സ്റ്റേഷനിലും ലിങ്ക് റോഡിന്റെ തെക്കേ അറ്റത്ത് പെയിന്റ് കടയ്ക്ക് സമീപവുമാണ് പാർക്ക് ചെയ്യേണ്ടത്.

വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തോട് അനുബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ പരിപാടി നടക്കുന്ന വേദിയിൽ സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിക്കുന്ന ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്.                      ചിത്രം: മനോരമ
വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തോട് അനുബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ പരിപാടി നടക്കുന്ന വേദിയിൽ സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിക്കുന്ന ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്. ചിത്രം: മനോരമ

വൈക്കം നഗരം കനത്ത സുരക്ഷയിൽ

വൈക്കം ∙ നഗരം മുൻപെങ്ങും കണ്ടിട്ടില്ലാത്ത കനത്ത സുരക്ഷയിൽ. കേരളം, തമിഴ്നാട് മുഖ്യമന്ത്രിമാർ, സംസ്ഥാനത്തെ മന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കുന്ന ചടങ്ങിൽ പഴുതില്ലാത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. തമിഴ്നാട്ടിൽ നിന്നു മാത്രം 80 ബസുകളിൽ ആളുകൾ പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നുണ്ട്. 1000 പൊലീസുകാരെയാണു സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. അഡീഷനൽ എസ്പി ഷാജു പോളിനാണ് വേദിയുടെ സുരക്ഷാ ചുമതല. ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവർ ഇന്നലെ രണ്ടു തവണ വേദിക്കും പരിസരത്തും പരിശോധന നടത്തി. ഇന്നു വീണ്ടും പരിശോധന നടത്തും. 

വേദിക്കു മുന്നിൽ മഫ്തിയിൽ പൊലീസിനെ നിയോഗിക്കും. വേദിയുടെ പിറകിലും നിരീക്ഷണത്തിനായി പൊലീസുണ്ടാകും. പരിപാടിയിൽ പങ്കെടുക്കാനെത്തുന്നവരെ പരിശോധിച്ച ശേഷമേ അകത്തേക്കു കടത്തി വിടൂ. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്, അഡിഷനൽ എസ്പി ഷാജു പോൾ, ഇന്റലിജൻസ് എസ്പി പി. വാഹിദ്, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ഷാജു വർഗീസ്, ഇന്റലിജൻസ് ഡിവൈഎസ്പി മുഹമ്മദ് ഇസ്മയിൽ എന്നിവർ സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിച്ചു.  ഇവന്റ് ഡയറക്ടർ അൻവർ പള്ളിക്കരയുമായും പൊലീസ് ഉദ്യോഗസ്ഥർ ചർച്ച നടത്തി. 

മനോരമയുടെ പത്ര, ചിത്ര  പ്രദർശനത്തിൽ തിരക്കേറുന്നു

വൈക്കം ∙ വഴി നടക്കാനുള്ള അവകാശത്തിനായി പോരാടി നേടിയ വിജയത്തിന്റെ ശതാബ്ദിയിൽ മലയാള മനോരമ ഒരുക്കുന്ന പത്ര, ചിത്ര പ്രദർശനത്തിൽ തിരക്കേറുന്നു. വൈക്കം സത്യഗ്രഹത്തിന്റെ കഥ പറയുന്ന പ്രദർശനം വൈക്കം സത്യഗ്രഹ സ്മാരക ഹാളിലാണു നടക്കുന്നത്. സ്വാതന്ത്ര്യസമര കാലത്തെ ചിത്രങ്ങളും ഗാന്ധിജിയുടെ അപൂർവ ചിത്രങ്ങളും പ്രദർശനത്തിലുണ്ട്. വൈക്കം സമരനായകരെപ്പറ്റിയുള്ള വിവരങ്ങൾ വായിക്കാൻ അവസരമുണ്ട്. ഇതു ചരിത്രവിദ്യാർഥികൾക്കും ഗവേഷകർക്കും അറിവു പകരും. വൈക്കം സത്യഗ്രഹത്തെപ്പറ്റി മനോരമ പ്രസിദ്ധീകരിച്ച വാർത്തകളും ചിത്രങ്ങളും പ്രദർശനത്തിൽ കാണാം.രാവിലെ 10 മുതലാണു പ്രദർശനം. പ്രവേശനം സൗജന്യം. പ്രദർശനം നാളെ സമാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com