ADVERTISEMENT

വൈക്കം ∙ വീരപോരാട്ടത്തിന്റെ ചരിത്രമുറങ്ങുന്ന കായൽക്കരയിലേക്കു പുഴപോലെ ജനം ഒഴുകിയെത്തി. വൈക്കം സത്യഗ്രഹ സമരത്തിന്റെ ജ്വലിക്കുന്ന ചരിത്രം നെഞ്ചേറ്റിയായിരുന്നു ആ വരവ്. സംസ്ഥാന സർക്കാരിന്റെ സത്യഗ്രഹ സമര ശതാബ്ദി ആഘോഷം നാടു നെഞ്ചിലേറ്റി. ഉച്ചമുതൽ തന്നെ സമ്മേളനനഗരയിലേക്കു ജനത്തിന്റെ ഒഴുക്ക് തുടങ്ങി.

   വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിനു ശേഷം മടങ്ങുന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനൊപ്പം വേദിയിൽ മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടി, കെ.രാധാകൃഷ്ണൻ, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, മുഖ്യമന്ത്രി പിണറായി വിജയൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, മന്ത്രിമാരായ സജി ചെറിയാൻ, വി.എൻ.വാസവൻ, ജോസ് കെ.മാണി എംപി എന്നിവർ.
വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിനു ശേഷം മടങ്ങുന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനൊപ്പം വേദിയിൽ മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടി, കെ.രാധാകൃഷ്ണൻ, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, മുഖ്യമന്ത്രി പിണറായി വിജയൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, മന്ത്രിമാരായ സജി ചെറിയാൻ, വി.എൻ.വാസവൻ, ജോസ് കെ.മാണി എംപി എന്നിവർ.

രാവിലെ കുമരകത്തെ ഹോട്ടലിലെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തിയാണു സ്വാഗതം ചെയ്തത്. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം തന്നെ കോട്ടയത്തെത്തിയിരുന്നു. വൈകിട്ട് 3.45നു പിണറായി വിജയൻ വലിയകവലയിലെത്തി. 3.55നു സ്റ്റാലിനുമെത്തി.

  വൈക്കത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ എന്നിവർ വലിയകവലയിലെ തന്തൈ പെരിയാർ സ്മാരകത്തിലുള്ള പെരിയാറിന്റെ പൂർണകായ പ്രതിമയിൽ പുഷ്പാർച്ചനയ്ക്കു ശേഷം കൂപ്പു കൈകളോടെ.
വൈക്കത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ എന്നിവർ വലിയകവലയിലെ തന്തൈ പെരിയാർ സ്മാരകത്തിലുള്ള പെരിയാറിന്റെ പൂർണകായ പ്രതിമയിൽ പുഷ്പാർച്ചനയ്ക്കു ശേഷം കൂപ്പു കൈകളോടെ.

പുഷ്പാർച്ചനയ്ക്കു ശേഷം ജാനകി രാമചന്ദ്രന്റെ വീട്ടിലേക്കു സ്റ്റാലിൻ പോയതോടെ പിണറായി സമ്മേളനനഗരിയിലേക്കു തിരിച്ചു. ഇവിടെയെത്തി സ്റ്റാലിന്റെ വരവിനായി കാത്തു നിന്നു. 4.20നു സ്റ്റാലിനുമെത്തി. ഇരുവരും ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തു വേദിയിലേക്കു കയറി. ഹർഷാരവത്തോടെയാണ് ഇരുവരെയും ജനം വരവേറ്റത്. അപ്പോഴേക്കും കായൽക്കരയിലെ വലിയ വേദിയും പിന്നിട്ട് ബോട്ടുജെട്ടിയും കവിഞ്ഞു ജനം നിറഞ്ഞിരുന്നു.

തമിഴ്നാട്ടിൽ നിന്ന് 80 ബസുകളിൽ ആളുകളെത്തിയിരുന്നു. ‘ദ്രാവിഡ ഭാഷയിൽ ഉൾപ്പെട്ട മലയാളം സംസാരിക്കുന്ന മലയാളികളേ’ എന്ന് അഭിസംബോധന ചെയ്തു മലയാളത്തിലാണു സ്റ്റാലിൻ പ്രസംഗം ആരംഭിച്ചത്. ഡിഎംകെ ട്രഷറർ ടി.ആർ.ബാലു എംപി, സിപിഎം തമിഴ്നാട്   സെക്രട്ടറി കെ.ബാലകൃഷ്ണൻ എന്നിവരും സ്റ്റാലിനൊപ്പമുണ്ടായിരുന്നു.

പിണറായിയും ഞാനും രണ്ട് ഉടലുംഒരേ ചിന്തയുമുള്ളവർ: സ്റ്റാലിൻ

രണ്ട് ഉടലും ഒരേ ചിന്തയുമുള്ള രണ്ടു പേരാണു താനും മുഖ്യമന്ത്രി പിണറായി വിജയനുമെന്നു തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. വൈക്കം സത്യഗ്രഹം നൽകുന്ന സന്ദേശം ഉൾക്കൊണ്ട് ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്റ്റാലിന്റെ പ്രസംഗത്തിൽ നിന്ന്: തമിഴ്നാട്ടിൽ ഈറോഡ്, ശുചീന്ദ്രം, തിരുവണ്ണാമലൈ, മധുര, തിരുച്ചിറപ്പള്ളി, മയിലാടുതുറൈ എന്നിവിടങ്ങളിൽ നടന്ന ക്ഷേത്രപ്രവേശന സമരത്തിനു നിമിത്തമായതു വൈക്കം സത്യഗ്രഹ സമരമായിരുന്നു. വൈക്കം സമരമാണു മഹർ സമരത്തിനു നേതൃത്വം നൽകാൻ പ്രേരിപ്പിച്ചതെന്നു ഡോ. ബി.ആർ.അംബേദ്കർ എഴുതിയിട്ടുണ്ട്. 

തൊട്ടുകൂടായ്മയ്‌ക്കെതിരായ സമരങ്ങളിൽ മഹാത്മാഗാന്ധി കൂടുതൽ ശ്രദ്ധചെലുത്തിയതും വൈക്കം സമരത്തിന്റെ പ്രേരണയിലാണ്. ശൂദ്രരെന്നും പഞ്ചമരെന്നും വിളിക്കപ്പെടുന്ന അടിച്ചമർത്തപ്പെട്ട ജനതയുടെ ഉന്നമനത്തിനായി വർഷങ്ങളായി കേരളത്തിലും തമിഴ്നാട്ടിലും നവീകരണ പ്രസ്ഥാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

വൈക്കം സമരത്തിൽ 19 സത്യഗ്രഹികൾ അറസ്റ്റിലായതോടെ കോൺഗ്രസ് നേതാക്കൾ പെരിയാർ ഇ.വി.രാമസ്വാമി നായ്ക്കർക്കു കത്തെഴുതി. വൈക്കത്തെത്തി സമരത്തിനു ജീവൻ നൽകണം എന്നായിരുന്നു ഉള്ളടക്കം. പെരിയാർ ഇവിടെയെത്തി ജനങ്ങളെ ബോധവൽക്കരിച്ചു. പ്രസംഗവിലക്കു ലംഘിച്ചതിനു പെരിയാറെയും കോവൈ അയ്യമുത്തുവിനെയും തടവിലാക്കി.

 തമിഴ്നാട് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റും ഈറോഡ് മുനിസിപ്പൽ കൗൺസിൽ ചെയർമാനുമായിരുന്ന ഇ.വി.രാമസാമി നായ്ക്കറെ കൊള്ളക്കാർക്കും കൊലപാതകികൾക്കുമൊപ്പമാണു പാർപ്പിച്ചതെന്നു കെ.പി.കേശവമേനോൻ എഴുതിയിട്ടുണ്ട്. പെരിയാറിന്റെ ഭാര്യ നാഗമ്മയ്യരും സഹോദരി കണ്ണമ്മാളും സമരത്തിനെത്തി. 74 ദിവസം പെരിയാർ ജയിലിൽ കിടന്നു. 67 ദിവസം സമരം ചെയ്തു. 141 ദിവസമാണു വൈക്കം സമരത്തിനായി അദ്ദേഹം നീക്കിവച്ചത്.

വൈക്കം സമരം വിജയംവരിച്ചപ്പോൾ പെരിയാറിനെ അന്നത്തെ നേതാക്കൾ അഭിനന്ദിച്ചു. 100 വർഷം പിന്നിട്ടിട്ടും തമിഴ്നാടിനെ കേരളം മറന്നില്ല എന്നതിനു തെളിവാണു തനിക്കു ലഭിച്ച ക്ഷണമെന്നും സ്റ്റാലിൻ പറഞ്ഞു.

പോരാട്ടത്തിൽ കേരളവും തമിഴ്നാടും ഒന്നിച്ചുനിന്നു: പിണറായി വിജയൻ

പോരാട്ടത്തിൽ ഒരുമിച്ചുനിൽക്കുക എന്ന വലിയ മാതൃകയാണു വൈക്കം സത്യഗ്രഹം മുന്നോട്ടുവയ്ക്കുന്നതെന്നും തമിഴ്നാടും കേരളവും അതിൽ ഒരുമിച്ചുനിന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.എല്ലാവിഭാഗം ജനങ്ങളും രാഷ്ട്രീയ പ്രസ്ഥാനവും ഒന്നിച്ചു നിന്ന സമരമായിരുന്നു വൈക്കത്തേത്. ഒരുമിച്ചു ചേരേണ്ടതായ മനസ്സ് വരുംകാലത്തും ഉണ്ടാകും. അതു വലിയ സാഹോദര്യമായി ശക്തിപ്പെടും.

സത്യഗ്രഹത്തിന്റെ പ്രൗഢിക്കു ചേരുന്ന സ്മാരകം നിർമിക്കും. ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമിയും അയ്യങ്കാളിയും ഉൾപ്പെടെയുള്ളവരുടെ സന്ദേശങ്ങളുടെ പ്രചോദനമില്ലായിരുന്നുവെങ്കിൽ ഇതുപോലൊരു പുരോഗമന മുന്നേറ്റമുണ്ടാകുമായിരുന്നില്ല. ചാതുർവർണ്യത്തിന്റെ ജീർണതയ്‌ക്കെതിരെയുള്ള യുദ്ധകാഹളമായിരുന്നു വൈക്കത്തേത്. ക്ഷേത്ര പ്രവേശനം അടക്കമുള്ള നവോത്ഥാന മുന്നേറ്റങ്ങൾക്കു വഴി തെളിച്ചതും വൈക്കം സത്യഗ്രഹത്തെത്തുടർന്നു വന്ന സമരപരമ്പരകളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com