ADVERTISEMENT

കാഞ്ഞിരപ്പള്ളി∙ പുണ്യമാസമായ റമസാനിലെ  വ്രതാനുഷ്ഠാനങ്ങളിൽനിന്നു നേടിയ ആത്മ ചൈതന്യത്തിന്റെ നിറവിൽ മുസ്‌ലിം സമൂഹം ചെറിയ പെരുന്നാൾ ആഘോഷത്തിന് ഒരുങ്ങി. റമസാനിലെ പ്രാർഥനകളിലൂടെയും ദാനധർമങ്ങളിലൂടെയും (സക്കാത്ത്) മനസ്സും ശരീരവും വിശുദ്ധീകരിച്ചാണു വിശ്വാസികൾ പെരുന്നാൾ ആഘോഷത്തിനു തയാറെടുക്കുന്നത്. മസ്ജിദുകളിൽ പെരുന്നാൾ നമസ്കാരത്തിനുള്ള ഒരുക്കം പൂർത്തിയായി. റമസാൻ വിപണിയും സജീവം.

പ്രാർഥനയ്ക്കു സജ്ജം

പെരുന്നാൾ ദിവസം വിശ്വാസികൾക്ക് നമസ്കരിക്കാൻ മസ്ജിദുകളിലും ഈദ് ഗാഹുകളിലും സൗകര്യങ്ങളൊരുക്കി. സ്ത്രീകൾക്ക് നമസ്കാരം നിർവഹിക്കാൻ‍ പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വ്രതാനുഷ്ഠാനത്തിൽ നേടിയ പവിത്രതയും ചൈതന്യവും ജീവിതത്തിൽ കാത്തുസൂക്ഷിക്കാമെന്ന പ്രതിജ്ഞയോടെയാണു വിശ്വാസികൾ നമസ്കാരം നിർവഹിക്കുക. നമസ്കാരശേഷം വിശ്വാസികൾ ആശ്ലേഷിച്ചും ഹസ്തദാനം നടത്തിയും   ആശംസകൾ നേരും.

വസ്ത്രവിപണി

പുതിയ വസ്ത്രങ്ങളുടുത്തും മൈലാഞ്ചിയിട്ടും പെരുന്നാളിനെ വരവേൽക്കാനുള്ള തയാറെടുപ്പിലാണ് വിശ്വാസികൾ. പുതുവസ്ത്രങ്ങൾ വാങ്ങാൻ വസ്ത്രവ്യാപാര സ്ഥാപനങ്ങളിൽ വൻതിരക്കാണ്. വിപണി ലക്ഷ്യമിട്ട് വിപുലമായ ശേഖരം സ്ഥാപനങ്ങൾ ഒരുക്കിയിട്ടുണ്ട്. കുടുംബാംഗങ്ങൾക്കൊപ്പം ബന്ധുക്കൾക്കും പാവപ്പെട്ടവർക്കും പുതുവസ്ത്രങ്ങൾ നൽകുന്നത് ആഘോഷങ്ങളുടെ ഭാഗമാണ്. വസ്ത്രങ്ങൾക്ക് ഇണങ്ങുന്ന നവീന മോഡലുകളുമായി  ആഭരണശാലകളും ചെരുപ്പുകടകളും സുഗന്ധദ്രവ്യക്കടകളും സജീവമാണ്. ‍

പഴങ്ങളും മധുരവും 

ഈന്തപ്പഴം, കാരയ്ക്ക, കശുവണ്ടി, ഉണക്ക മുന്തിരി, ബദാം  എന്നിവയാണു റമസാൻ വിപണിയിലെ പ്രചാരമുള്ള ഇനങ്ങൾ. ഓറഞ്ച്, തണ്ണിമത്തൻ, മധുരനാരങ്ങ തുടങ്ങിയ പഴവർഗങ്ങളും വിപണിയിൽ ധാരാളമായി എത്തി. നോമ്പുതുറയിലെയും ഇഫ്താർ വിരുന്നുകളിലെയും പ്രധാന വിഭവങ്ങളാണ് ഇവയെല്ലാം.വിഭവങ്ങളുമായി ‍ ബേക്കറികളും മിഠായിക്കടകളും സജ്ജമായി. കുട്ടികൾ, ബന്ധുക്കൾ, സഹപ്രവർത്തകർ, അയൽവാസികൾ തുടങ്ങിയവർക്കെല്ലാം പെരുന്നാൾ ദിവസം  മധുര പലഹാര വിതരണം ഉണ്ടാകും. 

വിരുന്നൊരുക്കാൻ

വിഭവസമൃദ്ധമായ വിരുന്നൊരുക്കുന്നതിനു വിഭവങ്ങളുമായി ബിരിയാണിക്കടകൾ, മാംസ,മത്സ്യ വ്യാപാര സ്ഥാപനങ്ങൾ എന്നിവയും തയാറെടുത്തു.  ചിക്കനു കിലോഗ്രാമിനു 2 മുതൽ 5 രൂപ വരെ വില കൂടി. ആട്, പോത്ത് ഇറച്ചികൾക്കു വിലവർധനയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com