ഞീഴൂർ ∙ രോഗിയായ ഗൃഹനാഥന്റെ നിർധന കുടുംബത്തിന് സുമനസ്സുകളുടെ സഹായത്തോടെ കിടപ്പാടം നിർമിച്ചു നൽകാൻ ഞീഴൂർ ഒരുമ ചാരിറ്റബിൾ സൊസൈറ്റി. വയലാ ഇടച്ചേരിയിൽ സുധനനും കുടുംബത്തിനുമാണു വീട് നിർമിച്ചു നൽകാൻ സഹായം തേടുന്നത്. ഏതു സമയവും ഇടിഞ്ഞു വീഴാറായ വീട്ടിൽ തോടിന്റെ കരയിലാണ് സുധനനും ഭാര്യയും മകളും താമസിക്കുന്നത്. മുംബൈയിൽ തുണി മില്ലിൽ ജോലി ചെയ്തു കൊണ്ടിരുന്ന സുധനൻ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് നാട്ടിൽ തിരിച്ചെത്തിയത്. 5 വർഷത്തെ ചികിത്സ സുധനന്റെ സമ്പാദ്യം മുഴുവൻ തീർക്കുകയും, ജോലി ചെയ്യാൻ കഴിയാത്ത സ്ഥിതിയിൽ എത്തുകയും ചെയ്തു. കോട്ടയം മെഡിക്കൽ കോളജ്, ജില്ലാ ആശുപത്രി, , കുറവിലങ്ങാട് സർക്കാർ ആശുപത്രി, പാലാ സർക്കാർ ആശുപത്രി എന്നിവിടങ്ങളിലാണ് ചികിത്സകൾ നടത്തുന്നത്.
അസുഖ ബാധിതയായ ഭാര്യയും ആറാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയും പലരുടെയും സഹായത്താലാണ് ദിവസങ്ങൾ തള്ളി നീക്കുന്നത്. ശ്വസന സഹായി ഇല്ലാതെ ജീവിതം നിലനിർത്താൻ പറ്റാത്ത സുധനന് പൊടി ഒട്ടും ഏൽക്കാൻ പറ്റാത്ത അവസ്ഥയിലാണ്. സുരക്ഷിതമായ വീട് ഇല്ലാത്തതിനാൽ കൂടുതൽ ദിവസവും ആശുപത്രികളിൽ തന്നെയാണ് ഈ കുടുംബം കഴിയുന്നത്.ഭക്ഷണത്തിനും മറ്റുമായി ഒരുമയുടെ സഹായവും ലഭിക്കുന്നുണ്ട്. ഈ കുടുംബത്തിന് കുറവിലങ്ങാട് പഞ്ചായത്തിൽ ഒൻപതാം വാർഡിൽ മൂന്ന് സെന്റ് സ്ഥലം എസ്.ആർ. ഷിജോ നൽകിയിരുന്നു. ഇവിടെ വീട് നിർമിച്ചു നൽകാനാണ് ഞീഴൂർ ഒരുമ ചാരിറ്റബിൾ സൊസൈറ്റിയുടെ ശ്രമമെന്ന് ഒരുമയുടെ പ്രസിഡന്റ് കെ.കെ.ജോസ് പ്രകാശ് പറഞ്ഞു. ഇതിനായി സുമനസ്സുകളുടെ സഹായം തേടുകയാണ് ഒരുമ . കാനറ ബാങ്ക് ഞീഴൂർ. അക്കൗണ്ട് നമ്പർ – 6018261000010, ഐ എഫ് എസ് സി കോഡ് – സി എൻ ആർ ബി– 0006018.