എരുമേലി ∙ സുപ്രീം കോടതിയുടെ അനുകൂല വിധിയോടെ ബഫർ സോൺ ഭീഷണിയിൽ നിന്ന് ഒഴിവാകുന്നത് 2 പഞ്ചായത്തുകളിലെ 1940 നിർമിതികൾ. എരുമേലി, കോരുത്തോട് പഞ്ചായത്തുകളാണ് ബഫർസോൺ പരിധിയിൽ ഉളളത്. എരുമേലി പഞ്ചായത്തിലെ 13– ാം വാർഡ് ആയ മൂക്കൻപെട്ടി പൂർണമായും 14–ാം വാർഡ് ആയ കണമല ഭാഗികമായും ബഫർസോൺ പരിധിയിലാണ്.
കോരുത്തോട് പഞ്ചായത്തിൽ ഒന്നാം വാർഡിലെ ഒരേക്കർ കോളനി, നാലാം വാർഡായ പൊട്ടംകുളം പ്രദേശം ഭാഗികമായും അഞ്ചാം വാർഡിലെ കണ്ടങ്കയം, ചണ്ണപ്ലാവ് പ്രദേശങ്ങൾ, ആറാം വാർഡിലെ കോരുത്തോട് ടൗൺ, ഏഴാം വാർഡിലെ കുഴിമാവ് പ്രദേശങ്ങൾ മുഴുവനായും ബഫർ സോൺ പരിധിയിലാണ്.
കോരുത്തോട് പഞ്ചായത്തിലെ 4 വാർഡുകളിലായി 1090 പരാതികളും എരുമേലി പഞ്ചായത്തിലെ 2 വാർഡുകളിലായി 850 പരാതികളും ആണ് ആദ്യഘട്ടത്തിൽ വിദഗ്ധ സമിതിക്കു മുൻപാകെ സമർപ്പിക്കപ്പെട്ടത്.മൂക്കൻപെട്ടി വാർഡിൽ 450 നിർമിതികളും കണമല വാർഡിൽ 400 നിർമിതികളുമാണു ബഫർ സോൺ പരിധിയിൽ ഉള്ളത്. ഇരു വാർഡുകളിലും 400 കുടുംബങ്ങളാണ് ബഫർ സോൺ പരിധിയിൽ താമസിക്കുന്നത്. കോരുത്തോട് പഞ്ചായത്തിലെ നാലു വാർഡുകളിൽ ആയിരത്തിൽപരം കുടുംബങ്ങളാണു ബഫർസോൺ പരിധിയിൽ താമസിക്കുന്നത്.
വീടുകൾ, കാലിത്തൊഴുത്ത്, കിണറുകൾ തുടങ്ങിയ നിർമിതികൾ ജിയോ ടാഗ് വഴി മുൻപ് രേഖപ്പെടുത്തിയിരുന്നു. പഞ്ചായത്ത്, റവന്യു, വനംവകുപ്പ് എന്നിവരുടെ സംയുക്ത പരിശോധനയിൽ വീടുകളിൽ നേരിട്ട് എത്തി ജിയോ ടാഗിങ് വഴിയാണ് മുൻപ് അപ്പീൽ ഫയൽ ചെയ്തത്. അതേസമയം എരുമേലി പഞ്ചായത്തിലെ 11, 12 വാർഡുകളായ പമ്പാവാലി, എയ്ഞ്ചൽവാലി പ്രദേശങ്ങൾ വനംവകുപ്പ് രേഖകളിൽ വനഭൂമിയെന്നു രേഖപ്പെടുത്തിയിട്ടുള്ളതിനാൽ ജിയോ ടാഗ് ചെയ്യാൻ കഴിഞ്ഞില്ല.
ഈ വാർഡുകൾ പെരിയാർ ടൈഗർ റിസർവിന്റെ ഭാഗമായുള്ള വനഭൂമിയാണെന്ന വനംവകുപ്പ് രേഖകൾ മൂലമാണ് ഇവിടെ അപ്പീൽ സമർപ്പിക്കാൻ കഴിയാതിരുന്നത്. ഈ വാർഡുകളിൽ നേരത്തെ പഞ്ചായത്തിന്റെയും സന്നദ്ധ പ്രവർത്തകരുടെയും സഹായത്തോടെ ഹെൽപ് ഡെസ്ക് ആരംഭിച്ച് 1200 നിർമിതി അപേക്ഷകൾ സ്വീകരിച്ച് ഓൺലൈൻ വഴി സമർപ്പിക്കാൻ ശ്രമിച്ചിരുന്നു. 502 ഹെക്ടർ പ്രദേശമാണ് ഈ രണ്ടു വാർഡുകളിലായി ഉള്ളത്.