ADVERTISEMENT

കടുത്തുരുത്തി ∙ ഓരുമുട്ടുകൾ യഥാസമയം പൊളിച്ചുനീക്കാത്തതിനാൽ അപ്പർ കുട്ടനാടൻ മേഖലയിലെ തോടുകളിൽ മലിനജലം നിറയുന്നു. തണ്ണീർമുക്കം ബണ്ടും കരിയാർ സ്പിൽവേയും തുറന്നിട്ടും പഞ്ചായത്തും ഇറിഗേഷൻ വകുപ്പും ഇടത്തോടുകളിൽ സ്ഥാപിച്ചിരിക്കുന്ന ഓരുമുട്ടുകൾ തുറക്കാത്തതാണ് മലിനജലം നിറഞ്ഞ് ആയിരക്കണക്കിന് കുടുംബങ്ങൾക്കു പകർച്ചവ്യാധി ഭീഷണിയായി മാറിയിരിക്കുന്നത്.

കടുത്തുരുത്തി ചുള്ളിത്തോട്ടിൽ മാലിന്യം നിറഞ്ഞുകിടക്കുന്നു.
കടുത്തുരുത്തി ചുള്ളിത്തോട്ടിൽ മാലിന്യം നിറഞ്ഞുകിടക്കുന്നു.

കാർഷികമേഖലയിൽ ഉപ്പുവെള്ളം കയറാതിരിക്കാൻ ഡിസംബറിൽ തണ്ണീർമുക്കം ബണ്ട് അടയ്ക്കുന്നതോടെയാണ് ഇടത്തോടുകളിലും ഓരുമുട്ടുകൾ ഇടുന്നത്. പഞ്ചായത്തുകളും ഇറിഗേഷൻ വകുപ്പും ചേർന്ന് പത്തിലധികം തോടുകളിൽ സ്ഥാപിച്ച മുട്ടുകൾ യഥാസമയം നീക്കാത്തതാണ് പ്രതിസന്ധി. തണ്ണീർമുക്കം ബണ്ട് തുറന്ന് ഒരു മാസമായിട്ടും തോടുകളിലെ ഓരുമുട്ടുകൾ നീക്കിയിട്ടില്ല. ഇതിനിടെ വേനൽമഴ പെയ്തത് നീരൊഴുക്ക് നിലച്ച തോടുകളിൽ വൻതോതിൽ മാലിന്യം നിറഞ്ഞു മലിനജലം ഉയരാൻ കാരണമായി.

വേമ്പനാട്ട് കായലിന്റെ കൈവഴികളായ തോടുകളിലെ നീരൊഴുക്കില്ലാതായ ഭാഗത്ത് പായലുകളും പുൽക്കെട്ടുകളും നിറഞ്ഞതോടെ വെള്ളം ഉപയോഗയോഗ്യമല്ലാത്ത സ്ഥിതിയിലാണ്. കെവി കനാലിൽ അന്ധകാര തോട്ടിൽ നിന്നെത്തുന്ന മാലിന്യമടക്കം നിറഞ്ഞ് കറുത്ത് ദുർഗന്ധം പരത്തുന്ന സ്ഥിതിയിലാണ്. പലയിടത്തും മത്സ്യങ്ങളടക്കം ചത്തുപൊങ്ങാൻ തുടങ്ങി. താലൂക്കിലെ പത്തിലധികം തോടുകളിൽ ഇങ്ങനെ മാലിന്യം കെട്ടിക്കിടക്കാൻ തുടങ്ങിയതോടെ അപ്പർ കുട്ടനാടൻ മേഖലയിൽ മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് കുടുംബങ്ങൾ രോഗഭീതിയിലാണ്.

ഓരുമുട്ടുകൾ സ്ഥാപിക്കുമ്പോൾ തോടുകളിലേക്കുള്ള മാലിന്യം തള്ളൽ തടയാത്തതും യഥാസമയം ഓരുമുട്ട് നീക്കാൻ പഞ്ചായത്തുകൾ തയാറാകാത്തതും ഗുരുതര പ്രതിസന്ധിക്ക് കാരണമാകുന്നു. വൈക്കത്ത് വാഴമനയിലും കെവി കനാലിലും ഇറിഗേഷൻ വകുപ്പ് മുട്ടുകൾ സ്ഥാപിക്കുമ്പോൾ മറ്റിടങ്ങളിൽ പഞ്ചായത്തുകളാണ് ഓരുമുട്ടുകൾ ഇടുന്നത്. ഓരുമുട്ടുകൾ സ്ഥാപിക്കുന്ന കരാറുകാരൻ തന്നെയാണ് യഥാസമയം ഇതു പൊളിച്ചുനീക്കേണ്ടത്. എന്നാൽ കരാർ നൽകുന്നവരുടെ അനാസ്ഥ കൊണ്ടാണ് യഥാസമയം ഓരുമുട്ടുകൾ നീക്കാത്തതെന്ന് ആക്ഷേപം ഉയരുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com