ADVERTISEMENT

കോട്ടയം∙  ബംഗാൾ ഗവർണർ സി.വി ആനന്ദബോസിന്റെ ഹൃദയം കവർന്ന താഴത്തങ്ങാടിയിലെ കൂറ്റൻ ഇലഞ്ഞിമരത്തിന്റെ തൈകൾ ഇനി കൊൽക്കത്ത രാജ്ഭവന്റെ അങ്കണത്തിൽ വേരുറപ്പിക്കും. സുഹൃത്തായ കെ.ജെ ജേക്കബും (രാജു കൊച്ചേട്ട്) കുടുംബവുമാണ് ഇലഞ്ഞിമരത്തിന്റെ തൈകൾ കൊൽക്കത്തയിലെത്തിച്ചത്. 

ഇന്നലെ ഉച്ചയോടെ ആഘോഷമായിത്തന്നെ ഇലഞ്ഞിത്തൈകൾ നട്ടു. സാംസ്കാരിക പരിപാടികളും ആനന്ദബോസ് കവിതകളുടെ ആലാപനവും നടന്നു. പാമ്പാടി മൂലക്കാട്ട് ബിജു തോമസിന്റെയും അനുവിന്റെയും മകൾ ബെൽവ മറിയം ബിജുവാണ് ആനന്ദബോസ് രചിച്ച കവിതകൾ ആലപിച്ചത്. സി.വി.ആനന്ദബോസും പത്നി ലക്ഷ്മിയും ഒരോ തൈകൾ നട്ടു. മൂന്നാമത്തെ തൈ രാജു കൊച്ചേട്ടും ബെൽവയും ചേർന്നാണ് നട്ടത്. ആ തൈയ്ക്ക് കൊച്ചേട്ട് ഇലഞ്ഞി എന്ന പേരു നൽകി.

മേയ് ആറിന് താഴത്തങ്ങാടിയിലെ രാജു കൊച്ചേട്ടിന്റെ വീട്ടിലെത്തിയ ആനന്ദബോസ് തനിക്ക് പ്രിയങ്കരമായ കൂറ്റൻ ഇലഞ്ഞിമരത്തിന്റെ ചുവട്ടിലിരുന്ന് തന്റെ തന്നെ കവിത ആലപിച്ച് കേട്ടിരുന്നു. അന്ന് എല്ലാവരെയും ബംഗാളിലേക്ക് ക്ഷണിച്ചിട്ടാണ് അദ്ദേഹം പോയത്.ഒരിക്കൽ ജേക്കബിന്റെ താഴത്തങ്ങാടി കൊച്ചേട്ടു വീട്ടിൽ എത്തിയപ്പോഴാണ് കൂറ്റൻ ഇലഞ്ഞിമരം ആനന്ദബോസ് കണ്ടതും തന്റെ മുത്തശ്ശി ഗൗരിയമ്മയുടെ ഓർമകൾ ഉണർത്തിയ ഇലഞ്ഞിമരത്തെ ഇഷ്ടപ്പെട്ടതും.

‘ഇലഞ്ഞിപ്പൂക്കൾ ചിരിക്കും കാലം’ എന്ന പേര് പെട്ടെന്നു മനസ്സിലേക്കു വരികയും തന്റെ കഥാസമാഹാരത്തിന് ആനന്ദബോസ് ആ പേര് നൽകുകയുമായിരുന്നു. അതിലെ രണ്ടു കഥകൾ മനോരമ ഞായാറാഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്നു. ബംഗാളിലിരുന്ന് ആ ഇലഞ്ഞിമരത്തെക്കുറിച്ച് എഴുതിയ കവിതയാണ് ബെൽവ ആലപിച്ചത്. തങ്ങളുടെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങളാണ് രാജ്ഭവനിൽ ഉണ്ടായതെന്ന് രാജു കൊച്ചേട്ടും ബെൽവയും പറഞ്ഞു. അഖില കേരള ബാലജനസഖ്യം കോട്ടയം മേഖലാ പ്രസിഡന്റാണ് ബെൽവ. 28ന് ഇരുകുടുംബങ്ങളും നാട്ടിൽ മടങ്ങിയെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com