ADVERTISEMENT

കൂരോപ്പട ∙ കളിച്ചുല്ലസിക്കേണ്ട  അവധിക്കാലത്ത് കുടുംബത്തിനു താങ്ങായി വിദ്യാർഥിനികളായ സഹോദരിമാർ. കൂരോപ്പടയിലെ നാട്ടുവഴികളിലൂടെ ലോട്ടറി ടിക്കറ്റുമായി എന്നും രാവിലെ അർച്ചനയും അഞ്ജനയും നടക്കും, ദിവസവും ഏഴു കിലോമീറ്ററോളം. രണ്ടു പേരും ചേർന്ന് 150 ഭാഗ്യക്കുറികൾ വരെ വിൽക്കും.കോത്തല ഇടയ്ക്കാട്ടുകുന്ന് ഗവ.വിഎച്ച്എസ്എസിലെ പ്ലസ്ടു  വിദ്യാർഥിനിയാണ് അർച്ചന എസ്.മധു. അനുജത്തി അഞ്ജന എസ്.മധു ഇതേ സ്കൂളിൽ ഒൻപതാം  ക്ലാസിൽ. ആറാം ക്ലാസിൽ പഠിക്കുന്ന ആദിത്യനും ഒന്നാം ക്ലാസിലുള്ള ആൽബർട്ടും അനിയന്മാർ.

മേസ്തിരിപ്പണിയാണു പിതാവ് മധുവിന്. രണ്ടു വർഷം മുൻപു കെട്ടിടത്തിൽ നിന്നു വീണു ഗുരുതരമായി പരുക്കേറ്റതോടെ ജോലി ചെയ്യാൻ കഴിയാതെയായി. അങ്ങനെ കൂരോപ്പട അമ്പലം ജംക്‌ഷനിൽ മധു തുടങ്ങിയതാണ് ലോട്ടറി വിൽപന. അമ്മ സുലേഖ ഒരു വീട്ടിൽ ജോലി നോക്കുന്നു. സ്വന്തമായി വീടില്ല. ഷെഡിലാണ് താമസം.

വീട്ടിലെ കാര്യങ്ങൾ മുന്നോട്ടു പോകാൻ എല്ലാവരും ചേരണമെന്നു തോന്നിയതോടെ അർച്ചനയാണ് ആദ്യം ഭാഗ്യക്കുറി വിൽപന ആരംഭിച്ചത്.  അതോടെ അനുജത്തിയും ചേച്ചിയുടെ വഴി പിന്തുടർന്നു. ചെറിയൊരു തോൾ ബാഗും തൂക്കി കയ്യിൽ ഭാഗ്യവുമായി ‌എത്തുന്ന സഹോദരിമാർ നാട്ടുകാർക്കു പരിചിതരായി.  വിറ്റ ടിക്കറ്റുകൾക്ക് ചെറിയ സമ്മാനം പല തവണ അടിച്ചു. വലിയ സമ്മാനം സ്വപ്നം കണ്ട് ജീവിതവഴിയിലൂടെ ഇവർ മുന്നോട്ട്.  അവധി കഴിഞ്ഞാലോ? ശനിയും ഞായറും അവധിയാണല്ലോ, അന്നും ജോലി ചെയ്യും – രണ്ടാളും പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com