ADVERTISEMENT

കുമരകം ∙ കോട്ടയം– കുമരകം റൂട്ടിലെ കോണത്താറ്റ് പാലം പണി ഇനി എന്ന് തീരും? ആറ് മാസം കൊണ്ടു പണി തീർക്കും എന്ന് പ്രഖ്യാപിച്ചു നിർമാണോദ്ഘാടനം നടത്തിയെങ്കിലും ഒരു വർഷം കഴിഞ്ഞിട്ടും പാലം പണി പൂർത്തിയായിട്ടില്ല. കഴിഞ്ഞ നവംബർ ഒന്നിനു പഴയ പാലം പൊളിച്ചു നിർമാണം തുടങ്ങി. ആദ്യനാളുകളിൽ രാവും പകലുമായി പണികൾ നടന്നെങ്കിലും പിന്നീട് പലപ്പോഴും പകൽ പോലും ഇല്ലാതായി.പാലത്തിന്റെ പ്രവേശന പാതയുടെ ഡിസൈൻ എങ്ങനെയാകണം എന്നതു സംബന്ധിച്ച് തീരുമാനം ഉണ്ടാകാത്തതു നിർമാണ ജോലി കുറെ ദിവസത്തേക്ക് എങ്കിലും മുടങ്ങാൻ കാരണമായി. പ്രവേശന പാത കോൺക്രീറ്റ് പാലമായി വേണോ അതോ ആധുനിക രീതിയിലെ നിർമാണം വേണോ എന്നതു സംബന്ധിച്ചു ഇനി തീരുമാനം എടുക്കണം.

പ്രവേശന പാത പാലം രീതിയിൽ പണിയണമെങ്കിൽ 8 കോടിയും ആധുനിക നിർമാണ രീതി ഉപയോഗിക്കുകയാണെങ്കിൽ 11 കോടി രൂപയും വേണ്ടി വരുമെന്നാണു ഏകദേശ കണക്ക്. പാലം പണി ഇപ്പോൾ മന്ദഗതിയിലാണു നീങ്ങുന്നത്. അസ്തിവാരപ്പണി തീർത്തു മുകളിലേക്കുള്ള കോൺക്രീറ്റിനുള്ള ജോലികളാണ് ഇപ്പോൾ നടക്കുന്നത്. പാലത്തിന്റെ ഉയരം കുറച്ചാണു പണിയുന്നതെന്ന ആക്ഷേപം ഉയർന്നു. ജല നിരപ്പ് ഉയർന്നാൽ വലിയ ജലവാഹനങ്ങൾക്കു പാലത്തിനടിയിലൂടെ പോകാൻ കഴിയാതെ വരുമെന്നു പറയുന്നു. 2018 ലെ വെള്ളപ്പൊക്കം കണക്കാക്കി അതിൽ നിന്നു 2 മീറ്റർ കൂടി ഉയരത്തിലാണു പാലം പണിയുന്നതെന്നുമാണു അധികൃതരുടെ വിശദീകരണം.

ജനത്തിനു ദുരിതം

പാലം പണി നീളുന്നതനുസരിച്ച് നാട്ടുകാരുടെയും ഇതുവഴിയുള്ള യാത്രക്കാരുടെയും ദുരിതവും നീളുകയാണ്. നിലവിലെ പാലം പൊളിച്ചതോടെ തെക്കൻ മേഖലയിലേക്കുള്ള ബസ് സർവീസ് നിലച്ചിരുന്നു. ഇവിടെ ഉള്ളവർ യാത്രാക്ലേശം അനുഭവിച്ചിട്ടും പരിഹാരം കാണാൻ അധികൃതർക്കു കഴിഞ്ഞിട്ടില്ല. ബസ് യാത്രക്കാർ ഇടയ്ക്ക് ഇറങ്ങി മറുകരയിൽ എത്തി അടുത്ത ബസിൽ കയറി യാത്ര തുടരണം. വലിയ വാഹനങ്ങൾക്കു വരാൻ കഴിയാതായി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com