ADVERTISEMENT

കോട്ടയം ∙ ജില്ലയിൽ ഇനിയും 5 കേന്ദ്രങ്ങളിൽ കൂടി അഗ്നിരക്ഷാനിലയം അത്യാവശ്യമെന്നു ജില്ലാ ഫയർ സ്റ്റേഷൻ ഓഫിസ്റിപ്പോർട്ട്. ചിങ്ങവനം, ഏറ്റുമാനൂർ, കുമരകം, എരുമേലി, മുണ്ടക്കയം എന്നിവിടങ്ങളിലാണ് ഓഫിസുകൾ വേണ്ടത്.രാജ്യാന്തര വിനോദ സഞ്ചാര മേഖലയെന്ന നിലയിലാണു കുമരകം പട്ടികയിൽ സ്ഥാനം പിടിച്ചത്. കുമരകത്ത് അഗ്നിരക്ഷാനിലയം ആരംഭിക്കുന്നതിനു സംസ്ഥാന ബജറ്റിൽ 4 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പക്ഷേ, സ്ഥലം സംബന്ധിച്ച് അന്തിമ അനുമതിയായിട്ടില്ല. ചിങ്ങവനത്തെ നിലയം സംബന്ധിച്ച് ആദ്യഘട്ട റിപ്പോർട്ട് മാത്രമാണു നിലവിലുള്ളത്. സ്ഥലം കണ്ടെത്തുന്നതിനുള്ള അന്വേഷണം ആരംഭിച്ചിട്ടില്ല. പൂവന്തുരുത്ത്, കുറിച്ചി, പനച്ചിക്കാട് മേഖലകളെ ഉദ്ദേശിച്ചാണു ചിങ്ങവനത്ത് അഗ്നിരക്ഷാ നിലയം വേണമെന്ന ആവശ്യം.

മുണ്ടക്കയത്തും നടപടിക്രമം പുരോഗമിച്ചിട്ടില്ല. ഇവിടെ കെഎസ്ആർടിസിക്കു വേണ്ടി ഒരുക്കിയ സ്ഥലം നൽകാൻ പഞ്ചായത്ത് ഒരുക്കമാണ്. പക്ഷേ സർക്കാരിന്റെ അനുമതി വേണം. ഏറ്റുമാനൂരിൽ കോടതിപ്പടിക്കു സമീപം സ്ഥലം അനുവദിച്ചിട്ടുണ്ട്. എന്നാൽ കെട്ടിടം പണിക്ക് അനുമതി കിട്ടിയിട്ടില്ല. സർക്കാരിന്റെ അന്തിമ റിപ്പോർട്ട് കാത്തിരിക്കുകയാണ്. മെഡിക്കൽ കോളജ് കൂടി ഉൾപ്പെടുത്തി ഏറ്റുമാനൂരിൽ നിലയം വേണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. ഗതാഗതക്കുരുക്ക് മറികടന്നു കോട്ടയം, കടുത്തുരുത്തി എന്നിവിടങ്ങളിൽ നിന്നാണ് അഗ്നിരക്ഷാസേന ഇപ്പോൾ ഏറ്റുമാനൂരിൽ എത്തുന്നത്. എരുമേലിയിൽ ഭരണാനുമതിയുണ്ട്. സ്ഥലം അന്വേഷിച്ചു വരികയാണെന്നാണു വിവരം. നിർദിഷ്ട വിമാനത്താവളം കൂടി കണക്കിലെടുത്തു നടപടിക്രമം വേഗത്തിലാക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. ശബരിമല തീർഥാടന വേളയിൽ ലക്ഷക്കണക്കിനു ഭക്തരാണ് എരുമേലി വഴി പോകുന്നത്.

സ്വന്തം ജില്ലയിൽ നിയമനം വേണം

കോട്ടയം ജില്ലയിൽ നിന്നുള്ള ഉദ്യോഗസ്ഥരെ പരമാവധി ജില്ലയിൽ തന്നെ നിയമിക്കാൻ നടപടി വേണമെന്നാണു ജീവനക്കാരുടെ ആവശ്യം. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നുള്ളവരാണു മിക്ക കേന്ദ്രത്തിലും. കോട്ടയത്തു നിന്നുള്ളവരെ സമീപ ജില്ലകളിലേക്കു സ്ഥലംമാറ്റി. സ്ഥലപരിചയമുള്ള ജീവനക്കാർ  കൂടുതലുണ്ടായാൽ രക്ഷാപ്രവർത്തനത്തിനു വേഗം കൂട്ടാൻ കഴിയുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

വേനലായാൽ തീപ്പേടി, മഴക്കാലമായാൽ പ്രളയഭീതി. ഏതു കാലത്തും ആശങ്കയിലാണു ജില്ല. ഒറ്റ വിളിയിൽ ഓടിയെത്തേണ്ട അഗ്നിരക്ഷാ സേനാംഗങ്ങൾക്കു പക്ഷേ, അടിസ്ഥാനസൗകര്യം പോലും ഒരുക്കിയിട്ടില്ല. തിരുവനന്തപുരം കഴക്കൂട്ടത്ത് സേനാംഗം രക്ഷാപ്രവർത്തനത്തിനിടെ മരിച്ച പശ്ചാത്തലത്തിൽ ജില്ലയിലെ അഗ്നിരക്ഷാ നിലയങ്ങളുടെ സ്ഥിതി സംബന്ധിച്ച് അന്വേഷണം...

ബോട്ടുണ്ട്; എൻജിനില്ല!

കോട്ടയം∙ ജില്ലയിലെ അഗ്നിരക്ഷാ നിലയങ്ങളുടെ അവസ്ഥ ഇങ്ങനെ:

പാലാ

3 ഫയർ എൻജിനുകളാണ് ഇവിടെ ഉണ്ടായിരുന്നത്. ഇതിൽ 2 വാഹനം 15 വർഷ പരിധി കഴിഞ്ഞതിനാൽ 2 മാസമായി ഉപയോഗിക്കുന്നില്ല. റബർ ബോട്ട് ഉണ്ടെങ്കിലും എൻജിൻ ഇല്ല. 40 ജീവനക്കാരാണുള്ളത്. 46 പേർ വേണം.

പാമ്പാടി

അടിസ്ഥാനസൗകര്യം നന്നേ കുറവ്. 2005ൽ അനുവദിച്ച കേന്ദ്രത്തിന് ഇതുവരെ കെട്ടിടം നിർമിച്ചിട്ടില്ല. പഞ്ചായത്ത് 15 സെന്റ് സ്ഥലം അനുവദിച്ചിട്ടുണ്ടെങ്കിലും നടപടിയില്ല. മഴ നനയാതെ സാധനങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യം പോലുമില്ല. ജീവനക്കാർ തന്നെ നിർമിച്ച ഷെഡിലും മറ്റുമാണ് സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്. 2 യൂണിറ്റ് വാഹനമുണ്ട്. ഒരു യൂണിറ്റ് വർക്‌ഷോപ്പിലാണ്.

കടുത്തുരുത്തി

സൗകര്യപ്രദമായ വാഹനസൗകര്യമില്ല. ഇട റോഡുകളിലും മറ്റും വലിയ വാഹനം പോകില്ല. പലപ്പോഴും രണ്ടും മൂന്നും കിലോമീറ്റർ ഉപകരണങ്ങളുമായി നടന്നു ചെന്നാണു രക്ഷാപ്രവർത്തനം നടത്തുന്നത്. സേനയ്ക്ക് ഒരു ജീപ്പുണ്ടായിരുന്നു. ഇതു കാലപ്പഴക്കത്താൽ ഉപേക്ഷിച്ചു. പകരം ജീപ്പ് നൽകിയിട്ടില്ല. അപകട സ്ഥലങ്ങളിൽ ബൈക്കുകളിലും മറ്റമെത്തി രക്ഷാപ്രവർത്തനം നടത്തേണ്ട സ്ഥിതിയുണ്ട്.

കാഞ്ഞിരപ്പള്ളി

സ്വന്തമായി കെട്ടിടമോ ആവശ്യത്തിനു വാഹനങ്ങളോ ഉപകരണങ്ങളോ ഇല്ല. ജീവനക്കാർക്കു വിശ്രമിക്കാനും സൗകര്യമില്ല; ശുദ്ധജല സൗകര്യം പോലുമില്ല. 1990ൽ സ്റ്റേഷൻ ആരംഭിച്ച കാലം മുതൽ വാടകക്കെട്ടിടത്തിലാണു പ്രവർത്തിക്കുന്നത്. 38 ജീവനക്കാർ ജോലി ചെയ്യുന്ന സ്റ്റേഷനിൽ ഒരു ഷിഫ്റ്റിൽ കുറഞ്ഞത് 15 പേരെങ്കിലും ഉണ്ടാവും. രാത്രി ഇവരിൽ പലരും ഗാരിജിലും വാഹനങ്ങളിലുമാണു വിശ്രമിക്കുന്നത്. വാഹനങ്ങൾ പാർക്ക് ചെയ്യാനും ഇടമില്ല.

ചങ്ങനാശേരി

ഓഫിസ് കെട്ടിടത്തിന്റെ പരിതാപകരമായ അവസ്ഥ സംബന്ധിച്ചു പലതവണ പരാതിപ്പെട്ടിട്ടും അറ്റകുറ്റപ്പണികൾക്കോ പുതിയ കെട്ടിടം നിർമിക്കുന്നതിനോ നടപടിയില്ല. കോൺക്രീറ്റ് ഇളകി ഉള്ളിലെ കമ്പി തെളിഞ്ഞ അവസ്ഥയാണു കെട്ടിടത്തിന്.

ഈരാറ്റുപേട്ട

മലയോര മേഖലയായതിനാൽ ചെറിയ വാഹനം ആവശ്യപ്പെട്ടു കത്തു നൽകിയിട്ടുണ്ട്. നിലവിൽ ഒരു ചെറിയ വാഹനമേ ഉള്ളൂ. മഴക്കാലത്തു മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശത്തേക്ക് ഒരു ആംബുലൻസും മറ്റൊരു വാഹനവും അടിയന്തരമായി ലഭിക്കണം.

കോട്ടയം

15 വർഷ കാലപരിധി പിന്നിട്ടപ്പോൾ ഒഴിവാക്കിയ വാഹനങ്ങൾക്കു പകരം ലഭിച്ചിട്ടില്ലെന്നു സ്റ്റേഷൻ ഓഫിസർ അനൂപ് സി. രവീന്ദ്രൻ പറഞ്ഞു. നിലവിൽ 14 വാഹനങ്ങളുണ്ട്. ജീവനക്കാരുടെ ക്ഷാമമില്ല. ഫയർ സേഫ്റ്റി ഓഫിസർ ഉൾപ്പെടെ 55 ജീവനക്കാരുണ്ട്.

വൈക്കം 

5000 ലീറ്റർ വെള്ളം കൊള്ളുന്ന 3 ഫയർ എൻജിനുകളുണ്ടായിരുന്നതിൽ 15 വർഷം കഴിഞ്ഞതിനെ തുടർന്ന് ഒരെണ്ണം മാറ്റി. മറ്റൊരെണ്ണം കേടായി.  ജില്ലയിലെ അഗ്നിരക്ഷാ കേന്ദ്രങ്ങളുടെ എണ്ണം: 8 (കോട്ടയം, പാമ്പാടി, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പാലാ, ഈരാറ്റുപേട്ട, വൈക്കം, കടുത്തുരുത്തി)ഇനി ആവശ്യമുള്ളവ: 5 (കുമരകം,ഏറ്റുമാനൂർ, എരുമേലി, ചിങ്ങവനം, മുണ്ടക്കയം) 6ജില്ലയിൽ ആവശ്യമുള്ള ഫയർ എൻജിനുകൾ

റജി വി.കുര്യാക്കോസ്  ജില്ലാ ഓഫിസർ 

‘‘ജില്ലാ ഫയർ സ്റ്റേഷൻ ഓഫിസിനു നൂതന സംവിധാനമുള്ള കെട്ടിടസമുച്ചയമാണു വേണ്ടത്. 3 ഓഫിസുകൾ ഇവിടെ പ്രവർത്തിക്കുന്നു. കോട്ടയം ഫയർ സ്റ്റേഷൻ, ജില്ലാ – മേഖല ഓഫിസ് എന്നിവ. 5 കോടിയുടെ പദ്ധതി സമർപ്പിച്ചിട്ടുണ്ട്.’’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com