ADVERTISEMENT

വൈക്കം ∙ കുരുന്നു മനസ്സുകളിൽ അറിവിന്റെ ആദ്യാക്ഷരം എഴുതിക്കൊടുത്തിരുന്ന നിലത്തെഴുത്ത് കളരികൾ അന്യമാകുന്ന ഈ കാലഘട്ടത്തിലും പ്രതാപം ചോരാതെ കുട്ടികളെ മണ്ണിൽ എഴുതി അക്ഷരങ്ങൾ പഠിപ്പിക്കുന്ന പാരമ്പര്യ നിലത്തെഴുത്ത് കളരി ഇന്നും വൈക്കത്തിനടുത്ത് പടിഞ്ഞാറേക്കരയിലുണ്ട്. പടിഞ്ഞാറേക്കര കരിപ്പാൽ രാധാകൃഷ്ണൻ(75) ആശാന്റെ അടുത്തു നിലത്തെഴുത്ത് പഠിക്കാൻ കുട്ടികളുടെ തിരക്ക് ഏറെ.പഴയകാലത്തു നാട്ടിൽ പുറങ്ങളിലെ സർവകലാശാലകളായിരുന്നു നിലത്തെഴുത്ത് കളരികൾ. പ്രഭാതങ്ങളിലും സായാഹ്നങ്ങളിലും എഴുത്തോലയും പിടിച്ചു കൊണ്ടു പോകുന്ന കുരുന്നുകൾ പതിവു കാഴ്ചയായിരുന്നു. പണ്ട് പനയോലയിലാണ് ആശാൻമാർ നാരായം കൊണ്ട് അക്ഷരം എഴുതിക്കൊടുത്തിരുന്നത്. 

കുട്ടികളെ കൊണ്ട് അക്ഷരം എഴുതിച്ചിരുന്നതു മണലിലും. മണ്ണിൽ ചൂണ്ടുവിരൽ കൊണ്ട് എഴുതുമ്പോൾ കുട്ടികൾക്ക് എളുപ്പത്തിൽ പഠിക്കാനാകും എന്നാണു രാധാകൃഷ്ണൻ ആശാൻ പറയുന്നത്. 50 വർഷത്തിൽ ഏറെയായി നിലത്തു വിരിച്ച മണലിൽ അറിവിന്റെ ആദ്യാക്ഷരം കുറിപ്പിക്കുന്നു.നിലത്തെഴുത്തു കളരികൾ ഇന്ന് അങ്കണവാടികളായും പ്രീ പ്രൈമറി ക്ലാസുകളുമായി മാറിയതേടെ നോട്ടു ബുക്കിന്റെ താളുകളിൽ കുട്ടികൾ അക്ഷരം എഴുതി തുടങ്ങി. ഇതോടെ ആശാൻകളരികൾ ആരും തിരിഞ്ഞു നോക്കാതായി. ഇപ്പോൾ ഇവിടെ 37കുട്ടികൾ പതിവായി നിലത്തെഴുത്തു പഠിക്കാൻ എത്തുന്നുണ്ട്. നൂറുകണക്കിനു കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകിയ രാധാകൃഷ്ണൻ ആശാനു വാർധക്യത്തിന്റെ അവശതകൾ ഉണ്ടെങ്കിലും പഠിക്കാൻ എത്തുന്ന കുട്ടികൾക്ക് അക്ഷരങ്ങൾ പറഞ്ഞു നൽകുമ്പോൾ അവശത അനുഭവപ്പെടാറില്ലെന്നാണു നാട്ടുകാരുടെ പക്ഷം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com