ADVERTISEMENT

കുമരകം ∙ ജലഅതോറിറ്റിയുടെ പൈപ്പ് പൊട്ടി കുമരകത്ത് ഒരു ദിവസം പാഴാകുന്നത് ആയിരക്കണക്കിനു ലീറ്റർ വെള്ളം. പഞ്ചായത്തിന്റെ മിക്ക വാർഡിൽ ചെന്നാലും പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നതു കാണാം. കുമരകത്തെ വിതരണത്തിനുള്ള വെള്ളം ശേഖരിക്കുന്ന ചന്തക്കവലയ്ക്കു സമീപത്തെ ഓവർ ഹെഡ് ടാങ്കിനു ഏതാനും മീറ്റർ മാറി പൈപ്പ് പൊട്ടി വെള്ളം ഒഴുകിയിട്ടും ജലഅതോറിറ്റി കണ്ടില്ലെന്നു നടിക്കുകയാണ്. തറയോടുകൾ പാകിയ റോഡിലാണു പൈപ്പ് പൊട്ടിയത്. വെള്ളം ഒഴുകി തറയോടുകളിൽ വഴുക്കൽ അനുഭവപ്പെടാൻ തുടങ്ങി.

ഇരുചക്രവാഹന യാത്രക്കാരും കാൽനടക്കാരും ഇവിടെ അപകടത്തിൽപെടുമെന്ന അവസ്ഥയായി. ബോട്ട് ജെട്ടിക്കു സമീപം പൈപ്പ് പൊട്ടി ബോട്ട് ദുരന്ത സ്മാരക മന്ദിരത്തിനു മുൻവശത്ത് വെള്ളക്കെട്ടാണ്. വെള്ളം കിടക്കുന്നതുമൂലം കെട്ടിടത്തിലേക്കു കയറാൻ മടിക്കുകയാണിപ്പോൾ. യാത്രക്കാരും വിനോദ സഞ്ചാരികളും. വെള്ളം ഒഴുകി സമീപത്തെ കടകളിൽ വരെ എത്തുന്നു. ചന്തപ്പാലത്തിനു വടക്കുവശത്തു പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. ആയിരക്കണക്കിനു ലീറ്റർ വെള്ളം നാട്ടുകാർക്കു പ്രയോജനപ്പെടാതെ പാഴാകുമ്പോഴും ജല അതോറിറ്റിക്കു കുലുക്കമില്ല. ഇതൊക്കെ എത്ര കണ്ടതാണെന്ന മട്ടിലാണു ജല അതോറിറ്റി അധികൃതർ.

വെള്ളക്കെട്ട് ഭീഷണിയിൽ  ഗവ. യുപി സ്കൂൾ 

കുമരകം ∙ മഴ പെയ്താൽ ഗവ. യുപി സ്കൂൾ മുറ്റം വെള്ളക്കെട്ടിലാകും. പുതിയ അധ്യയന വർഷം ആരംഭിക്കുന്ന ദിവസം മഴ ഉണ്ടായാൽ ആദ്യം ദിനം തന്നെ കുട്ടികൾ വെള്ളത്തിലൂടെ നടന്നു സ്കൂളിലേക്കു കയറേണ്ടി വരും. സ്കൂൾ മുറ്റം തറയോടുകൾ പാകിയിട്ടുണ്ടെങ്കിലും മഴ പെയ്താൽ വെള്ളം ഒഴുകി പോകാൻ മാർഗമില്ലാത്തതിനാൽ ഇവിടെ കെട്ടിക്കിടക്കും. മഴ തുടർച്ചയായി പെയ്താൽ വെള്ളക്കെട്ടു മാറില്ല. സ്കൂൾ മുറ്റം തുറന്നു കിടക്കുന്നതിനാൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പതിവാണ്. വലിയ വാഹനങ്ങൾ കയറി തറയോടുകൾ താഴ്ന്നതും വെള്ളക്കെട്ടിനു കാരണമായി. കുട്ടികൾക്കു കളിക്കാനുള്ള ഏക സ്ഥലമാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com