‘വികസനം തടഞ്ഞ് സർക്കാർ’; കോട്ടയത്തെ വികസന പദ്ധതികൾക്ക് സർക്കാർ ഉടക്കിടുന്നുവെന്ന് തിരുവഞ്ചൂർ

HIGHLIGHTS
  • കോട്ടയം നിയോജകമണ്ഡലത്തിലെ വികസന പദ്ധതികൾക്ക് സർക്കാർ ഉടക്കിടുന്നുവെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ
kanjikkuzhi
കഞ്ഞിക്കുഴി ജംക്‌ഷൻ.
SHARE

കോട്ടയം ∙ ട്രെയിനിന്റെ ചങ്ങല വലിച്ചുനിർത്തിയതു പോലെയാണു കോട്ടയം നിയോജകമണ്ഡലത്തിലെ വികസന പദ്ധതികൾ സർക്കാർ നിർത്തിയതെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. യുഡിഎഫ് ഭരണകാലത്തു നിർമാണം ആരംഭിച്ച പല പ്രവൃത്തികളും മുടങ്ങിയിട്ട് 8 വർഷമായി. 800 കോടിയോളം രൂപയുടെ വികസന പദ്ധതികളാണു മുടങ്ങിക്കിടക്കുന്നത്. കഞ്ഞിക്കുഴി മേൽപാലം, ആകാശപ്പാത, സ്പോർട്സ് കോളജ് തുടങ്ങി ഒട്ടേറെ നിർമാണങ്ങളാണു സർക്കാർ മാറിയതോടെ നിശ്ചലമായത്. പല പ്രതിപക്ഷ എംഎൽഎമാർക്കും അവരുടെ മണ്ഡലങ്ങളിൽ ഇതേ അവസ്ഥയാണ്. വേണ്ടിവന്നാൽ സർക്കാരിനെതിരെ ജനകീയപ്രക്ഷോഭം നടത്തുമെന്നും പറഞ്ഞു.

തിരുവഞ്ചൂർ‌ ചോദിക്കുന്നു...എന്തിന് സ്റ്റോപ് മെമ്മോ?

നടന്നുകൊണ്ടിരുന്ന നിർമാണങ്ങൾ പോലും സ്റ്റോപ്പ് മെമ്മോ കൊടുത്തു നിർത്തിവയ്ക്കുന്നതെന്തിന്? നിയോജകമണ്ഡലത്തിൽ നിന്നു വ്യക്തികളുടെയുൾപ്പെടെ 41 ഏക്കർ സ്ഥലമാണു പദ്ധതികൾക്കായി ഏറ്റെടുത്തു സർക്കാരിനു സൗജന്യമായി നൽകിയത്. ഖജനാവിൽ നിന്ന് ഒരു രൂപ പോലും ഇവിടെ സ്ഥലത്തിനു ചെലവു വന്നില്ല. 

സംസ്ഥാനത്തെ മറ്റേതെങ്കിലും നിയോജകമണ്ഡലം ഇങ്ങനെയുണ്ടെന്നു സർക്കാരിനു പറയാൻ കഴിയുമോ? കാത്തിരുന്നു മടുത്തിട്ട് ഒടുവിൽ എംഎൽഎ ഫണ്ടിൽ നിന്നു പണം നൽകിയാണു കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പൂർത്തിയാക്കിയത്. 

ഈരയിൽക്കടവ് – മണിപ്പുഴ ബൈപാസ് റോഡ് എംഎൽഎ ഫണ്ടിൽ നിന്ന് 2.83 കോടി അനുവദിച്ചാണു പൂർത്തിയായത്. 22 ഏക്കറോളം സ്ഥലം ബൈപാസിനായി സൗജന്യമായി ഉടമകൾ നൽകി. നാട്ടകം സിമന്റ് കവലയിൽ നിന്ന് ആരംഭിച്ച് തിരുവാതുക്കൽ കവലയിലെത്തുന്ന റോഡിന് 8.73 ഏക്കറോളം സ്ഥലം ഉടമകൾ സൗജന്യമായി നൽകി.

ഭരണം മാറിയപ്പോൾ നിന്നു പോയ പദ്ധതികളെകുറിച്ച് എംഎൽഎ പറയുന്നു:ആകാശപ്പാത

Kottayam Skywalk | File Photo: Manorama
കോട്ടയത്തെ ആകാശപാത (File Photo: Manorama)

മുടങ്ങിക്കിടക്കുന്ന ആകാശപ്പാതയുടെ നിർമാണം പൂർത്തിയാക്കാൻ കലക്ടറുടെ അധ്യക്ഷതയിൽ മന്ത്രിമാരായ ആന്റണി രാജുവിന്റെയും വി.എൻ.വാസവന്റെയും നേതൃത്വത്തിൽ ഒട്ടേറെ തവണ ചർച്ചകൾ നടന്നു. 5 കലക്ടർമാരാണ് ഇതിനിടയിൽ‌ സ്ഥലം മാറിയത്. ഇവരെല്ലാം പദ്ധതി പൂർത്തിയാക്കണമെന്നു റിപ്പോർട്ട് നൽകി. 

നാറ്റ്പാക് ശാസ്ത്രീയമായ പഠനത്തിനു ശേഷം മുന്നോട്ടുവച്ച പദ്ധതിയാണിത്. നിയമസഭയിലും പ്രശ്നം ഉന്നയിച്ചു. മന്ത്രിമാരെ നേരിട്ടും കണ്ടു. എന്നാൽ കൊല്ലത്തും തൃശൂരും ആരംഭിച്ചിട്ടും ഇവിടെ നടപടികളാരംഭിച്ചില്ല. ബാക്കി നിർമാണം ആരംഭിക്കാൻ ഒരു കോടി 65 ലക്ഷം രൂപ എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിക്കുമോ എന്നു ചോദിച്ച് കലക്ടർ കത്തു നൽകിയിരുന്നു. നൽകാമെന്നു മറുപടിയുണ്ടായിട്ടും പിന്നീടൊന്നും സംഭവിച്ചില്ല. ആരു കരാർ ഏറ്റെടുത്താലും നിർമാണം പൂർത്തിയായാൽ മതി.

കോടിമത രണ്ടാം പാലം

നിർമാണ പ്രവർത്തനം മുടങ്ങിയ, എംസി റോഡിലെ കോടിമത രണ്ടാം പാലം.
നിർമാണ പ്രവർത്തനം മുടങ്ങിയ, എംസി റോഡിലെ കോടിമത രണ്ടാം പാലം.

നഗരത്തിന്റെ പ്രവേശനകവാടത്തിൽ കൊടൂരാറിൽ പണിത പാലത്തിന്റെ കമ്പികളിൽ തുരുമ്പും വള്ളിച്ചെടികളും പടർന്നുകിടക്കുന്നു. 2015 ഓഗസ്റ്റിലാണു കോടിമതയിലെ പാലത്തിനു സമാന്തരമായി നിർമാണം തുടങ്ങിയത്. പാലത്തിലെ പുറമ്പോക്കിലെ 2 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു വർഷങ്ങളായിട്ടും നിർമാണം പുനരാരംഭിച്ചില്ല.

കഞ്ഞിക്കുഴി മേൽ‌പാലം

38 കോടി രൂപയ്ക്കു ടെൻഡർ ചെയ്ത നിർമാണമായിരുന്നു. 12 സെന്റ് സ്ഥലം കൂടി സർക്കാർ ഏറ്റെടുത്തിരുന്നെങ്കിൽ പദ്ധതി പൂർത്തിയാകുമായിരുന്നു. സ്ഥലം ഏറ്റെടുക്കാതെയായതോടെ കരാറുകാരൻ ഉപേക്ഷിച്ചുപോയി. കഞ്ഞിക്കുഴി ജംക്‌ഷനിലെ 5 പ്രധാന റോഡുകൾ വികസിപ്പിക്കുന്നതിനു കിഫ്ബിയിൽ നിന്നു വന്ന കത്ത് താൽക്കാലികമായെങ്കിലും പ്രതീക്ഷയാണ്. വകുപ്പുകൾ വേഗത്തിൽ നീങ്ങിയാൽ മാത്രമേ ഇതു പൂർത്തിയാക്കാൻ സാധിക്കൂ.

ചിങ്ങവനം സ്പോർട്സ് കോളജ്

കായികതാരങ്ങൾക്കു പ്രതീക്ഷ നൽകിയ പ്രഖ്യാപനമായിരുന്നു രാജ്യത്തെ തന്നെ ആദ്യത്തെ സ്പോർട്സ് കോളജ് ചിങ്ങവനത്ത് ആരംഭിക്കുമെന്നത്. ഐഐടി മാതൃകയിൽ ദേശീയ സ്ഥാപനമാക്കി മാറ്റുകയായിരുന്നു ലക്ഷ്യം. പൂട്ടിപ്പോയ ചിങ്ങവനം ഇലക്ട്രോ കെമിക്കൽസി (ടെസിൽ)ന്റെ 11.50 ഏക്കർ സ്ഥലത്താണ് ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ദേശിച്ചിരുന്നത്. 2016ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സ്പോർട്സ് കോളജിന്റെ നിർമാണപ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. സർക്കാ‍ർ മാറിയതോടെ പ്രദേശം കാടു കയറി.

നട്ടാശേരി റഗുലേറ്റർ കം ഓവർബ്രിജ്

 വേമ്പനാട് കായലിൽ നിന്നു മീനച്ചിലാറ്റിലേക്ക് ഓരുവെള്ളം കയറാതിരിക്കാനാണു നട്ടാശേരിയിൽ മീനച്ചിലാറിൽ റഗുലേറ്റർ കം ഓവർബ്രിജിന്റെ നിർമാണം 2015ൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിയായിരിക്കെ ആരംഭിച്ചത്. വിജയപുരം പഞ്ചായത്തിനെയും കോട്ടയം നഗരസഭയെയും ബന്ധിപ്പിച്ച് പാലത്തിനു മുകളിലൂടെ ഗതാഗതത്തിനും പദ്ധതിയിട്ടിരുന്നു. 6 തൂണുകൾ മാത്രമാണ് ഇപ്പോഴുള്ളത്.

മിനി സിവിൽ സ്റ്റേഷൻ അനക്സ്

മിനി സിവിൽ സ്റ്റേഷന് അനുബന്ധമായി നിർമിച്ച കെട്ടിടം പണി തീരാതെ കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. 3 നിലകൾക്കായി ബീമുകൾ ഉയർന്നതല്ലാതെ മറ്റു നടപടികളായില്ല. സിവിൽ സ്റ്റേഷൻ പരിമിതികൾക്കുള്ളിൽ തന്നെ പ്രവർത്തിക്കുന്നു.

ഇനിയും ഉണ്ട്...

ഏറ്റവും ഉയർന്ന പ്രദേശമായ തച്ചകുന്നിലെ താമസക്കാർക്കു ശുദ്ധജലമെത്തിക്കാനുള്ള തച്ചകുന്ന് ശുദ്ധജല പദ്ധതി, കായിക മത്സരങ്ങൾക്ക് 107 കോടിയുടെ ഗ്രീൻഫീൽഡ് സ്റ്റേഡിയം, വെള്ളൂത്തുരുത്തിയിൽ പാലം തുടങ്ങി ഒട്ടേറെ പദ്ധതികൾ മുടങ്ങിക്കിടക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA