ഇലവീഴാപ്പൂഞ്ചിറയും ഇല്ലിക്കക്കല്ലും ഇന്ത്യൻ ടൂറിസം മാപ്പിലേക്ക്

Mail This Article
മൂന്നിലവ് ∙ ഇലവീഴാപ്പൂഞ്ചിറയും ഇല്ലിക്കക്കല്ലും 3 മാസത്തിനുള്ളിൽ ഇന്ത്യൻ ടൂറിസം മാപ്പിൽ ഉൾപ്പെടുത്തുമെന്നു മാണി സി.കാപ്പൻ എംഎൽഎ. മൂന്നിലവ് മേച്ചാൽ പൗരസമിതിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വാഗമണ്ണുമായി ബന്ധിപ്പിച്ചു റോഡും റോപ്‌വേയും നിർമിക്കുന്നതിനുള്ള നടപടികൾ ഉണ്ടാകുമെന്നും പറഞ്ഞു.

ഭരണങ്ങാനം, രാമപുരം തീർഥാടന കേന്ദ്രങ്ങളെ പിൽഗ്രിം ടൂറിസം ഡെസ്റ്റിനേഷനിൽ ഉൾപ്പെടുത്തും.കാലവർഷ കെടുതിയിൽ തകർന്ന കടപുഴ പാലവും, മേച്ചാൽ റോഡും നിർമിക്കുന്നതിന് എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും പണം അനുവദിച്ചിരുന്നു. പാലാ ടൗണിൽ 4 കെട്ടിടം പണിത് മരിച്ച് കഴിയുമ്പോൾ മെമ്മോറിയിൽ എന്നെഴുതാൻ താൽപര്യമില്ലെന്നും ജീവിച്ചിരിക്കുമ്പോൾ എന്ത് ചെയ്യാൻ കഴിയുമെന്നതാണ് ചിന്തയെന്നും മാണി സി.കാപ്പൻ പറഞ്ഞു.
ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. മൂന്നിലവ് പഞ്ചായത്ത് പ്രസിഡന്റ് പി.എൽ.ജോസഫ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, റവ. പി.വി.ആൻഡ്രൂസ്, ഫാ. ഫ്രാൻസിസ് ഇടത്തിനാൽ, റവ. ബെൻ ആൽബർട്ട്. എം.ജി.ശേഖരൻ, ഷൈൻ പാറയിൽ, ടോമിച്ചൻ കുരിശുങ്കൽപറമ്പിൽ, വി.എസ്.ജോർജ്, കെ.ജെ.സൂസമ്മ പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.