ADVERTISEMENT

കോട്ടയം ∙ കാസർകോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു ട്രെയിൻ സർവീസ് ആരംഭിക്കാനുള്ള ഒരുക്കങ്ങൾക്കു റെയിൽവേക്കു വേണ്ടിവന്നതു 4 ദിവസം മാത്രം! കോട്ടയത്തു നിന്ന് ഒരു ട്രെയിൻ സർവീസ് ആരംഭിക്കാൻ 365 ദിവസം കഴി‍ഞ്ഞിട്ടും റെയിൽവേക്കു കഴിയുന്നില്ല. കേരളത്തിന് അനുവദിച്ച ആദ്യ വന്ദേഭാരത് എക്സ്പ്രസ് കാസർകോട്ടേക്കു നീട്ടിയെന്ന അറിയിപ്പ് ഇറങ്ങി 4 ദിവസത്തിനുള്ളിൽ വണ്ടിയുടെ ശുചീകരണം, വെള്ളം നിറയ്ക്കൽ തുടങ്ങിയ സംവിധാനങ്ങൾ കാസർകോട് മൂന്നാം പ്ലാറ്റ്ഫോമിൽ ഒരുക്കി പ്രീമിയം ട്രെയിൻ സർവീസ് ആരംഭിക്കാൻ റെയിൽവേക്കു സാധിച്ചു. കോട്ടയത്തെ 2 പ്ലാറ്റ്ഫോമുകളിൽ എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും ഒന്നും ചെയ്യാതിരിക്കുന്നതും ഇതേ റെയിൽവേ തന്നെ.

ഇരട്ടപ്പാതയോടെ സൗകര്യങ്ങൾ ഇരട്ടി 

∙ ഇരട്ടപ്പാതയുടെ ഭാഗമായി കോട്ടയം റെയിൽവേ സ്റ്റേഷനിൽ 2 പ്ലാറ്റ്ഫോമുകൾ അധികമായി വന്നു. ഇതോടെ പ്രധാന പ്ലാറ്റ്ഫോമുകളുടെ എണ്ണം അഞ്ചായി ഉയർന്നു. പ്രധാന ലൈനിൽ തടസ്സങ്ങൾ ഇല്ലാതെ കോട്ടയത്തു നിന്നു ട്രെയിൻ സർവീസ് ആരംഭിക്കാൻ 3 പ്ലാറ്റ്ഫോമുകൾ ലഭിച്ചു. എന്നാൽ ഈ സൗകര്യം ഉപയോഗിക്കാൻ വർഷം ഒന്നാകുമ്പോഴും നടപടികളില്ല. ട്രെയിൻ സർവീസ് തുടങ്ങുന്ന സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടത്തി സർവീസ് അവസാനിപ്പിക്കുന്ന സ്റ്റേഷനിൽ ശുചീകരണവും വെള്ളം നിറയ്ക്കലും നടത്തുന്ന പ്ലാറ്റ്ഫോം ടേൺ എറൗണ്ട് അടിസ്ഥാനത്തിലുള്ള ട്രെയിൻ സർവീസ് ഇപ്പോൾത്തന്നെ കോട്ടയത്തു നിന്ന് ആരംഭിക്കാവുന്നതേയുള്ളൂ. പക്ഷേ നടപടിയില്ല.

പിറ്റ്‌ലൈൻ ഇല്ല

∙ പുതിയ ട്രെയിൻ സർവീസ് ആരംഭിക്കുന്നതു സംബന്ധിച്ച ചർച്ചകളിൽ റെയിൽവേ ഉയർത്തിക്കാട്ടുന്ന പ്രധാന പോരായ്മ കോട്ടയത്തു പിറ്റ്‌ലൈൻ ഇല്ലെന്നാണ്. പ്ലാറ്റ്ഫോം ടേൺ എറൗണ്ട് അടിസ്ഥാനത്തിൽ സർവീസ് ആരംഭിക്കുന്നതു റെയിൽവേ പരിഗണിക്കുന്നില്ല. മുട്ടമ്പലം മുതൽ കോട്ടയം റെയിൽവേ സ്റ്റേഷൻ വരെ ഒരു കിലോമീറ്ററോളം നീളത്തിൽ ഇപ്പോൾ വെറുതേ കിടക്കുന്ന പഴയ ലൈൻ പിറ്റ്‌ലൈൻ ആക്കി മാറ്റാവുന്ന സാധ്യത പരിഗണിക്കണമെന്നും ആവശ്യമുണ്ട്.

  കോട്ടയത്തേക്ക് നീട്ടാവുന്ന ട്രെയിനുകൾ

1. തുരന്തോ എക്സ്പ്രസ്

∙ എറണാകുളത്ത് അവസാനിപ്പിക്കുന്ന മുംബൈ ലോകമാന്യതിലക്–എറണാകുളം തുരന്തോ എക്സ്പ്രസ് എറണാകുളത്തു യാത്ര അവസാനിപ്പിക്കുന്ന ട്രെയിൻ കോട്ടയത്തേക്കു നീട്ടിയാൽ കോട്ടയത്തു നിന്നു കൊങ്കൺ വഴി മുംബൈയിലേക്കു ട്രെയിൻ സർവീസ് ലഭിക്കും.

2. കാരയ്ക്കൽ – എറണാകുളം എക്സ്പ്രസ്

∙ കാരയ്ക്കലിൽ നിന്ന് എറണാകുളത്തെത്തുന്ന ഈ ട്രെയിനിന്റെ റേക്ക് ഉപയോഗിച്ച് എറണാകുളം– കോട്ടയം പാസഞ്ചർ സർവീസ് ഇപ്പോൾത്തന്നെ നടത്തുന്നുണ്ട്. 

കോട്ടയത്തേക്കു ട്രെയിൻ നീട്ടിയാൽ വേളാങ്കണ്ണി തീർഥാടകർക്കും കോട്ടയത്തു നിന്നു പ്രതിദിന ട്രെയിൻ സർവീസ് ലഭിക്കും.

  കോട്ടയത്ത് നിന്ന് ആരംഭിക്കാവുന്ന ട്രെയിനുകൾ

1. കോട്ടയം–മംഗളൂരു എക്സ്പ്രസ്

∙ ഏറ്റവും തിരക്കുള്ള റൂട്ട്. മംഗളൂരുവിൽ ട്രെയിൻ അറ്റകുറ്റപ്പണികൾക്കു സൗകര്യമുള്ളതിനാൽ കോട്ടയത്തു ട്രെയിനിന്റെ അടിസ്ഥാന ശുചീകരണം മാത്രം മതിയാകും.

2. ബെംഗളൂരു– കോട്ടയം എക്സ്പ്രസ്

∙ ബെംഗളൂരുവിലേക്കുള്ള ബസ് നിരക്കുകൾ എപ്പോഴും വാർത്തകളിൽ നിറയുമ്പോഴും പുതിയ ട്രെയിൻ ആരംഭിക്കാൻ നടപടിയില്ല. കോട്ടയം–ബെംഗളൂരു റൂട്ടിൽ ട്രെയിൻ മധ്യകേരളത്തിന് ആകെ ഗുണം ചെയ്യും.

3. കോട്ടയം–എറണാകുളം മെമു

∙ കോട്ടയത്ത് ഒന്നാം പ്ലാറ്റ്ഫോമിനോടു ചേർന്ന് 1എ പ്ലാറ്റ്ഫോം മെമുവിനായി തയാറാക്കിയിട്ടുണ്ട്. എന്നാൽ പുതിയ സർവീസുകൾ ഇതുവരെ ആരംഭിച്ചിട്ടില്ല.

കൊണ്ടുപോയ 2 ട്രെയിനുകൾ എവിടെ?

∙ ഒറ്റപ്പാത ആയിരുന്നപ്പോൾ കോട്ടയം വഴി തിരക്കു കൂടുതൽ എന്ന കാരണം പറഞ്ഞ് ആലപ്പുഴ വഴി തിരിച്ചുവിട്ട 2 ട്രെയിനുകൾ ഇരട്ടപ്പാത വന്ന് ഒരു വർഷമായിട്ടും പഴയ റൂട്ടിൽ തിരിച്ചെത്തിയില്ല. കൊച്ചുവേളി–യോഗനഗരി എക്സ്പ്രസ്, തിരുവനന്തപുരം–ചെന്നൈ വീക്‌ലി എക്സ്പ്രസ് എന്നിവയാണു റൂട്ടു മാറ്റിയത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com