ADVERTISEMENT

കുറവിലങ്ങാട് ∙വിദ്യാലയങ്ങൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം. കുര്യനാട് പാവക്കൽ ഗവ എൽപി സ്കൂളിലെ കുട്ടികൾക്കു ഒരു ചോദ്യമേയുള്ളൂ. ഇത്തവണ എവിടെ പഠിക്കും. ക്ലാസ്മുറികൾ പ്രവർത്തിക്കേണ്ട പുതിയ കെട്ടിടത്തിന്റെ നിർമാണം പാതിവഴിയിൽ നിലച്ച അവസ്ഥയിൽ. 6മാസം കൊണ്ടു പുതിയ കെട്ടിടം പൂർത്തിയാക്കുമെന്നായിരുന്നു അധികൃതരുടെ ഉറപ്പ്. പക്ഷേ 2022 ജനുവരിയിൽ ആരംഭിച്ച നിർമാണ ജോലികൾ എവിടെയും എത്തിയിട്ടില്ല.

ശതാബ്ദി ആഘോഷിച്ച പാവക്കൽ ഗവ എൽപി സ്കൂളിന്റെ ദശാബ്ദങ്ങൾ പഴക്കമുള്ള കെട്ടിടമാണ് പൊളിച്ചു മാറ്റിയത്. പുതിയ മന്ദിരത്തിനു ഫണ്ടും അനുവദിച്ചു. 2022 ജനുവരിയിൽ നിർമാണം ആരംഭിച്ചു. കെട്ടിടത്തിന്റെ പ്രാഥമിക ജോലികൾ പൂർത്തിയായി. ഇതിനു ശേഷം കരാറുകാരനു പണം ലഭിച്ചില്ല. ഇതോടെ നിർമാണം മുടങ്ങി. സ്കൂളിന്റെ ഭാഗമായ മറ്റൊരു കെട്ടിടം കൂടിയുണ്ട്. ഇവിടെ ഓഫിസ് ഉൾപ്പെടെ പ്രവർത്തിക്കുന്നു. എല്ലാ ക്ലാസുകളും പ്രവർത്തിക്കാനുള്ള സ്ഥല സൗകര്യം ഇവിടെയില്ല. കഴിഞ്ഞ അധ്യയന വർഷം വാടക കെട്ടിടത്തിലാണ് ക്ലാസുകൾ നടത്തിയത്. ഇത്തവണ എന്തു ചെയ്യുമെന്നു അധ്യാപകർക്കും നാട്ടുകാർക്കും അറിയില്ല.

വാടക കെട്ടിടം ഉണ്ട്. പക്ഷേ എംസി റോഡ് കടന്നു വേണം അവിടെ എത്താൻ. ചെറിയ കുട്ടികൾക്കു റോഡ് കടക്കുക എളുപ്പമല്ല. മാത്രമല്ല ഉച്ചഭക്ഷണം കഴിക്കാൻ പഴയ കെട്ടിടത്തിൽ എത്തുകയും വേണം.  ഫണ്ട് അനുവദിച്ചു കെട്ടിട നിർമാണം വേഗത്തിലാക്കണമെന്നാണ് നാടിന്റെ ആവശ്യം.

കെട്ടിട നിർമാണം ഒന്നര വർഷമായി ഇഴഞ്ഞു നീങ്ങുകയാണ്. 6 മാസം കൊണ്ടു പൂർത്തിയാക്കുമെന്നു ഉറപ്പ് ലഭിച്ചതാണ്. അധികൃതർ അടിയന്തര നടപടി എടുക്കണം.– സാബു അഗസ്റ്റിൻ (പഞ്ചായത്തംഗം, മരങ്ങാട്ടുപിള്ളി)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com