ADVERTISEMENT

മുണ്ടക്കയം ∙ ചുവട്ടിൽ മണ്ണില്ലാതെ വീഴാറായി നിൽക്കുന്ന മരങ്ങൾ, മണ്ണിടിച്ചിൽ സാധ്യതയുള്ള വൻ തിട്ടകൾ, ഇളകി വീഴാറായ പാറകൾ, കാഴ്ച മറയ്ക്കുന്ന കാട്... മഴക്കാല യാത്രയിൽ ഹൈറേഞ്ച് പാതയിൽ അപകട സാധ്യത പതിയിരിക്കുന്നു. മുണ്ടക്കയം ഇൗസ്റ്റ് 35–ാം മൈലിൽ നിന്നു തുടങ്ങുന്ന ഹൈറേഞ്ച് പാതയിൽ കുട്ടിക്കാനം വരെയുള്ള പ്രദേശത്താണ് മഴക്കാലങ്ങളിൽ അപകടസാധ്യത.

രണ്ടു വർഷം മുൻപ് ചുഴുപ്പിനു സമീപം മഴയിൽ മണ്ണ് ഒഴുകിപ്പോയതിനെ തുടർന്ന് കൂറ്റൻ കല്ല് മലമുകളിൽ നിന്ന് ഉരുണ്ടെത്തി ദേശീയപാതയിൽ വീണിരുന്നു. ഭാഗ്യം തുണച്ചതിനാൽ അപകടങ്ങൾ ഒഴിവായി. മുറിഞ്ഞപുഴ മുതൽ പെരുവന്താനം വരെയുള്ള ഭാഗത്ത് 13 ഇടങ്ങൾ മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളായി ജിയോളജി വിഭാഗം നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ ഇൗ ഭാഗങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ല. പെരുവന്താനം വരെയുള്ള പ്രദേശങ്ങളിൽ മഴക്കാലമായാൽ പകലും രാത്രിയും മഞ്ഞ് നിറയും. ഇതോടെ വാഹനങ്ങൾ കൂട്ടിമുട്ടി അപകടങ്ങൾ പതിവാണ്. വലിയ മഴയിൽ റോഡിൽ പലയിടങ്ങളിലായി മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്.

2021 ലെ പ്രളയസമയത്ത് പെരുവന്താനം മുതൽ മുറിഞ്ഞപുഴ വരെയുള്ള സ്ഥലങ്ങളിൽ ഒൻപതിടങ്ങളിൽ മണ്ണിടിഞ്ഞു. പെരുവന്താനം കൊടികുത്തിയിലും മരുതുംമൂട്ടിലും റോഡിന്റെ ഒരു വശം താഴേക്ക് ഇടിഞ്ഞു താഴ്ന്നിരുന്നു. ശക്തമായ മഴയുള്ള സമയങ്ങളിൽ ഇൗ വഴി രാത്രി യാത്ര നിരോധിക്കുന്നത് മാത്രമാണ് നിലവിൽ അധികൃതർ സ്വീകരിക്കുന്ന മുൻകരുതൽ. എന്നാൽ മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശത്തെ വൻ മരങ്ങൾ വെട്ടി നീക്കുക, പാറകൾ പൊട്ടിച്ചു മാറ്റുക തുടങ്ങിയ നടപടികൾ ഇനിയും സ്വീകരിച്ചിട്ടില്ല. 

വശങ്ങളിൽ കൊക്ക നിറഞ്ഞ റോഡിൽ ക്രാഷ് ബാരിയറുകൾ വരെ കാട് മൂടിക്കിടക്കുന്ന സ്ഥിതിയാണ്. മഴ ശക്തമാകും മുൻപേ അപകട മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com