കോട്ടയം ∙ ഐഎസ്ഒ അംഗീകാരം നേടിയ സംസ്ഥാനത്തെ ആദ്യ കലക്ടറേറ്റായി കോട്ടയം. പ്രഖ്യാപനം മന്ത്രി കെ.രാജൻ നടത്തി. ഓഫിസുകൾ എവിടെയൊക്കെയെന്നു മൊബൈൽ ഫോണിലൂടെ അറിയാനായി നാഷനൽ ഇൻഫർമാറ്റിക്സ് സെന്റർ തയാറാക്കിയ ഓഫിസ് ഫൈൻഡർ ആപ്ലിക്കേഷന്റെ പ്രകാശനം മന്ത്രി വി.എൻ.വാസവൻ നിർവഹിച്ചു.
ഐഎസ്ഒ സർട്ടിഫിക്കേഷൻ ലോഗോ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പ്രകാശനം ചെയ്തു. സമയബന്ധിതമായി അപേക്ഷകളും പരാതികളും തീർപ്പാക്കൽ, ഓഫിസിൽ എത്തുന്ന ജനങ്ങൾക്കുള്ള അടിസ്ഥാനസൗകര്യം ഒരുക്കൽ, രേഖകളുടെ ഡിജിറ്റൽ പരിപാലനം തുടങ്ങിയവ പരിഗണിച്ചാണ് അംഗീകാരം.
കലക്ടർ പി.കെ.ജയശ്രീ, എഡിഎം റജി പി.ജോസഫ്, ഓയിൽപാം ഇന്ത്യ ലിമിറ്റഡ് മുൻ ചെയർമാൻ വി.ബി.ബിനു, ജില്ലാ ഇൻഫർമാറ്റിക്സ് ഓഫിസർ ബീന സിറിൾ പൊടിപാറ, പാലാ ആർഡിഒ പി.ജി.രാജേന്ദ്രബാബു, ഫിനാൻസ് ഓഫിസർ എസ്.ആർ.അനിൽകുമാർ, ഡപ്യൂട്ടി കലക്ടർമാരായ കെ.എ.മുഹമ്മദ് ഷാഫി, സോളി ആന്റണി, ജിയോ ടി.മനോജ്, ഫ്രാൻസിസ് ബി.സാവിയോ, അഡീഷനൽ ജില്ലാ ഇൻഫർമാറ്റിക്സ് ഓഫിസർ റോയി ജോസഫ് എന്നിവർ പ്രസംഗിച്ചു.
ഓഫിസുകൾ എവിടെ? ആപ് റെഡി
ഓഫിസ് ഫൈൻഡർ (Office Finder) എന്നു പേരിട്ടിരിക്കുന്ന നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെ ആപ്പിൽ സിവിൽസ്റ്റേഷനിലെ 3 നിലകളിലെയും ഓഫിസുകൾ മാപ്പ് സഹിതം ക്രമീകരിച്ചിട്ടുണ്ട്. പ്ലേ സ്റ്റോറിൽ നിന്നു ഡൗൺലോഡ് ചെയ്യാം. (ലിങ്ക്: https://play.google.com/store/apps/details?id=in.nic.office_finder20). മുഴുവൻ ഓഫിസുകളുടെയും പട്ടികയാകും ആദ്യ പേജിൽ ലഭിക്കുന്നത്. ഈ പട്ടികയ്ക്കു മുകളിലെ സെർച്ബാറിൽ ഓഫിസ് തിരയാം. മാപ്പിനു സമീപം ‘വേർ ആം ഐ’ എന്ന ഓപ്ഷൻ കൂടി നോക്കിയാൽ ആ ഓഫിസുമായി എത്ര അകലത്തിലാണു നിൽക്കുന്നതെന്ന് അറിയാനാകും. ഓഫിസിന്റെ പേരിൽ ക്ലിക് ചെയ്താൽ ഫോൺ നമ്പർ, മെയിൽ ഐഡി എന്നിവയും ലഭിക്കും.