ADVERTISEMENT

എരുമേലി ∙ ചേനപ്പാടി പ്രദേശത്തു ഭൂമിക്കടിയിൽ നിന്നു സ്ഫോടന ശബ്ദവും പ്രകമ്പനവും കേട്ടതു സംബന്ധിച്ചു തിരുവനന്തപുരം നാഷനൽ സെന്റർ ഫോർ എർത്ത് സയൻസസ് ( എൻസെസ്) പഠനം നടത്തും. ജില്ലാ ജിയോളജിസ്റ്റ് ഡോ. സി.എസ്.മഞ്ചുവിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മന്ത്രി കെ.രാജന്റെ നിർദേശപ്രകാരമാണു നടപടി. തിങ്കളാഴ്ച പല തവണ ഭൂമിക്കടിയിൽ നിന്നു സ്ഫോടന ശബ്ദം കേട്ടെന്നാണു നാട്ടുകാർ പറയുന്നത്. ചെറിയ പ്രകമ്പനവും ഉണ്ടായി. ചൊവ്വാഴ്ച രാത്രി 9നു ശേഷം ഇത്തരം ശബ്ദം കേട്ടതായി ആരും പറയുന്നില്ല. അസാധാരണ ശബ്ദത്തിനു കാരണം ഭൂമിക്കടിയിലെ വലിയ പാറയുടെ ഇളക്കമോ വിള്ളലോ ആകാമെന്നു ജില്ലാ ജിയോളജിസ്റ്റ് ഡോ. സി.എസ്.മഞ്ചു പറഞ്ഞു.

ഭൂമിക്കടിയിൽ രൂപപ്പെടുന്ന മർദത്തിന്റെ ഫലമായും ഇത്തരം അസാധാരണ ശബ്ദങ്ങൾ ഉണ്ടാകാം. ഇതു സ്ഥിരീകരിക്കണമെങ്കിൽ ശാസ്ത്രീയ പഠനം നടത്തണം. ചേനപ്പാടി കിഴക്കേക്കര, ഇടയാറ്റുകാവ് എന്നീ പ്രദേശങ്ങളിൽ ഇന്നലെ ഡോ. മഞ്ചു പരിശോധന നടത്തി. ശബ്ദം കേട്ടതായി പറയുന്ന പ്രദേശങ്ങളുടെ അടിത്തട്ട് പാറ നിറഞ്ഞ പ്രദേശമാണ്. 2001ൽ ഇവിടെ നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഭൂചലനം അറിയുന്നതിനുള്ള സീസ്മോഗ്രാഫ് സംവിധാനം കോട്ടയം ജില്ലയിലില്ല. ഇടുക്കി ഡാമിനു സമീപം ഈ സംവിധാനമുണ്ടെങ്കിലും അതിൽ ഭൂചലനം റിപ്പോർട്ട് ചെയ്തിട്ടില്ല.

ചില സ്ഥലത്തു സ്ഫോടനം, ചിലയിടത്തു മുഴക്കം

തിങ്കളാഴ്ച രാത്രിയുണ്ടായ ശബ്ദം ചില സ്ഥലത്തു സ്ഫോടന ശബ്ദമായും ചിലയിടത്തു മുഴക്കം പോലെയുമാണ് അനുഭവപ്പെട്ടത്. പള്ളിപ്പടി ലക്ഷം വീട് കോളനിയിലാണ് ഏറ്റവും ഉഗ്രമായ ശബ്ദത്തിൽ സ്ഫോടനം പോലെ കേട്ടത്. ചില കുടുംബങ്ങൾ പുലരുന്നതുവരെ വീടിനു പുറത്തു കഴിച്ചുകൂട്ടി. ഇടയാറ്റുകാവ്, കരിമ്പൻമാവ്, വാട്ടോത്തറ, പാതിപ്പാറ എന്നിവിടങ്ങളിലും സ്ഫോടന ശബ്ദമാണു കേട്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com