നഴ്സ് പ്രതിഭ കേശവന്റെ മരണം മക്കളെയും മാതാപിതാക്കളെയും കൂട്ടാനുള്ള ഒരുക്കത്തിനിടെ
Mail This Article
കുമരകം ∙ എയർഇന്ത്യ വിമാനത്തിൽ പ്രസവമെടുത്ത മലയാളി നഴ്സ് ഓർമയായി. കുമരകം കദളിക്കാട്ട് മാലിയിൽ പ്രതിഭ കേശവൻ (40) ലണ്ടനിലാണു മരിച്ചത്. കേംബ്രിജ് ആദം ബ്രൂക്സ് ആശുപത്രിയിലെ നഴ്സായിരുന്നു. 2021 ഒക്ടോബറിൽ ലണ്ടൻ – കൊച്ചി വിമാനത്തിലെ യാത്രക്കാരി പത്തനംതിട്ട സ്വദേശിനി മരിയ ഫിലിപ്പിനു യാത്രയ്ക്കിടെ അസ്വസ്ഥതയുണ്ടായി. വിമാനത്തിലെ യാത്രക്കാരായ രണ്ടു ഡോക്ടർമാർക്കും നാലു നഴ്സുമാർക്കുമൊപ്പം പ്രതിഭയും പ്രസവശുശ്രൂഷയിൽ മുഖ്യപങ്കുവഹിച്ചു. വിമാനത്തിൽ താൽക്കാലിക മുറി സജ്ജീകരിച്ചാണു സുഖപ്രസവത്തിനു സൗകര്യമൊരുക്കിയത്. പ്രതിഭ കൂടുതൽ സമയം മരിയയുടെ സഹായത്തിനുണ്ടായിരുന്നു. ലണ്ടനിൽ നിന്നു കഴിഞ്ഞ തവണ നാട്ടിലേക്കു വരുമ്പോഴായിരുന്നു സംഭവം.
അടുത്ത മാസം അഞ്ചിനു നാട്ടിലെത്തി 15നു മക്കളെയും മാതാപിതാക്കളെയും ലണ്ടനിലേക്കു കൊണ്ടുപോകാനിരിക്കുകയായിരുന്നു. യാത്രാവീസ ശരിയാക്കുന്നതിനു പോകാനിരിക്കെയാണു വീട്ടുകാർ മരണവിവരം അറിയുന്നത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമത്തിലാണു ബന്ധുക്കൾ.ഭർത്താവ്: പത്തിൽ പ്രസാദ് (അബുദാബി). മക്കൾ ശ്രേയയും ശ്രേഷ്ഠയും കുമരകത്തു വിദ്യാർഥികളാണ്. പിതാവ് കെ.കേശവൻ റിട്ട. അധ്യാപകനും സിപിഎം ഏരിയ കമ്മിറ്റി അംഗവും കുമരകം റിജനൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമാണ്. മാതാവ് രാജമ്മ.