കോട്ടയം ∙ ജില്ലയിലെ 898 സ്കൂളുകളിലെ ഒന്നാം ക്ലാസിലേക്ക് 11,000 വിദ്യാർഥികൾ ഇന്നു പ്രവേശനം നേടും. രണ്ടു മുതൽ 12 വരെ ക്ലാസുകളിലായി 2 ലക്ഷം വിദ്യാർഥികൾ ഇന്നു സ്കൂളുകളിലേക്ക് എത്തുമെന്നും പ്രാഥമിക കണക്ക്. എല്ലാ ക്ലാസിലുമായി പുതിയതായി 20,000 വിദ്യാർഥികൾ പ്രവേശനം നേടുമെന്നുമാണു കണക്കാക്കുന്നത്. അഞ്ചാം പ്രവൃത്തിദിനം നടത്തുന്ന കണക്കെടുപ്പിലാണു ജില്ലയിലെ വിദ്യാലയങ്ങളിലെ യഥാർഥ സംഖ്യ വ്യക്തമാകൂ.
കെട്ടിടങ്ങളുടെ ഫിറ്റ്നസ്, സ്കൂൾ ബസിന്റെ ഫിറ്റ്നസ്, സ്‌കൂൾ-പാചകപ്പുര ശുചീകരണം എന്നിവ സംബന്ധിച്ച പരിശോധനകളും പൂർത്തിയായെന്നു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഫിറ്റ്നസില്ലാത്ത കെട്ടിടങ്ങൾക്ക് പകരം സംവിധാനം ഏർപ്പെടുത്തി. ഉച്ചഭക്ഷണ വിതരണത്തിനുള്ള അരി സപ്ലൈകോ വഴി സ്‌കൂളുകളിൽ എത്തിക്കും. ഇന്ന് ഉച്ചഭക്ഷണ വിതരണം ആരംഭിക്കുമെന്നു വിദ്യാഭ്യാസ ഉപഡയറക്ടർ പറഞ്ഞു. ജില്ലാ സ്‌കൂൾ പ്രവേശനോത്സവം ഇന്ന് 9.30ന് തലയോലപ്പറമ്പ് എ.ജെ. ജോൺ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷത വഹിക്കും.11