കോട്ടയം ∙ പനച്ചിക്കാട് പഞ്ചായത്തിൽ ചാന്നാനിക്കാട് കണിയാമലയിലെ പട്ടികജാതി, പട്ടിക വിഭാഗ വികസന സഹകരണ സംഘത്തിൽ 60 ലക്ഷം രൂപയുടെ ക്രമക്കേട്. ബാങ്കിനെതിരെ നിക്ഷേപകർ രംഗത്തെത്തി.
സിപിഎം പ്രതിനിധികൾ ഭരിക്കുന്ന ബാങ്കിൽ തവണകളായി കലക്‌ഷൻ ഏജന്റിന് കൈമാറുന്ന പിഗ്‌മി ചിട്ടി സ്കീമായും സ്ഥിര നിക്ഷേപമായും അടച്ച 60 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് ആരോപണം. പണം തിരികെക്കിട്ടാൻ മാസങ്ങളായി കയറിയിറങ്ങുന്ന നിക്ഷേപകരിൽ ചിലർ ഇന്നലെ ബാങ്കിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
2018 മുതൽ പിഗ്‌മി സ്കീമിൽ നിക്ഷേപിച്ച 6 ലക്ഷം രൂപയാണു കിട്ടാനുള്ളതെന്ന് സമരത്തിനെത്തിയ മൂലവട്ടം മണവാളഞ്ചേരിയിൽ എം.ടി.ജിനു പറഞ്ഞു. 6 മാസമായി പലിശയും കിട്ടുന്നില്ല. മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനു പണം പിൻവലിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഇന്നലെ ബാങ്കിൽ താൽക്കാലിക ജീവനക്കാരി മാത്രമാണ് ഉണ്ടായിരുന്നത്. പ്രസിഡന്റ് സ്ഥലത്തില്ലാത്തതിനാൽ പണം നൽകില്ലെന്ന് അറിയിച്ചു. തുടർന്നാണു മറ്റു നിക്ഷേപകരെയും കൂട്ടി പ്രതിഷേധിച്ചത്. ഇന്ന് പൊലീസിലും സഹകരണ റജിസ്ട്രാർക്കും പരാതി നൽകാനാണ് നിക്ഷേപകരുടെ തീരുമാനം. പനച്ചിക്കാട് പ്രദേശത്തുള്ള വിദേശ മലയാളി 9 ലക്ഷം രൂപ നിക്ഷേപം തിരികെ വാങ്ങാൻ കയറിയിറങ്ങുകയാണ്.
ബാങ്ക് സെക്രട്ടറി നടത്തിയ തിരിമറിയാണു കാരണമെന്നാണ് ബാങ്ക് നൽകുന്ന വിശദീകരണം.2018-19 വർഷത്തെ ഓഡിറ്റിങ്ങിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഉയർന്ന ശമ്പളം എഴുതിയെടുത്തതിനു പുറമേ പലരീതിയിലും മുൻകൂറായി സെക്രട്ടറി പണം കൈപ്പറ്റിയെന്നും കണ്ടെത്തിയിട്ടുണ്ടെന്ന് ബാങ്ക് പ്രസിഡന്റ് എം.ബാബു അറിയിച്ചു.
സെക്രട്ടറിയെ സസ്പെൻഡ് ചെയ്തെന്നും സഹകരണ വിഭാഗത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രസിഡന്റ് പറയുന്നു. സെക്രട്ടറിയുടെ വസ്തു കണ്ടുകെട്ടി നഷ്ടം പരിഹരിക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. എന്നാൽ ഇതിനു കാലതാമസം ഉള്ളതിനാൽ സഹകരണവകുപ്പിൽ നിന്നു പണം ലഭ്യമാക്കുന്നതിനുള്ള നടപടി തുടങ്ങിയെന്നു പ്രസിഡന്റ് അറിയിച്ചു. എന്നാൽ സിപിഎം ഭരണസമിതി അറിയാതെ തട്ടിപ്പു നടക്കില്ലെന്നും സെക്രട്ടറിയെ മറയാക്കി ചിലരെ രക്ഷപ്പെടുത്താനാണു ശ്രമിക്കുന്നതെന്നും യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി ആരോപിച്ചു.