എരുമേലി ∙ കനത്ത കാറ്റിലും മഴയിലും കണ്ണിമല, ഇരുമ്പൂന്നിക്കര മേഖലയിൽ വ്യാപക നാശനഷ്ടം. നിരവധി വീടുകളുടെ മുകളിൽ മരങ്ങൾ വീണു. പല സ്ഥലത്തും മരങ്ങൾ വീണ് പോസ്റ്റുകൾ തകർന്ന് വൈദ്യുത ബന്ധം തകരാറിലാണ്. ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് കനത്ത കാറ്റും മഴയും ഉണ്ടായത്. കണ്ണിമല ഭാഗത്താണ് നിരവധി വൈദ്യുത പോസ്റ്റുകൾ മരം വീണു തകർന്നത്.

കണ്ണിമല ഇലന്തൂർ ദേവസ്യ തോമസിന്റെ (ബേബിച്ചൻ) വീടിനു മുകളിലേക്ക് സമീപത്തു നിന്ന പ്ലാവ് വീണ് മേൽക്കൂരയും 2 മുറികളുടെ ഭിത്തിയും തകർന്നു. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായി. ഇരുമ്പൂന്നിക്കരയിൽ നിരവധി മരങ്ങൾ വൈദ്യുത ലൈനിലേക്ക് വീണതിനാൽ പ്രദേശത്ത് വൈദ്യുതി ബന്ധം വിഛേദിച്ചിരിക്കുകയാണ്.

ഇരുമ്പൂന്നിക്കര വട്ടമാക്കൽപടി വേട്ടണയിൽ രവീന്ദ്രന്റെ വീടിനു മുകളിലേക്ക് തേക്കുമരം വീണ് മേൽക്കൂര തകർന്നു. പുത്തൻവീട്ടിൽ ബിജുവിന്റെ വീടിനു മുകളിലേക്ക് റബർമരം വീണ് മേൽക്കൂര തകർന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് ഇലവുങ്കലിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തി. കനത്ത മഴയിൽ ഇടകടത്തി അങ്കണവാടിയുടെ സംരക്ഷണ ഭിത്തി തകർന്നു.