രാമപുരം ∙ മഴയിലും കാറ്റിലും ഇടിമിന്നലിലും രാമപുരത്ത് നാശനഷ്ടം സംഭവിച്ചു. അനവധി ആളുകളുടെ വീടിനു മുകളിലേക്കു മരങ്ങൾ ഒടിഞ്ഞു വീഴുകയും ഇടിമിന്നലിൽ വീടിനു കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. വൈദ്യുതി ഉപകരണങ്ങൾ നശിച്ചു. കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. വൈദ്യുതി ലൈനിലേക്കു മരങ്ങൾ ഒടിഞ്ഞു വീണതോടെ വൈദ്യുതി ബന്ധം താറുമാറായി.
ചേറ്റുകുളം വാർഡിൽ വാലുമ്മേൽ മലയിൽ ടോമി സെബാസ്റ്റ്യന്റെ വീടിനു മുകളിലേക്കു റബർ മരം ഒടിഞ്ഞു വീണ് ഭാഗികമായി വീടിനു തകരാർ സംഭവിച്ചു. വലിവെട്ടിച്ചാലിൽ ബേബിയുടെ ഒരേക്കറോളം കപ്പക്കൃഷി നശിച്ചിട്ടുണ്ട്.
ടൗൺ വാർഡിൽ കൊളുത്താപ്പിള്ളിൽ മാധവന്റെ വീടിനു ഇടിമിന്നലേറ്റ് വാർക്ക പലയിടങ്ങളിലായി പൊട്ടി. വൈദ്യുതി ഉപകരണങ്ങൾക്ക് തകരാർ സംഭവിക്കുകയും വയറിങ് കത്തി നശിക്കുകയും ചെയ്തു. അപകട സമയത്ത് മാധവനും ഭാര്യ ലീലയും കൊച്ചുമകൾ അദ്വൈതും വീട്ടിൽ ഉണ്ടായിരുന്നു. പുക നിറഞ്ഞതോടെ വീട്ടിൽ നിന്ന് മാറിയിരിക്കുകയാണ്.
മേതിരി വാർഡിൽ വടക്കേടത്ത് ജയ്‌മോന്റെ തൊഴുത്തിനു മുകളിലേക്കു തേക്ക് മരം ഒടിഞ്ഞ് വീണ് തൊഴുത്ത് പൂർണമായും തകർന്നു. പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, വൈസ് പ്രസിഡന്റ് സണ്ണി പൊരുന്നക്കോട്ട് എന്നിവർ സ്ഥലങ്ങൾ സന്ദർശിച്ചു.