ADVERTISEMENT

ഓടുന്ന വെള്ളത്തെ നടത്തുക, നടക്കുന്ന വെള്ളത്തെ ഇരുത്തുക, ഇരുന്ന വെള്ളത്തെ കിടത്തുക, കിടന്ന വെള്ളത്തെ ഉറവയിലേക്ക് ഇറക്കുക– ഈ തത്വം പഴമക്കാർക്കറിയാമായിരുന്നു. ഇപ്പോൾ മഴവെള്ളം മണ്ണിലേക്ക് ഇറങ്ങാനുള്ള പല മാർഗങ്ങളും അടഞ്ഞു. കാലാവസ്ഥാ മാറ്റവും മഴമേഘങ്ങളെ വഴിതിരിക്കുന്ന എൽ നിനോ പോലെയുള്ള പ്രതിഭാസങ്ങളും ശക്തമായാൽ, വരും വർഷങ്ങളിൽ കൊടുംവേനലിനു സാധ്യതയേറെയാണ്. എന്തിനെയും നേരിടാൻ പ്രകൃതിയെയും ജനതയെയും ഒരുക്കുക എന്നതാണു ചെയ്യാനുള്ളത്.ഈ മഴക്കാലത്തെ വെള്ളം സൂക്ഷിക്കാനുള്ള ചില മാർഗങ്ങൾ...

പുരപ്പുറ മഴവെള്ളസംഭരണം

പുരപ്പുറത്തു വീഴുന്ന മഴവെള്ളം പാത്തികളിലൂടെ ചെറിയ സംഭരണിയിലേക്കു ശേഖരിച്ച് അരിച്ചു കിണറ്റിലേക്ക് ഇറക്കിവിടാം. കിണർ റീചാർജ്– ജലപോഷണം എന്നാണ് ഇതറിയപ്പെടുന്നത്. വീടുകളുടെ മേൽക്കൂരയുടെ വശത്തു പിവിസി പാത്തി പിടിപ്പിച്ച് ഇതിലൂടെ വരുന്ന വെള്ളം കിണറിന് അടുത്ത് ഒരു ചെറിയ സംഭരണിയോ പിവിസി ടാങ്കോ സ്ഥാപിച്ച് ഇതിലൂടെ അരിച്ചു കിണറ്റിലേക്ക് ഇറക്കാം. ഈ ടാങ്കിൽ മണൽ, മെറ്റൽ, ചിരട്ടക്കരി, ചെറിയ ഓട്ടുകഷണം മുതലായവ ഇട്ട് അരിപ്പ സംവിധാനം തയാറാക്കാം. തൃശൂർ ജില്ലയിലെ തീരഗ്രാമങ്ങളിൽ ‘മഴപ്പൊലിമ’ പദ്ധതിപ്രകാരം ഇത്തരം ധാരാളം മഴവെള്ള സംഭരണികൾ നിർമിച്ചിരുന്നു. ഇതോടെ പ്രദേശത്തു വേനലിൽ വറ്റുന്ന പല കിണറുകളും നിത്യസ്രോതസ്സുകളായി മാറി.

പോർച്ചിനടിയിൽ ജലസംഭരണി

വലിയ വീടു നിർമിക്കുന്നവർ കാർ പോർച്ചുകളുടെ അടിഭാഗത്ത് ആഴമുള്ള ടാങ്കുകൾ നിർമിക്കുന്ന രീതി ഉത്തരേന്ത്യയിലും ബെംഗളൂരുവിലും വ്യാപകമാണ്. ചെലവേറുമെങ്കിലും കേരളത്തിലും ഫ്ലാറ്റ്–വില്ലകളിൽ ഈ രീതി നടപ്പാക്കാം. മോട്ടർ ഉപയോഗിച്ചു വെള്ളം പമ്പ് ചെയ്തെടുക്കാം.

പടുതാക്കുളം പണിയാം

സ്ഥലമുള്ളവർക്കു പുരയിടങ്ങളിൽ പടുതാക്കുളങ്ങൾ നിർമിച്ചു ലക്ഷക്കണക്കിനു ലീറ്റർ മഴവെള്ളം സംഭരിക്കാം. വലിയ വലുപ്പത്തിൽ കുളം നിർമിച്ച് അതിൽ കട്ടികൂടിയ ഫിലിമുകൾ പടുത പോലെ വിരിച്ചു സംഭരിച്ചാൽ വേനൽക്കാലത്ത് ഈ വെള്ളം ഉപയോഗിക്കാം. റിസോർട്ട്– ഹോട്ടൽ മേഖലയിലും കാർഷിക– വ്യാവസായിക മേഖലയിലും ഇതു പരീക്ഷിക്കാം. മലയോരത്തു ചെരിവു കൂടിയ സ്ഥലങ്ങളിൽ ഇവ നിർമിക്കരുത്. പടുതാക്കുളം ശാസ്ത്രീയമായി നിർമിച്ചു നൽകുന്ന പല ഏജൻസികളുമുണ്ട്.

പുരപ്പുറത്ത് 10 ടാങ്ക്; ജലക്ഷാമം മറക്കാം

വീടിനു മുകളിൽ 2000 ലീറ്ററിന്റെ 10 ടാങ്കുകൾ സ്ഥാപിച്ചു മഴവെള്ളം ശേഖരിക്കാം. ഇവ പൈപ്പുകളുമായി ബന്ധിപ്പിച്ചാൽ കിണറോ ജല അതോറിറ്റി കണക്‌ഷനോ ഇല്ലെങ്കിൽപോലും അത്യാവശ്യം കാര്യങ്ങൾ നിറവേറ്റാം.

കാ‍ഞ്ഞിരപ്പള്ളിയിലെ കയ്യാലകൾ

കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, പൂഞ്ഞാർ മേഖലയുടെ ജല–കാർഷിക സമൃദ്ധിക്കു പിന്നിലെ രഹസ്യം അവിടെ കൃഷിയിടങ്ങൾ തട്ടുതട്ടായി തിരിച്ചു നല്ല കല്ലുകയ്യാലകൾ ഒരുക്കിയതാണ്. മണ്ണും ജൈവസമ്പത്തുമാണു ജലത്തിന്റെ ഒന്നാമത്തെ സംഭരണകേന്ദ്രം. മലകളും പാറക്കെട്ടുകളും വനങ്ങളും അതിനു പിന്നാലെ. പാടങ്ങളും തോടുകളും പുഴകളും മഴയെ സംരക്ഷിച്ചു നിർത്തും.ഇടനാടൻ കുന്നുകളും നമ്മുടെ ജലഗോപുരങ്ങളാണ്.

100 വീടിന് ഒരു കുളം

തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ മിക്ക പഞ്ചായത്തുകളിലും പുതിയ കുളങ്ങൾ നിർമിച്ചു. ഇതു കുറച്ചു കൂടി വ്യാപകമാക്കണം. ഓരോ 100 വീടിനും ഒരു പൊതുകുളം എന്ന രീതി പരീക്ഷിക്കാം. അടഞ്ഞുപോയ കൈത്തോടുകളും ചെറുഅരുവികളും വലിയ തോടുകളും വീണ്ടെടുത്തു പാടങ്ങളിൽ മഴവെള്ളം കയറിക്കിടക്കാൻ അനുവദിക്കുക. ഇതു മത്സ്യസമ്പത്തും ജൈവവൈവിധ്യവും വർധിക്കാനും സഹായിക്കും.

thengu-thadam

തെങ്ങിനു തടം; ജലം മണ്ണിലേക്ക്

പഴയകാലത്തു കൃഷിയുടെ ഭാഗമായി നടത്തിയിരുന്ന തടമെടുപ്പും ചാലുകീറലും മൺ പ്ലാറ്റ്ഫോം നിർമാണവുമെല്ലാം മഴവെള്ള സംഭരണം ലക്ഷ്യമിട്ടുള്ള ചര്യകളായിരുന്നു. തെങ്ങിനു തടമെടുക്കുന്നതു തന്നെ ഉദാഹരണം.  ഓലയുടെ വൃത്തപരിധിയിൽ ലഭിക്കുന്ന മഴയത്രയും ഈ തടത്തിലേക്കു വീണു മണ്ണിലേക്ക് ഇറങ്ങുമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com