ADVERTISEMENT

എരുമേലി ∙ ചേനപ്പാടി മേഖലയിൽ ഭൂമിക്കടിയിൽ നിന്നു വീണ്ടും സ്ഫോടന ശബ്ദവും പ്രകമ്പനവും കേട്ടു. ഇന്നലെ പുലർച്ചെ 4.36നും 5.10നും ആണു സംഭവം. ചേനപ്പാടി കരിമ്പിൻമാവ്, പാതിപ്പാറ, വട്ടകത്തറ, ചെറുനാരകം, വട്ടച്ചാൽ തുടങ്ങിയ മേഖലകളിലാണു വലിയ ശബ്ദമുണ്ടായത്. മണിമലയാറിന്റെ തീരം, കിണറുകൾക്കു സമീപമുള്ള വീടുകൾ എന്നിവിടങ്ങളിലാണു ശബ്ദം വലുതായി കേട്ടതെന്നു പറയുന്നു. മറ്റു സ്ഥലങ്ങളിൽ ഇതിന്റെ മുഴക്കമുണ്ടായി.  4.36ന് ഉണ്ടായ ശബ്ദത്തെത്തുടർന്ന് 5 കിലോമീറ്റർ പരിധിയിൽ വരെ മുഴക്കവും പ്രകമ്പനവും അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. എരുമേലി, വെച്ചൂച്ചിറ മേഖലകളിൽ വരെ മുഴക്കവും പ്രകമ്പനവും കേട്ടു.

തിങ്കളാഴ്ച രാത്രി മേഖലയിൽ 2 തവണ ഇതുപോലെ സംഭവിച്ചിരുന്നു. ഇന്നലെ ശബ്ദംകേട്ട ഭാഗങ്ങളിൽ അസിസ്റ്റന്റ് ജിയോളജിസ്റ്റ് രാജപ്പന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. സംഭവത്തിൽ വിശദപഠനം നടത്താൻ തിരുവനന്തപുരത്തെ നാഷനൽ സെന്റർ ഫോർ എർത്ത് സയൻസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഭൂചലനമല്ല

ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ എവിടെ നേരിയ ഭൂചലനമുണ്ടായാലും ഇടുക്കി ഡാമിനു സമീപത്തെ സീസ്മോഗ്രാഫിൽ കൃത്യമായി രേഖപ്പെടുത്താറുണ്ട്. എന്നാൽ ഇന്നലെയും കഴിഞ്ഞ തിങ്കളാഴ്ച രാത്രിയുമുണ്ടായ ശബ്ദം ഇതിൽ രേഖപ്പെടുത്തിയിട്ടില്ല. 

‘തോട്ട പൊട്ടുന്നതുപോലെ ശബ്ദമാണു കേട്ടത്, എല്ലാം കൂടി ഇടി‍ഞ്ഞുവീഴുകയാണെന്നു തോന്നി’ – ചെറുനാരകം ളാഹയിൽ ലീലാമണി പറഞ്ഞു. ‘പടക്കം പൊട്ടുന്ന പോലെ ശബ്ദം കേട്ടാണു ഞാൻ ഉണർന്നത്. പിന്നാലെ പട്ടികൾ വലിയ ശബ്ദത്തിൽ കുരയ്ക്കാനും തുടങ്ങി’ ലീലാമണിയുടെ വാക്കുകൾ സഹപ്രവർത്തക ശോഭന രാജു ശരിവച്ചു.

തൊഴിലുറപ്പിനു പോകുന്നതിനാൽ പുലർച്ചെ എഴുന്നേറ്റിരുന്നു. അതിനാൽ വ്യക്തമായി ശബ്ദം കേട്ടു. ’ – സഫിയ ഹനീഫ പറഞ്ഞു. ‘ഞങ്ങൾ ഉറങ്ങിയിട്ടു ദിവസങ്ങളായി, കണ്ണടച്ചാൽ ഭയമാണ്. എന്താണെന്ന് ഒരുപിടിയും കിട്ടുന്നില്ല’ – പാതിപ്പാറ സുഭാഷിണി ശശിധരൻ പറഞ്ഞു. എല്ലാവരും ഭയത്തിലാണ്. എത്രയും വേഗം ഭൂകമ്പമാപിനി അടക്കം സ്ഥാപിക്കണം’ – ഇവർക്കൊപ്പം പണിയെടുക്കുന്ന പഞ്ചായത്തംഗം പി.കെ.തുളസി ആവശ്യപ്പെട്ടു.

ചേനപ്പാടിയിൽ ഉണ്ടാകുന്ന അസ്വാഭാവിക ശബ്ദത്തിനു കാരണം എന്താണെന്നു കണ്ടെത്താൻ കഴിയുന്നില്ല. തുടർച്ചയായി ഇത്തരം ശബ്ദങ്ങൾ ഉണ്ടാകുന്ന സംഭവങ്ങളും ശ്രദ്ധയിൽ വന്നിട്ടില്ല.മുൻപ് ചങ്ങനാശേരിയിൽ ഭൂമിക്കടിയിൽ നിന്നു മുഴക്കം കേട്ടിരുന്നു. അന്നു നടത്തിയ പഠനത്തിൽ ഭൂമിക്കടിയിലെ പാറകൾ തമ്മിലുള്ള ഘർഷണം ആണെന്നാണു കണ്ടെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com