ADVERTISEMENT

കുമരകം ∙ യാത്ര ദുരിതം പേറി വിദ്യാർഥികൾ. സ്കൂൾ തുറന്നപ്പോൾ തന്നെ ഇവർക്കു യാത്ര അതികഠിനമായി . അര മണിക്കൂർ മുതൽ മുക്കാൽ മണിക്കൂർ വരെ കാത്തിരുന്നാലായി ബസിന്റെ വരവ്. ബസ് വന്നാൽ തന്നെ സ്റ്റോപ്പിലുള്ള മുഴുവൻ കുട്ടികളെയും കയറ്റാതെ ബസ് പോകും. ബാക്കിയുള്ള കുട്ടികൾ വീണ്ടും കാത്തിരിപ്പ് തുടരും. യാത്രാക്ലേശം പരിഹരിക്കാൻ നിലവിലുള്ള ബസുകളുടെ സമയം രാവിലെയും വൈകിട്ടും പുന:ക്രമീകരണം നടത്തണമെന്നാണു ആവശ്യം ഉയർന്നു.

കുമരകം റൂട്ടിലെ കോണത്താറ്റ് പാലം പൊളിച്ചതോടെ ബസുകളുടെ സർവീസ് സമയത്തിൽ മാറ്റം വന്നു. ചേർത്തല, വൈക്കം ഭാഗത്തു നിന്നു വരുന്ന ബസ് ഇപ്പോൾ കുമരകം വരെയെ പോകുന്നുള്ളൂ. ഈ ബസ് തിരികെ വരാൻ ഏറെ നേരം കഴിയണം. അതിനാൽ വടക്കൻ മേഖലയിൽ നിന്നു രാവിലെയും വൈകിട്ടും വിദ്യാർഥികൾക്കു സ്കൂളിൽ വരുന്നതിനും തിരികെ പോകുന്നതിനും ബുദ്ധിമുട്ടാണ്. സ്കൂളിൽ യഥാസമയം എത്താൻ കഴിയുന്നില്ല. 

സ്കൂൾ വിട്ടാൽ വീട്ടിൽ എത്താനും വൈകും. ബോട്ട് ജെട്ടി ബസ് സ്റ്റോപ്പിൽ നിന്നാണു ഈ റൂട്ടിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ ബസിൽ കയറുന്നത്. ശ്രീകുമാരമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് ഇതിൽ ഏറെയും. സ്കൂൾ വിട്ടു വിദ്യാർഥികൾ ഒന്നിച്ചാണു ബസ് സ്റ്റോപ്പിൽ എത്തുന്നത്. ഇവർ ഏറെ നേരം കാത്തിരുന്നാണ് തിരികെ വീട്ടിലേക്കു ബസിൽ പോകുന്നത്. ആറ്റാമംഗലം പള്ളി ഭാഗത്ത് നിന്നു കോട്ടയത്തിനു പോകുന്ന ബസ് പലപ്പോഴും സ്റ്റോപ്പുകളിൽ നിർത്താതെ വരുന്നതിനാൽ വിദ്യാർഥികൾ പോകാൻ കഴിയാതെ വന്നിരുന്നു കഴിഞ്ഞ അധ്യയന വർഷം.

ആറ്റാമംഗലം ബസ് സ്റ്റോപ്പിൽ നിന്നു തന്നെ യാത്രക്കാർ നിറയെ കയറും. പിന്നെ ഉള്ള സ്റ്റോപ്പുകളിൽ നിന്നു വിദ്യാർഥികളെ കയറ്റാതെ പോകുകയായിരുന്നു നേരത്തെ ഉണ്ടായിരുന്ന പതിവ്. വിദ്യാർഥികളെ കൂടി കയറ്റി കൊണ്ടു പോകാൻ സ്വകാര്യ ബസുകൾ തയാറാകണമെന്നാണു ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com