ADVERTISEMENT

മൂന്നിലവ് ∙ പഞ്ചായത്തിന്റെ അറിവില്ലാത്ത മാലിന്യ സംസ്കരണ പ്ലാന്റ് ദുരിതമാകുന്നു. പഞ്ചായത്ത് 9ാം വാർഡിലാണു യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ മീനച്ചിലാറിന്റെ കൈവഴിയായ മരുതുംപാറ തോടിനോടു ചേർന്നു പ്ലാന്റ് പ്രവർത്തിച്ചു തുടങ്ങിയത്. സംസ്ഥാന സർക്കാരിന്റെ സ്റ്റാർട്ട് അപ് പദ്ധതിയിൽ  അമ്പലപ്പുഴ കേന്ദ്രമായ കമ്പനിയാണു പ്ലാന്റ് തുടങ്ങിയിരിക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അറവുശാല മാലിന്യങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് ഇവിടെ എത്തിച്ചിരിക്കുന്നത്. വളം നിർമാണ ഫാക്ടറിയെന്നാണ് അന്വേഷിച്ചവരോട് ആദ്യം പറഞ്ഞിരുന്നത്.

സ്കൂളുകളും മറ്റു സ്ഥാപനങ്ങളുമുള്ള ജനവാസ കേന്ദ്രത്തോടു ചേർന്നാണു സ്ഥാപനം ആരംഭിച്ചിരിക്കുന്നത്. പഞ്ചായത്തു പ്രസിഡന്റ് പി.എൽ.ജോസഫ്, വൈസ് പ്രസിഡന്റ് മായ അലക്സ് എന്നിവരുടെ നേതൃത്വത്തിൽ മെഡിക്കൽ ഓഫിസർ മറ്റു ആരോഗ്യപ്രവർത്തകർ സംയുക്ത പരിശോധന നടത്തി.

യാതൊരു സുരക്ഷാ മാനദണ്ഡവുമില്ലാതെയാണു പ്ലാന്റ് പ്രവർത്തിക്കുന്നതെന്ന് ഇവർ പറഞ്ഞു. സിമന്റ് ഉപയോഗിച്ചുള്ള ഏതാനും ചുരുളുകളും ടാങ്കുകളുമാണ് ഇവിടെയുള്ളത്. തുറസ്സായ സ്ഥലത്തു മാലിന്യം കുന്നു കൂട്ടിയിട്ടിരിക്കുകയാണ്. മഴ പെയ്യുമ്പോൾ വെള്ളം പുറത്തേക്ക് ഒഴുകുകയാണ്. ഇതോടൊപ്പം മാലിന്യവും ഒഴുകുന്നുണ്ട്. ഇത് എത്തുന്നത് ഇവിടുത്തെ പ്രധാന ജല സ്രോതസ്സായ മരുതുംപാറ തോട്ടിലേക്കുമാണ്. മഴക്കാലം തുടങ്ങിയതോടെ പകർച്ചവ്യാധികൾ പടർന്നു പിടിക്കാനുള്ള സാധ്യതയും ഏറെ.

വിവിധ വകുപ്പുകളിൽ നിന്നും ലഭ്യമാക്കിയ രേഖകളിലെ നിബന്ധനകൾ പാലിക്കാതെയാണ് 12 ദിവസമായി ടൺ കണക്കിനു മാലിന്യങ്ങൾ ഇവിടെ തള്ളിയിട്ടുള്ളത്. ജനങ്ങളെ സംഘടിപ്പിച്ചു ശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.എൽ.ജോസഫ് പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com