കോട്ടയം ∙ നീതിക്കുവേണ്ടി സമരം നടത്തുന്ന കായിക താരങ്ങളെ അപമാനിക്കുകയും തെരുവിലേക്ക് വലിച്ചിഴക്കുകയുമാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര സർക്കാരും ചെയ്യുന്നതെന്ന് മഹിള കോൺഗ്രസ് ജില്ലാ കമ്മിറ്റി ആരോപിച്ചു. കായിക താരങ്ങൾക്ക് നീതി ഉറപ്പാക്കിയില്ലെങ്കിൽ സമരത്തിനു ഐക്യദാർഢ്യവുമായി രംഗത്തിറങ്ങുമെന്നു ജില്ലാ പ്രസിഡന്റ് ബെറ്റി ടോജോ ചിറ്റേട്ടുകളം, സംസ്ഥാന ജനറൽ സെക്രട്ടറി ബിന്ദു സന്തോഷ് കുമാർ, സംസ്ഥാന ഉപദേശക സമിതി അംഗം അന്നമ്മ മാണി എന്നിവർ അറിയിച്ചു.
മഹിള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സമരം നടത്തി. ഇനി ജില്ലകൾ തോറും പ്രതിഷേധം വ്യാപിപ്പിക്കും. ലൈംഗിക പീഡന ആരോപണം നേരിടുന്ന ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.