ADVERTISEMENT

കോട്ടയം ∙ പുതിയ ട്രെയിനുകൾ ചോദിച്ചാൽ റെയിൽവേയുടെ 2 സ്ഥിരം ഉത്തരങ്ങൾ:

1. കേരളത്തിൽ ഇരട്ടപ്പാതയില്ല. അതിനാൽ നിലവിലെ തിരക്കു കാരണം പുതിയ ട്രെയിൻ അനുവദിക്കാനാകില്ല.

2. കേരളത്തിലെ ടെർമിനൽ സ്റ്റേഷനുകളിൽ നിന്നു പരമാവധി ട്രെയിനുകൾ ഇപ്പോൾ പുറപ്പെടുന്നു.

ഈ 2 ഉത്തരങ്ങൾക്കും മറുചോദ്യമായി ഒരു സ്റ്റേഷനും ഇരട്ടപ്പാതയും വന്നിട്ട് ഒരു വർഷമാകുന്നു. കോട്ടയം വഴിയുള്ള ഇരട്ടപ്പാതയും 5 പ്ലാറ്റ്ഫോമുകളുമായി കോട്ടയം സ്റ്റേഷനും യാഥാർഥ്യമായെങ്കിലും അതിന്റെ ഗുണം യാത്രക്കാർക്കു പൂർണമായി ലഭിച്ചിട്ടില്ല. ഇരട്ടപ്പാത വന്നതോടെ ചില ട്രെയിനുകളുടെ വേഗം കൂട്ടിയെങ്കിലും പുതിയ ട്രെയിനുകൾ ആരംഭിക്കുന്ന കാര്യത്തിൽ ഇപ്പോഴും നടപടികൾ വൈകിയോടുന്നു. മധ്യകേരളത്തിൽ നിന്നു സംസ്ഥാനത്തിനു പുറത്തേക്ക് ഏറ്റവുമധികം യാത്രക്കാരുള്ള ബെംഗളൂരു, മംഗളൂരു, കോയമ്പത്തൂർ, മുംബൈ റൂട്ടുകളിൽ ട്രെയിൻ ആവശ്യം റെയിൽവേ പരിഗണിക്കുന്നില്ല.

കോട്ടയം ടെർമിനൽ എപ്പോൾ

നിലവിലെ സൗകര്യങ്ങൾ ഉപയോഗിച്ചു തന്നെ കോട്ടയം റെയിൽവേ സ്റ്റേഷൻ ടെർമിനൽ സ്റ്റേഷനാക്കി മാറ്റാം. 5 പ്ലാറ്റ്ഫോമുകളുള്ള കോട്ടയത്ത് 3, 4, 5 പ്ലാറ്റ്ഫോമുകളിൽ ട്രെയിൻ നിർത്തിയിടാനും വെള്ളം നിറയ്ക്കാനും ശുചീകരണത്തിനും സൗകര്യമുണ്ട്. പാസഞ്ചർ ട്രെയിനുകളും നിലമ്പൂർ ഇന്റർസിറ്റി എക്സ്പ്രസും മാത്രമാണ് ഇവിടെ നിന്ന് ഇപ്പോൾ പുറപ്പെടുന്നത്. കോട്ടയത്തെ 1,2 പ്ലാറ്റ്ഫോം ലൈനുകൾ വഴിയാണു മറ്റു ട്രെയിനുകൾ കടന്നു പോകുന്നത്. ഇരട്ടപ്പാത വന്നതോടെ ട്രെയിൻ പിടിച്ചിടേണ്ട സാഹചര്യവുമില്ല.

കോട്ടയം റെയിൽവേ സ്റ്റേഷനിൽ തിരക്കു വർധിച്ചാൽ ട്രെയിൻ നിർത്തിയിടാൻ 2 സാറ്റലൈറ്റ് സ്റ്റേഷനുകൾ തൊട്ടടുത്തുണ്ട്. ഏറ്റുമാനൂരും ചിങ്ങവനവും. നവീകരണത്തോടെ ഏറ്റുമാനൂരിൽ 4 പ്ലാറ്റ്ഫോമുകളായി. ചിങ്ങവനത്ത് മൂന്നും. ഇതു പ്രയോജനപ്പെടുത്തിയും കോട്ടയത്തു നിന്നു പുതിയ ട്രെയിനുകൾ ആരംഭിക്കാം.

കാത്തിരിക്കരുത്,ഉടൻ വേണം

27 മുതൽ 29 വരെ റെയിൽവേ ടൈംടേബിൾ കമ്മിറ്റി തെലങ്കാനയിലെ സെക്കന്തരാബാദിൽ യോഗം ചേരുന്നുണ്ട്. എത്രയും വേഗം ആവശ്യങ്ങൾ എത്തിച്ചാൽ മാത്രമേ പുതിയ ടൈംടേബിൾ പരിഷ്കരണത്തിൽ ഇടം ലഭിക്കൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com