മറവൻതുരുത്ത് ∙ ടൂറിസം സാധ്യതകൾ ഏറെ. പ്രയോജനപ്പെടുത്തിയാൽ മറവൻതുരുത്ത് ലോക ശ്രദ്ധയിലെത്തും. നിലവിലുള്ളതു സംരക്ഷിക്കുകയും വേണം. മറവൻതുരുത്ത് പഞ്ചായത്തിലെത്തുന്ന സഞ്ചാരികൾക്കു സമയം ചെലവഴിക്കാവുന്ന ഇടമാണു കണ്ണംകുളത്തുകടവ് തുരുത്തുമ്മ തൂക്കുപാലം. എന്നാൽ കൃത്യമായി അറ്റകുറ്റപ്പണി നടത്താതെ തൂക്കുപാലം ജീർണാവസ്ഥയിലേക്കു കൂപ്പുകുത്തുകയാണ്. വർഷം തോറും അറ്റകുറ്റപ്പണി നടത്തണമെന്നു റവന്യു വകുപ്പ് എൻജിനീയറുടെ നിർദേശമുണ്ടെങ്കിലും ഇതുവരെ പാലിക്കാൻ അധികൃതർ തയാറായില്ല.
തുരുത്തുമ്മ നിവാസികളുടെ യാത്രാമാർഗം
∙ തുരുത്തുമ്മ ദ്വീപ് നിവാസികളെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന പാലം കൂടിയാണ് ഈ തൂക്കുപാലം. മുന്നൂറോളം കുടുംബങ്ങൾ ദിനംപ്രതി തൂക്കുപാലത്തെ ആശ്രയിച്ചു യാത്ര ചെയ്യുന്നു. പാലത്തിന്റെ പ്ലാറ്റ്ഫോമും പടികളും തുരുമ്പിച്ചു. പാലത്തിന്റെ അടിയിൽ നിന്നു നോക്കിയാൽ തുരുമ്പിച്ചതിന്റെ ഭീകരമായ അവസ്ഥ മനസ്സിലാക്കാം. പാലത്തിന്റെ പ്രധാന ഷീറ്റ് ഇതുവരെ മാറിയിട്ടില്ല.

വിട്ടൊഴിയുന്നില്ല വിവാദങ്ങൾ
∙ 48 പടികളോടെ 198 മീറ്റർ നീളത്തിലാണ് 2009ൽ റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ തൂക്കുപാലം നിർമിച്ചത്. 1.10 കോടി രൂപ വിനിയോഗിച്ച് കെൽ കമ്പനിയുടെ മേൽനോട്ടത്തിലായിരുന്നു നിർമാണം.
വർഷാവർഷം അറ്റകുറ്റപ്പണി നടത്തണമെന്നു നിർദേശം ഉണ്ടായിരുന്നെങ്കിലും പാലത്തിന്റെ ഉടമസ്ഥാവകാശം പഞ്ചായത്തിനു വിട്ടുകൊടുക്കാൻ കാലതാമസം നേരിട്ടതിനാൽ അറ്റകുറ്റപ്പണികൾ ദീർഘകാലം മുടങ്ങി.
2020ലാണു മറവൻതുരുത്ത് പഞ്ചായത്തിനു പാലത്തിന്റെ ഉടമസ്ഥാവകാശം ഔദ്യോഗികമായി ലഭിച്ചത്. മാർച്ചിനു മുൻപ് അറ്റകുറ്റപ്പണി തീർക്കുമെന്നു പഞ്ചായത്ത് അധികൃതർ ജനങ്ങൾക്ക് ഉറപ്പു നൽകിയെങ്കിലും അതു വാക്കുകളിൽ മാത്രമായി ഒതുങ്ങിയെന്ന് ആരോപണമുണ്ട്. പാലത്തിൽ സോളർ വിളക്കു സ്ഥാപിച്ചതു മാത്രമാണു പ്രയോജനമായത്.
സമൂഹമാധ്യമങ്ങളിലെ താരം
∙ ഉദ്ഘാടനം ചെയ്തതു മുതൽ വെഡിങ് ഷൂട്ടുകളിലും വിഡിയോകളിലും നിറഞ്ഞുനിൽക്കുകയാണ് തുരുത്തുമ്മ തൂക്കുപാലം. രാവിലെയും വൈകുന്നേരവും പാലത്തിൽ ഫൊട്ടോഗ്രഫർമാർ സ്ഥലം പിടിക്കും.
പാലത്തിന്റെ മധ്യത്തിൽ നിന്നാൽ മൂവാറ്റുപുഴയാറിന്റെ ദൃശ്യഭംഗി ആസ്വദിക്കാം. ടെലിവിഷൻ സീരിയലുകളിലും മ്യൂസിക് ആൽബങ്ങളിലും തുരുത്തുമ്മ തൂക്കുപാലത്തിന്റെ ഭംഗി പകർത്തിയിട്ടുണ്ട്.
അതിർത്തി നിർണയിക്കണം
∙ രണ്ടു മേഖലകളിലായാണു ചെമ്പ്, മറവൻതുരുത്ത് പഞ്ചായത്തുകൾ സ്ഥിതി ചെയ്യുന്നത്. ചെമ്പിലെ പഞ്ചായത്ത് ഓഫിസ് മൂവാറ്റപുഴയാറിന് അക്കരെ ബ്രഹ്മമംഗലത്താണ്. മറവൻതുരുത്ത് പഞ്ചായത്തിലെ തൂക്കുപാലം വഴിയോ ചെമ്പ് അങ്ങാടിക്കടവ് വഴിയോ ഇക്കരെ നിന്നു ബ്രഹ്മമംഗലത്ത് എത്താം. വില്ലേജ് ഓഫിസ് ഇക്കരെ കാട്ടിക്കുന്നിലാണ്.
സർക്കാർ ആവശ്യങ്ങൾക്കായി ജനങ്ങൾക്കു മൂവാറ്റുപുഴയാറിന് അക്കരെ ഇക്കരെയായി യാത്ര ചെയ്യേണ്ട അവസ്ഥയാണിപ്പോൾ. മറവൻതുരുത്ത്, ചെമ്പ് പഞ്ചായത്തുകളുടെ പടിഞ്ഞാറൻ മേഖല ചേർത്ത് ഒരു പഞ്ചായത്തായി നിർണയിച്ചാൽ പ്രദേശവാസികൾക്കു പ്രയോജനപ്പെടും.
കിഴക്കൻ മേഖലകൾ ചേർത്തു തട്ടാവേലി പാലം വഴിയും നിർമാണം പൂർത്തിയാകുന്ന മൂലേക്കടവ് പാലം വഴിയും ബ്രഹ്മമംഗലം, മറവൻതുരുത്ത് മേഖലകളിലേക്ക് എത്താം. നാടു കാണാനെത്തുന്ന വിനോദസഞ്ചാരികൾക്കും ഉപയോഗപ്രദമാകും. ജനപ്രതിനിധികൾ ഒരുമിച്ചുനിന്നാൽ വികസനപദ്ധതികളും എളുപ്പത്തിൽ യാഥാർഥ്യമാക്കാം.