ADVERTISEMENT

എരുമേലി ∙ ചേനപ്പാടിയിൽ ഭൂമിക്ക് അടിയിൽ നിന്ന് സ്ഫോടന ശബ്ദം കേട്ട മേഖലകളിൽ ഭൗമ ശാസ്ത്ര പഠന കേന്ദ്രം ശാസ്ത്രജ്ഞൻ ഡോ. പത്മ റാവു, സാങ്കേതിക വിഭാഗത്തിലെ എൽദോസ് കുര്യാക്കോസ് എന്നിവർ സന്ദർശനം നടത്തി വിവരം ശേഖരിച്ചു. വിവരങ്ങൾ  4 ദിവസത്തിനുള്ളിൽ വിശകലനം നടത്തി തുടർപരിശോധന സംബന്ധിച്ച് ഭൗമശാസ്ത്ര ഡയറക്ടർക്ക് റിപ്പോർട്ട് കൈമാറും. തുടർനടപടി സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളിൽ കലക്ടർക്കും ശുപാർശ നൽകും. ഇതിന്റെ അടിസ്ഥാനത്തിലാവും യന്ത്രസഹായത്തോടെയുള്ള ശാസ്ത്രീയ പരിശോധന വേണമോയെന്നു തീരുമാനിക്കുക. 

സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, പഞ്ചായത്ത് അംഗങ്ങളായ ഹർഷകുമാർ, പി.കെ. തുളസി എന്നിവർ പഠനസംഘത്തിന് ഒപ്പമുണ്ടായിരുന്നു. ഇടയാറ്റുകാവ്, പുറപ്പ, ചെറുനാരകം, അലിൻചുവട്, ചേനപ്പാടി ടൗൺ‍, കിഴക്കേക്കര ലക്ഷം വീട് കോളനി, കാക്കക്കല്ല് പ്രദേശങ്ങളിലാണു സന്ദർശനം നടത്തിയത്. മണിമലയാറിലെ ഇടശേരിപ്പടി ഭാഗത്തെ കിണറുകൾ സംഘം പരിശോധിച്ചു.

ശബ്ദം സിസി ടിവിയിൽ

ചേനപ്പാടിയിൽ ഭൂമിക്ക് അടിയിൽ നിന്ന് കേട്ട അസാധാരണ ശബ്ദം സംബന്ധിച്ച് പ്രധാന തെളിവ്  ഇലവുങ്കൽ സഹദേവൻ നായരുടെ വീട്ടിലെ സിസി ടിവി ശകലങ്ങളാണ്.  ഇതിലെ ദൃശ്യങ്ങളും ശബ്ദവുമാണ് പ്രധാന തെളിവായി സംഘം ശേഖരിച്ചത്. ശബ്ദം ശാസ്ത്രീയമായി പരിശോധിച്ച് എന്താണെന്നു കണ്ടെത്താൻ ശ്രമിക്കും. 

സാധ്യതകൾ

മുൻപ് സമാന സംഭവങ്ങളിൽ 4 സാഹചര്യങ്ങളാണ് ഭൗമ ശാസ്ത്ര പഠന കേന്ദ്രം കണ്ടെത്തിയിട്ടുള്ളത്. ചില പ്രദേശത്ത്  മാത്രം ഭൂമിക്ക് അടിയിൽ ഉണ്ടാകുന്ന ചലനങ്ങൾ, ഭൂമിക്ക് അടിയിലെ അമിതമായ മർദം കൊണ്ട് ഉണ്ടാകുന്നവ, മനുഷ്യ നിർമിതം ( തോട്ട പൊട്ടിക്കുക, ക്വാറി സ്ഫോടനം, ബോധപൂർവം സ്ഫോടന ശബ്ദം ഉണ്ടാക്കുക) ഭൂമികുലുക്കം തുടങ്ങിയവയാണ്.

ജനത്തെ ഞെട്ടിച്ച ശബ്ദം

മേയ് 29, 30 തീയതികളിലാണു സ്ഫോടന ശബ്ദവും മുഴക്കവും പ്രകമ്പനവും പ്രദേശത്ത് ഉണ്ടായത്. 29ന് രാത്രി 8.30, 9.15 സമയത്തും 30 ന് പുലർച്ചെ 4.36 നും 5.10നുമാണ് ശബ്ദം കേട്ടത്. ചേനപ്പാടി പ്രദേശത്ത് സ്ഫോടന ശബ്ദമായും 5 കിലോമീറ്റർ പരിധിയിൽ മുഴക്കവുമായാണു കേട്ടത്. എന്നാൽ ഭൂമി കുലുക്കം റിപ്പോർട്ട് ചെയ്തിട്ടില്ല.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com