ADVERTISEMENT

കോട്ടയം ∙ ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെ ജില്ലയിൽ ആന്റിബയോട്ടിക് മരുന്നുകൾ മെഡിക്കൽ സ്റ്റോറുകളിൽ നിന്നു വിൽക്കരുതെന്നു ജില്ലാ മെഡിക്കൽ ഓഫിസ്. ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് പ്രോഗ്രാമിന്റെ ഭാഗമായാണു നടപടി. സർക്കാർ മേഖലയിലെ കാരുണ്യ, നീതി, ജൻഔഷധി തുടങ്ങിയവയും സ്വകാര്യ മെഡിക്കൽ സ്റ്റോറുകൾ, ആശുപത്രി ഫാർമസികൾ എന്നിവയും നിർദേശം പാലിക്കണം.

നിർദേശം ലംഘിച്ചാൽ കർശനനടപടി സ്വീകരിക്കും.ആന്റിബയോട്ടിക് മരുന്നുകൾ നൽകുന്ന കവറുകളിൽ ഉപയോഗത്തിൽ പുലർത്തേണ്ട ജാഗ്രത സംബന്ധിച്ച സന്ദേശമടങ്ങുന്ന ചുവന്ന നിറത്തിലുള്ള സീൽ പതിപ്പിക്കണം. ഇതിനായുള്ള 750 റബർ സീലുകൾ വിതരണം ചെയ്തു. മെഡിക്കൽ സ്റ്റോറുകൾക്കു കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ (എകെസിഡിഎ) ഭാരവാഹികളിൽ നിന്നോ ഡ്രഗ് ഇൻസ്പെക്ടർ ഓഫിസിൽ നിന്നോ സീൽ കൈപ്പറ്റാം.

ആന്റിബയോട്ടിക് ദുരുപയോഗം പലവിധം

∙ഡോക്ടർ നിർദേശിച്ച മരുന്നു പൂർണമായും കഴിക്കുന്നതിനു മുൻപു നിർത്തുക

∙നിർദേശിച്ച കാലയളവിലും കൂടുതൽ കഴിക്കുക

∙കൃത്യമായി കഴിക്കാതിരിക്കുക

∙മുൻപു ഡോക്ടർ നിർദേശിച്ച മരുന്ന്, പരിശോധനകളില്ലാതെ വീണ്ടും ഉപയോഗിക്കുക

∙മറ്റൊരാൾക്കു സമാനമായ രോഗത്തിനു നിർദേശിച്ച മരുന്നുവാങ്ങി കഴിക്കുക

∙പനി തൊണ്ടവേദന, ജലദോഷം എന്നിവയ്ക്കും അനാവശ്യമായി ഉപയോഗിക്കുക.

മൃഗങ്ങൾക്കു വരെ ആന്റിബയോട്ടിക് മരുന്നുകൾ 

മൃഗങ്ങൾക്കും മത്സ്യങ്ങൾക്കും രോഗം ബാധിക്കാതിരിക്കാൻ മുൻകൂട്ടി ആന്റിബയോട്ടിക്കുകൾ ഭക്ഷണത്തിൽ കലർത്തി നൽകുന്ന പ്രവണത കണ്ടെത്തിയിട്ടുണ്ട്. മൃഗങ്ങൾക്കും ഡോക്ടറുടെ നിർദേശമില്ലാതെ ഇത്തരം മരുന്നുകൾ നൽകരുത്. ചികിത്സയുടെ ഭാഗമായി വെറ്ററിനറി ഡോക്ടറുടെ നിർദേശം അനുസരിച്ചു ആന്റിബയോട്ടിക്കുകൾ നൽകിയാൽ ഡോക്ടർ നിർദേശിക്കുന്ന കാലയളവിൽ അവയുടെ പാൽ, മാംസം എന്നിവ ഉപയോഗിക്കുകയോ വിൽക്കുകയോ ചെയ്യരുത്. മാംസത്തിലൂടെയും പാലിലൂടെയും ആന്റിബയോട്ടിക് മരുന്നുകൾ മനുഷ്യരിലെത്തുന്നതു തടയാൻ ഇതിലൂടെ കഴിയും.

''ബാക്ടീരിയ ഒഴികെയുള്ള മറ്റു രോഗാണുക്കൾ വഴി വരുന്ന രോഗങ്ങൾക്ക് ആന്റിബയോട്ടിക് പ്രയോജനം ചെയ്യില്ല. എന്നാൽ, ദുരുപയോഗവും അമിതമായ ഉപയോഗവും മൂലം പല ബാക്ടീരിയകളും ആന്റിബയോട്ടിക്കുകൾക്ക് എതിരെ പ്രതിരോധം നേടും. പിന്നീട് രോഗം ബാധിച്ചാൽ ചികിത്സ വളരെ ചെലവേറിയതോ ചിലപ്പോൾ അസാധ്യമോ ആകാം. രോഗപ്രതിരോധ ശേഷി കുറഞ്ഞവരിൽ വലിയ അപകടങ്ങൾക്കും ഇതു കാരണമാകും.'' ഡോ. എൻ. പ്രിയ (ജില്ലാ മെഡിക്കൽ ഓഫിസർ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com