ADVERTISEMENT

കോട്ടയം ∙ ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച ലൈഫ് ഭവന സമുച്ചയം രണ്ടു മാസമായപ്പോഴേക്കും ചോർന്നൊലിക്കുന്നു. പൈപ്പ് പൊട്ടി ശുചിമുറിയിൽ നിന്നുള്ള മലിനജലം മുറിക്കുള്ളിലേക്കു വരുന്നു. വിജയപുരത്തെ ഭവന സമുച്ചയത്തിലാണു പ്രശ്നങ്ങൾ.മഴയിലും പൈപ്പ് ലൈൻ തകരാറിലുംപെട്ടു സമുച്ചയത്തിന്റെ പല ഭാഗങ്ങളിലേക്കും വെള്ളം എത്തിയതോടെ മുറികൾക്കുള്ളിലെ ജിപ്സം ബോർഡുകൾ കുതിർന്നു അടർന്ന് വീഴാൻ തുടങ്ങിയിട്ടുണ്ട്.

ഏപ്രിൽ 8ന് ഉദ്ഘാടനം നടത്തിയ സമുച്ചയത്തിൽ പ്രശ്നം കണ്ടതോടെ ലൈഫ് മിഷനെയും നിർമാണം നടത്തിയ കമ്പനിയെയും വിവരം അറിയിച്ചതായി വിജയപുരം പഞ്ചായത്ത് അധികൃതർ പറഞ്ഞു. വിജയപുരം പഞ്ചായത്തിൽ പൊൻപള്ളി വാർഡിൽ‌ 42 കുടുംബങ്ങൾക്കായി നിർമിച്ച ലൈഫ് മിഷൻ ഫ്ലാറ്റിൽ ഇപ്പോഴുള്ളത് 15 കുടുംബങ്ങളാണ്. ബാക്കിയുള്ള കുടുംബങ്ങൾ ഈ മാസത്തോടെ താമസം ആരംഭിക്കാനിരിക്കെയാണു തകരാർ കണ്ടെത്തിയത്.കെട്ടിടത്തിന്റെ ചുമരുകൾക്കിടയിലൂടെ വെള്ളം അരിച്ചിറങ്ങുന്നുണ്ട്. രണ്ടാം നിലയിലെ മുറിക്കുള്ളിൽ അടുക്കള ഭാഗത്തെ സീലിങ് കഴിഞ്ഞദിവസം അടർന്നുവീണു.

മുകൾ നിലയിലെ ശുചിമുറിയിൽ നിന്നുള്ള വെള്ളമിറങ്ങി സീലിങ് അടർന്നു പോയതാണന്നാണു പരിശോധനയിൽ കണ്ടെത്തിയത്. കൂടാതെ ഫ്ലാറ്റുകളിലെ ജലവിതരണത്തിലും അപാകതയുള്ളതായി പരാതിയുണ്ട്. ചില ബ്ലോക്കുകളിൽ മാത്രമാണു വെള്ളം എത്തുന്നത്.7.35 കോടി രൂപ ചെലവഴിച്ചാണു നാലുനിലക്കെട്ടിടം നിർമിച്ചത്. വെള്ളം, മണൽ എന്നിവയുടെ കുറഞ്ഞ ഉപയോഗമുള്ള പ്രീ ഫാബ്രിക്കേഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ചായിരുന്നു നിർമാണം.

ലൈറ്റ് ഗേജ് സ്റ്റീൽ ഫ്രെയിമിന്റെ ഇരുവശവും ഫൈബർ സിമന്റ് ബോർഡുകൾ ഉറപ്പിച്ചാണു ചുമരുകൾ നിർമിച്ചത്. മഴയെയും ഈർപ്പത്തെയും പ്രതിരോധിക്കാൻ റോക്ക്‌വൂൾ പാനൽ, വേപ്പർ വാരിയർ സാങ്കേതിക വിദ്യയടക്കം ഒരുക്കിയിരുന്നതായാണു ലൈഫ് മിഷൻ അധികൃതർ വിശദീകരിച്ചിരുന്നത്. തകരാറുകൾ പരിഹരിക്കാൻ കരാർ ഏറ്റെടുത്ത കമ്പനി പ്രതിനിധികളുണ്ടെന്നും പ്രശ്നം ഉടനെ പരിഹരിക്കുമെന്നും ലൈഫ് മിഷൻ ജില്ലാ കോഓർഡിനേറ്റർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com