ADVERTISEMENT

ഈരാറ്റുപേട്ട ∙ വാഗമൺ റോ‍‍ഡ് നിർമാണം പോലെ തന്നെ ആവേശകരമായിരുന്നു ഉദ്ഘാടന സമ്മേളനവും. കോരിച്ചൊരിഞ്ഞ മഴയെ അവഗണിച്ചും ആളെത്തി. സമ്മേളനം തുടങ്ങിയതു മുതൽ മഴയായിരുന്നു. അതു പോലെ തന്നെയായിരുന്നു റോഡ് നിർമാണ സമയവും. നിർമാണം തുടങ്ങിയപ്പോൾ തുടങ്ങിയ മഴയെ തോൽപിച്ചാണ് മലയോര മേഖലയിലെ റോഡ് നിർമാണം സാധ്യമാക്കിയത്.

റോഡ് നിർമാണം കഴിഞ്ഞതോടെ സഞ്ചാരികളുടെ പറുദീസയായ വാഗമണ്ണിലേക്കുളള വിനോദ സഞ്ചാരികളുടെ എണ്ണത്തിലും വലിയ വർധനയുണ്ടായി. കാൽനട യാത്ര പോലും നടക്കാത്ത സാഹചര്യമായിരുന്ന റോ‍ഡിനെ ദേശീയ നിലവാരമുള്ള റോഡായി മാറ്റി. ഹൈറേഞ്ച് മേഖലയിലുള്ളവർ കോട്ടയം മെഡിക്കൽ കോളജിൽ ഉൾപ്പെടെ എത്താൻ ആശ്രയിച്ചിരുന്നതും ഈ റോഡായിരുന്നു റോഡ് വീതികൂട്ടി പുനർ നിർമിക്കുന്നതിനു 63.99 കോടി രൂപ കിഫ്ബിയിൽ നിന്ന് അനുവദിച്ചിട്ടുണ്ട്. നിർമാണത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് റോഡ് നിർമാണം പൂർത്തിയാക്കിയത്.

സിപിഎം ജില്ലാ സെക്രട്ടറി എ.വി.റസൽ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.വി.ബിന്ദു, ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ ശ്രീകല, നഗരസഭാധ്യക്ഷ സുഹ്റ അബ്‌ദുൽ ഖാദർ, തീക്കോയി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.സി.ജയിംസ്, പൂഞ്ഞാർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീത നോബിൾ എൽഡിഎഫ് ജില്ലാ കൺവീനർ പ്രഫ.ലോപ്പസ് മാത്യു, സിപിഎം ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ്, സിപിഐ ജില്ലാ കമ്മിറ്റി അംഗം എം.ജി.ശേഖരൻ, കേരള കോൺഗ്രസ്‌ എം നിയോജക മണ്ഡലം പ്രസിഡന്റ്‌ സാജൻ കുന്നത്ത്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തംഗം രമ മോഹൻ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ സിറാജ് കണ്ടത്തിൽ, രാജേഷ് കുമാർ, റഫീഖ് പട്ടരുപറമ്പിൽ, ടി.എസ്.റഷീദ്, അക്ബർ നൗഷാദ്, ഉണ്ണിക്കുഞ്ഞ് ജോർജ്, മജു മാത്യു പുളിക്കൻ, വിപിൻ രാജു, വ്യാപാരി വ്യവസായ ഏകോപന സമിതി ഭാരവാഹികളായ എ.എം.എ.ഖാദർ, എ.ജെ.ജോർജ് അറമത്ത്, പൊതുമരാമത്ത് വകുപ്പ് ദക്ഷിണമേഖല സുപ്രണ്ടിങ്‌ എൻജിനീയർ വി.ആർ.വിമല, ഊരാളുങ്കൽ ലേബർ കോൺടാക്ട് സൊസൈറ്റി ബോർഡ് മെംബർ എം.എൻ.സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ അജിത് രാമചന്ദ്രൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു.

wagamon-road-inauguration
ഇരുമെയ്യാണെങ്കിലും വഴിയൊന്നായ്... നവീകരണം പൂർത്തീകരിച്ച ഈരാറ്റുപേട്ട– വാഗമൺ റോഡ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്ത ശേഷം റോഡ് കടന്നു പോകുന്ന മണ്ഡലങ്ങളായ പൂഞ്ഞാറിലെയും പീരുമേട്ടിലെയും എംഎൽഎമാരായ സെബാസ്റ്റ്യൻ കുളത്തുങ്കലും വാഴൂർ സോമനും ഒന്നിച്ച് തിരിതെളിക്കുന്നു. മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി.എൻ. വാസവൻ, എംപിമാരായ ആന്റോ ആന്റണി, തോമസ് ചാഴികാടൻ എന്നിവർ സമീപം.

ക്ഷണിച്ചില്ല; പ്രതിഷേധിച്ച് ഷോൺ ജോർജ്

ഈരാറ്റുപേട്ട ∙ വാഗമൺ റോഡ് ഉദ്ഘാടന ചടങ്ങിൽ നിന്നും ഒഴിവാക്കിയതിൽ പ്രതിഷേധവുമായി ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെയും പഞ്ചായത്ത് പ്രസിഡന്റിനെയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെയും ചടങ്ങിലേക്കു ക്ഷണിച്ചെങ്കിലും തന്നെ ഒഴിവാക്കിയത് രാഷ്ട്രീയം കൊണ്ട് മാത്രമാണെന്നും ഷോൺ ജോർജ് ആരോപിച്ചു. 

റോഡിന്റെ 18 കിലോമീറ്ററിലധികം കടന്നു പോകുന്ന തീക്കോയി പഞ്ചായത്ത് ഉൾപ്പെടുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ ജനപ്രതിനിധി എന്ന നിലയിൽ ക്ഷണിക്കേണ്ടതായിരുന്നു. പി.സി.ജോർജ് എംഎൽഎ ആയിരുന്ന കാലത്താണ് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് നവീകരണത്തിന് 63.99 കോടി രൂപ അനുവദിച്ചത്. എന്നാൽ സ്ഥലം ഏറ്റെടുപ്പു നടപടികൾ പൂർത്തിയാക്കാൻ നാളിതുവരെ സർക്കാരിനു കഴിഞ്ഞിട്ടില്ലെന്നും അതിന്റെ ജാള്യത മറയ്ക്കാനാണ് തരം താണ രാഷ്ട്രീയം കളിക്കുന്നതെന്നു ഷോൺ കുറ്റപ്പെടുത്തി.

20 വർഷമായി തകർന്ന് കിടന്നിരുന്ന റോഡ് എന്ന നിലയിൽ വലിയ പ്രചാരണമാണ് എൽഡിഎഫ് നടത്തുന്നത്. റോഡ് തകർന്നിട്ട് 2 വർഷമേ ആയിട്ടുള്ളുവെന്നും അതിനു മുൻപ് കൃത്യമായി പരിപാലിച്ചിരുന്ന റോഡാണിത്.  20 വർഷത്തിനിടയിൽ 12 വർഷവും കേരളം ഭരിച്ചിരുന്നത് എൽഡിഎഫ് ആയിരുന്നു എന്നത് മറക്കരുതെന്നും ഷോൺ പറഞ്ഞു.

English Summary: Reconstructed Wagamon Road inaugurated

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com