ADVERTISEMENT

ഏറ്റുമാനൂർ∙ വഴിനീളെ റോഡ് ക്യാമറകൾ മിഴി തുറന്നിട്ടും നഗരത്തിലെ സിഗ്നൽ ലൈറ്റുകൾ പ്രവർത്തിപ്പിക്കാൻ ബന്ധപ്പെട്ടവർ തയാറാകുന്നില്ലെന്ന് ആക്ഷേപം. ഗതാഗത കുറ്റകൃത്യങ്ങൾ കണ്ടു പിടിക്കാൻ നഗരത്തിന്റെ വിവിധ ഭാഗത്താണ് മോട്ടർ വാഹന വകുപ്പും പൊലീസും ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ ഇടതടവില്ലാതെ വാഹനങ്ങൾ പായുന്ന പ്രധാന ജം‌ക്‌ഷനുകളിൽ പോലും സിഗ്നൽ ലൈറ്റുകളില്ല. 

പട്ടിത്താനം– മണർകാട് ബൈപാസിന്റെ ഭാഗമായ പാറേകണ്ടം ജംക്‌ഷനിൽ 2 മാസങ്ങൾക്ക് മുൻപ് സ്ഥാപിച്ച സിഗ്നൽ ലൈറ്റാണ് നഗരത്തിൽ ആകെ തെളിയുന്നത്. ഗതാഗതത്തിരക്ക് രൂക്ഷമായ ഏറ്റുമാനൂർ ടൗൺ, പട്ടിത്താനം ജംക്‌ഷനുകളിൽ സിഗ്നൽ തകരാറിലായിട്ട് വർഷങ്ങൾ പിന്നിട്ടു. ലൈറ്റുകളുടെ അറ്റകുറ്റപ്പണി ആദ്യ 5 വർഷം നിർമാണ കമ്പനിക്കാണ്. നിയന്ത്രണം പൊലീസിനാണെങ്കിലും വൈദ്യുതി ബിൽ ഉൾപ്പെടെയുള്ള ചെലവുകൾ നഗരസഭയാണ് വഹിക്കുന്നത്.എന്നാൽ കരാർ കാലാവധിക്ക് ശേഷമുള്ള അറ്റകുറ്റ പണി ആരു ചെയ്യുമെന്നതിൽ വകുപ്പുകൾ തമ്മിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണ്.

പ്രത്യേക ഫണ്ട് ഇല്ലാത്തതിനാൽ ഇത്തരം ചെലവുകൾ വഹിക്കാൻ കഴിയില്ലെന്നാണ് പൊലീസ് അധികൃതർ വ്യക്തമാക്കുന്നത്. നഗരസഭയും പണമില്ലെന്ന ന്യായമാണ് മുന്നോട്ട് വയ്ക്കുന്നത്. മണർകാട് ബൈപാസ് തുറന്നു കൊടുത്തതോടെ ഏറ്റുമാനൂരിലെ ഏറ്റവും തിരക്കുള്ള ജംക്‌ഷനായി പട്ടിത്താനം കവല മാറി. നാലു വശത്തു നിന്നും ഇടതടവില്ലാതെയാണ് വാഹനങ്ങൾ പായുന്നത്.

സിഗ്നൽ സംവിധാനം ഇല്ലാത്തതിനാൽ നാട്ടുകാർക്ക് ഇപ്പോൾ റോഡ് മുറിച്ചു കടക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. വാഹനങ്ങൾ തോന്നും പടി കടന്നു പോകുന്നത് പലപ്പോഴും അപകടത്തിനു കാരണമാകുന്നുണ്ട്. ഏറ്റുമാനൂർ സെൻട്രൽ ജംക്‌ഷനിൽ ട്രാഫിക് സിഗ്നൽ തകരാറിലായതിനാൽ ബദൽ സംവിധാമെന്ന നിലയിൽ ട്രാഫിക് ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുണ്ട്. പട്ടിത്താനം കവലയിലും ട്രാഫിക് ഉദ്യോഗസ്ഥരെ നിയമിക്കുകയോ, സിഗ്നൽ സംവിധാനം പ്രവർത്തിപ്പിക്കുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

''സിഗ്നൽ ലൈറ്റുകളുടെ വാടക അടയ്ക്കുന്നത് നഗരസഭയാണ്. വാഹനപ്പെരുപ്പം മൂലം പട്ടിത്താനത്തെ സിഗ്നൽ സംവിധാനം പൊലീസ് ഓഫാക്കി എന്നാണ് വിവരം. തകരാറിലുള്ളവയുടെ അറ്റകുറ്റപ്പണി ആരു ചെയ്യുമെന്നതിൽ വ്യക്തതയില്ല''.

വി.എസ്. വിശ്വനാഥൻ,

പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ, 

ഏറ്റുമാനൂർ നഗരസഭ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com