ADVERTISEMENT

പള്ളിക്കത്തോട് ∙ അരുവിക്കുഴി ടൂറിസം കേന്ദ്രത്തിലെ പുറമ്പോക്ക് ഭൂമി കണ്ടെത്താൻ റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ നടപടി ആരംഭിച്ചു. ഇതു സംബന്ധിച്ചു പഞ്ചായത്ത് ഒരു വർഷം മുൻപ് റവന്യു വകുപ്പിനു കത്ത് നൽകിയിരുന്നു. ടൂറിസം കേന്ദ്രത്തിൽ ആവശ്യത്തിനു ഭൂമി ഇല്ലാത്തതിനാൽ തുടർ വികസന പ്രവർത്തനങ്ങൾക്കു ബുദ്ധിമുട്ടു നേരിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാന പ്രകാരം പുറമ്പോക്ക് ഭൂമി കണ്ടെത്തി നൽകാൻ നേരത്തെ കത്ത് നൽകിയത്.

പുറമ്പോക്ക്  ഉണ്ടെന്ന്  സൂചന

കഴിഞ്ഞ ദിവസം താലൂക്ക് സർവേയറുടെ നേതൃത്വത്തിൽ ഇവിടെ പുറമ്പോക്ക് ഭൂമി അളക്കുന്ന പ്രവർത്തനങ്ങൾ നടത്തി. 10 പേർക്കു ഇതു സംബന്ധിച്ചു നോട്ടിസ് നൽകിയിരുന്നു. വെള്ളച്ചാട്ടത്തിന്റെ ഒരു വശത്തെ അളവ് പൂർത്തിയായപ്പോൾ ഇവിടെ പുറമ്പോക്ക് ഭൂമി ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മറു വശത്തെ പുറമ്പോക്ക് അളവ് അടുത്ത ആഴ്ച നടത്തും. തുടർന്നു പുറമ്പോക്ക് അളന്നു തിരിച്ചു റിപ്പോർട്ട് സമർപ്പിക്കും.

വികസന സാധ്യത 

പുറമ്പോക്ക് ഭൂമി അളന്നു തിരിച്ചു കിട്ടിയാൽ ടൂറിസം കേന്ദ്രത്തിനു ഒട്ടേറെ വികസന സാധ്യതകളുണ്ട്. പി.ടി.ഉഷ എംപി പള്ളിക്കത്തോട് പഞ്ചായത്തിനെ കേന്ദ്രസർക്കാരിന്റെ സൻസദ് ഗ്രാമത്തിൽ ഉൾപ്പെടുത്തിയിരുന്നു. ടൂറിസം വികസനത്തിനു ഉൾപ്പെടെ ഈ പദ്ധതിയിൽ ഫണ്ട് ഉണ്ട്. പഞ്ചായത്തിന്റെ വികസന ചർച്ചകൾക്കായി പി.ടി.ഉഷ എംപി ഈ മാസം അവസാനം പള്ളിക്കത്തോട്ടിൽ എത്തുന്നുണ്ട്. അരുവിക്കുഴിയിൽ കൂടുതൽ സ്ഥലം ലഭ്യമായാൽ പ‍ഞ്ചായത്തിന്റെ മികച്ച പദ്ധതി സമർപ്പിക്കാൻ സാധിക്കും. ആന്റോ ആന്റണി എംപിയും അരുവിക്കുഴിയുടെ വികസനത്തിനായി 15 ലക്ഷം രൂപ അനുവദിക്കാമെന്നു നേരത്തെ അറിയിച്ചിരുന്നു. 20 സെന്റ് സ്ഥലം പഞ്ചായത്ത് നൽകിയാൽ പദ്ധതിക്കായി തുക അനുവദിക്കാമെന്നാണ് എംപി അറിയിച്ചിരുന്നത്. കുടുതൽ സ്ഥലം ലഭ്യമായാൽ അരുവിക്കുഴിയെ മികച്ച കേന്ദ്രമാക്കി മാറ്റാൻ സാധിക്കും.

ഇനിയും വേണ്ടത്

പദ്ധതി പ്രഖ്യാപന വേളയിൽ ഉണ്ടായിരുന്ന കുട്ടികളുടെ പാർക്ക് ഇതു വരെ നിർമിക്കാൻ സാധിച്ചിട്ടില്ല.ഇതു സാധിച്ചാൽ വേനലിൽ വെള്ളം കുറവുള്ളപ്പോഴും ഇവിടേക്കു കൂടുതൽ ആളുകളെ ആകർഷിക്കാൻ സാധിക്കും. മൺസൂൺ ടൂറിസത്തിനു ഏറ്റവും പ്രാധാന്യമുള്ള കേന്ദ്രം കൂടിയാണിവിടം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com