മഴയെത്തി;വഴികളിൽ വെള്ളക്കെട്ട് പതിവായി

  ഇന്നലെ പെയ്ത ശക്തമായ മഴയ്ക്കു ശേഷം പി.പി.ജോസ് റോഡിൽ നിന്നുള്ള കാഴ്ചകൾ : റോഡിലെ വെള്ളക്കെട്ടിലൂടെ വാഹനങ്ങൾ സഞ്ചരിക്കുന്നതാണ് ആദ്യ ചിത്രം. റോഡരികിലെ ട്രാൻസ്ഫോമറിന്റെ സംരക്ഷണ വേലിയുടെ സമീപത്തു കൂടി നടന്നു നീങ്ങുന്ന കാൽനട യാത്രക്കാരാണ് രണ്ടാമത്തെ ചിത്രത്തിൽ.
ഇന്നലെ പെയ്ത ശക്തമായ മഴയ്ക്കു ശേഷം പി.പി.ജോസ് റോഡിൽ നിന്നുള്ള കാഴ്ചകൾ : റോഡിലെ വെള്ളക്കെട്ടിലൂടെ വാഹനങ്ങൾ സഞ്ചരിക്കുന്നതാണ് ആദ്യ ചിത്രം. റോഡരികിലെ ട്രാൻസ്ഫോമറിന്റെ സംരക്ഷണ വേലിയുടെ സമീപത്തു കൂടി നടന്നു നീങ്ങുന്ന കാൽനട യാത്രക്കാരാണ് രണ്ടാമത്തെ ചിത്രത്തിൽ.
SHARE

ചങ്ങനാശേരി ∙ ഒറ്റ മഴയിൽ റോഡ് ‘തോടായി’. യാത്രക്കാർ ദുരിതത്തിൽ. ശക്തമായ മഴയിൽ നഗരത്തിൽ ഇടറോഡുകളിൽ പലതിലും വെള്ളക്കെട്ട് രൂപപ്പെട്ടതാണ്  ദുരിതമായത്. കാൽനടയായി സഞ്ചരിക്കാൻ പോലും കഴിയാനാവാത്ത വിധത്തിൽ റോഡുകളിൽ വെള്ളക്കെട്ട് ഉണ്ടായതോടെ  പ്രതിഷേധവും ശക്തമായി.എസി റോഡിന്റെ വശങ്ങളിലുള്ള ഇടവഴികളിലും നഗരമധ്യത്തിലെ പി.പി. ജോസ് റോഡിലുമാണ് വെള്ളക്കെട്ട് രൂപപ്പെടുന്നത് പതിവായത്. 

ഓടകളുടെ നിർമാണം പൂർത്തിയാകാത്തതും ഓടകളിൽ മാലിന്യവും മണ്ണും മറ്റും അടിഞ്ഞ് ഒഴുക്ക് തടസപ്പെട്ടതുമാണ് തുടർച്ചയായുണ്ടാകുന്ന വെള്ളക്കെട്ടിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. വാഹനങ്ങൾ വെള്ളക്കെട്ടിലൂടെ കടന്നു പോകുമ്പോൾ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും വെള്ളം കയറുന്നതും പ്രതിഷേധത്തിനിടയാക്കുന്നു.

എസ്ബി കോളജ്, അസംപ്ഷൻ കോളജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾ ഉൾപ്പെടെ അനേകം ആളുകൾ പതിവായി ഉപയോഗിക്കുന്ന പി.പി. ജോസ് റോഡിലെ വെള്ളക്കെട്ട് സംബന്ധിച്ച പരാതിക്ക് ഏറെക്കാലത്തെ പഴക്കമുണ്ട്. വെള്ളത്തിൽ ചവിട്ടാതിരിക്കാൻ റോഡരികിലെ ട്രാൻസ്ഫോമറിന്റെ സംരക്ഷണ വേലിയിൽ പിടിച്ചാണ് നടപ്പാതയിലേക്ക് കാൽനടയാത്രികർ കടക്കുന്നത്. റോഡരികിൽ ഇട്ടിരിക്കുന്ന മെറ്റലും വെള്ളക്കെട്ടിൽ മുങ്ങിയ നിലയിലാണ്. ഈ ഭാഗത്തു കൂടിയുള്ള വാഹനയാത്രയും അപകടം പിടിച്ചതാണ്. മഴയ്ക്കു ശമനം ഉണ്ടായാലും റോഡിലെ വെള്ളം ഇറങ്ങിപ്പോകാൻ വീണ്ടും സമയം എടുക്കും. ഓടകളിലെ മാലിന്യം ഉൾപ്പെടെ റോഡിലേക്ക് പരന്നൊഴുകുന്നതും ദുരിതമാണ്.

എസി റോഡിലും വെള്ളക്കെട്ട് ഉണ്ടാകുന്നതായി പരാതികളുണ്ട്. ഓടകളുടെ നിർമാണം പൂർത്തിയാകാത്തതും ഓടകളിൽ അടിഞ്ഞു കിടക്കുന്ന മണ്ണും തടിക്കഷണങ്ങളും ഉൾപ്പെടെയുള്ള തടസ്സങ്ങൾ നീക്കാത്തതും പ്രശ്നങ്ങളാണെന്നു നാട്ടുകാർ പറയുന്നു. നവീകരണ ജോലികളുടെ ഭാഗമായി എസി റോഡ് ഉയർത്തിയെങ്കിലും സമീപത്തെ ഇടറോഡുകളിലൂടെ ഒഴുകിയെത്തുന്ന വെള്ളം ഓടകളിലേക്ക് ഒഴുകിപ്പോകുന്ന വിധത്തിൽ പലയിടങ്ങളിലും ക്രമീകരണം ഏർപ്പെടുത്തിയിട്ടില്ല. ഇതോടെ ഈ ഭാഗങ്ങളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS