ശബരിമല വിമാനത്താവളം: ജനങ്ങൾക്കു ക്ഷണമില്ലാതെ നാളത്തെ യോഗം
Mail This Article
എരുമേലി ∙ നിർദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ സ്ഥലമേറ്റെടുപ്പ് സംബന്ധിച്ചു ചർച്ച ചെയ്യുന്നതിനു നാളെ ചേരുന്ന യോഗത്തിൽ ക്ഷണം ജനപ്രതിനിധികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും സംഘടനകൾക്കും മാത്രം. സ്ഥലം നഷ്ടപ്പെടുന്നവരെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ചുള്ള വിപുലമായ ജനകീയ യോഗം ഒരാഴ്ചയ്ക്കുള്ളിൽ ചേരുമെന്നാണ് അറിയിപ്പ്. വിമാനത്താവളത്തിനായി സ്ഥലം വിട്ടുകൊടുക്കേണ്ടവരുടെ പബ്ലിക് ഹിയറിങ് 12ന് എരുമേലി റോട്ടറി ഹാളിലും 13നു മുക്കട കമ്യൂണിറ്റി ഹാളിലും നിശ്ചയിച്ചിട്ടുണ്ട്.
നാളെ 12നു ചെമ്പകത്തുങ്കൽ സ്റ്റേഡിയത്തിലാണു സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ അധ്യക്ഷതയിൽ യോഗം വിളിച്ചിട്ടുള്ളത്. വിമാനത്താവളത്തിനു ചെറുവള്ളി എസ്റ്റേറ്റിനു പുറത്ത് ഭൂമി ആവശ്യമുണ്ടോ എന്ന് നാളത്തെ യോഗം ചർച്ച ചെയ്യുക. വിമാനത്താവള നിർമാണത്തിനായി 1039.8 ഹെക്ടർ സ്ഥലം വേണമെന്നാണു സാമൂഹികാഘാത പഠന റിപ്പോർട്ടിലുള്ളത്. ഇതിൽ 916.27 ഹെക്ടർ ചെറുവള്ളി എസ്റ്റേറ്റിന്റെ കൈവശവും 123.53 ഹെക്ടർ സ്ഥലം വിവിധ വ്യക്തികളുടെ കൈവശവുമാണ്. 358 കുടുംബങ്ങളെയാണു സ്ഥലമേറ്റെടുപ്പ് ബാധിക്കുന്നത്.