കോട്ടയം∙ കേന്ദ്രസർക്കാരിന്റെ ജലജീവൻ മിഷൻ പദ്ധതിക്കായി പൈപ്പിടാൻ തുരന്ന റോഡുകളുടെ പരിതാപകരമായ അവസ്ഥ കുറച്ചു മാസം കൂടി തുടരും. പദ്ധതിയിലെ അപാകതകളും ജല അതോറിറ്റിയിലെ ആൾക്ഷാമവും കാരണം 4 മാസത്തിനു ശേഷമേ ഇതിന്റെ നടപടികളാകൂ.2024 മാർച്ച് 31ഓടെ ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും ജലം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ റോഡുകൾ പൂർവസ്ഥിതിയിലാക്കുന്നതിന് പ്രത്യേക നിർദേശമൊന്നും ഇല്ലാതിരുന്നതാണു പ്രശ്നമായത്.
പദ്ധതിയുടെ 45% തുക കേന്ദ്രവും 30% സംസ്ഥാനവുമാണു വഹിക്കേണ്ടത്.തദ്ദേശ സ്ഥാപനങ്ങൾ 15% തുകയും ഗുണഭോക്താവ് 10% തുകയും ചെലവാക്കണം.റോഡുകൾ തകർന്ന് പ്രതിഷേധങ്ങൾ ശക്തമായ സാഹചര്യത്തിൽ ഇതിനുള്ള വ്യവസ്ഥകൾ ഇപ്പോൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. രണ്ടാംഘട്ടമായി ചിലയിടങ്ങളിൽ റോഡ് കോൺക്രീറ്റ് ചെയ്യുന്നതിനും മൂന്നാംഘട്ടമായി, പദ്ധതി നടപ്പാക്കുന്ന സ്ഥലങ്ങളിൽ ടാറോ കോൺക്രീറ്റോ ചെയ്യുന്നതിനും വ്യവസ്ഥയുണ്ട്.
മുൻപ് തുരന്ന റോഡുകൾ ഇതനുസരിച്ച് ടാറിങോ കോൺക്രീറ്റോ ചെയ്യാനുള്ള റീഅപ്രോപ്രിയേഷൻ നടപടി ആരംഭിച്ചിട്ടുണ്ട്. ഇതിനു ജില്ലാ ജല-ശുചിത്വ മിഷന്റെ അനുമതി കിട്ടിയിട്ടുണ്ട്. ഇനി ഭരണാനുമതി, സാങ്കേതികാനുമതി എന്നിവ ലഭിച്ച് ടെൻഡർ പൂർത്തിയാക്കണം. ജലജീവൻ മിഷന്റെ സംസ്ഥാനത്തെ നിർവാഹകർ വാട്ടർ അതോറിറ്റിയും ജലനിധിയുമാണ്. കോട്ടയത്ത് മീനടം, അയ്മനം പഞ്ചായത്തുകളിൽ പദ്ധതി നടപ്പാക്കുന്നത് ജലനിധിയാണ്.
ബാക്കിയിടങ്ങളിൽ വാട്ടർ അതോറിറ്റിയുമാണ്. ജില്ലയിൽ പദ്ധതി നടപ്പാക്കാനുള്ള ടെൻഡറായി. അടുത്തഘട്ടമായി ജലജീവൻ നടപ്പാക്കുന്ന സ്ഥലങ്ങളിൽ റോഡ് തുരന്ന് പൈപ്പിട്ടു കഴിഞ്ഞാലുടൻ കുഴിമൂടി ടാറോ കോൺക്രീറ്റോ ചെയ്യും.
കടുത്ത ആൾക്ഷാമം
പദ്ധതി നടത്തിപ്പെല്ലാം കൊണ്ടുപിടിച്ചു നടക്കുമ്പോഴും വാട്ടർ അതോറിറ്റിയിൽ കടുത്ത ആൾക്ഷാമം. 1984ൽ സംസ്ഥാനത്ത് വാട്ടർ അതോറിറ്റിയിൽ 8,000 ജീവനക്കാരുണ്ടായിരുന്നെങ്കിൽ ഇപ്പോൾ 6,000 പേർ മാത്രം. സാധാരണ ജോലികൾക്ക് പുറമേ ജലജീവൻ മിഷൻ പോലുള്ള പദ്ധതി നടത്തിപ്പും ഉണ്ടായിട്ടും കൂടുതൽ ആളുകളെ നിയമിക്കുന്നില്ല. കോട്ടയത്ത് 10 ഓവർസിയർമാർ വേണ്ടിടത്ത് 4 പേർ മാത്രമാണ് 5 വർഷമായുള്ളത്. കോട്ടയം സബ് ഡിവിഷനിൽ മാത്രം 75,000 കണക്ഷനുകളുമുണ്ട്.
എൻഎച്ച് പൊളിക്കാൻ അനുമതിയില്ല
ജലജീവൻ പദ്ധതി പലയിടങ്ങളിലും സാങ്കേതികപ്രശ്നങ്ങളിൽ തട്ടി മുടങ്ങിക്കിടക്കുകയുമാണ്. കഞ്ഞിക്കുഴി ഭാഗത്ത് എളുപ്പം പൊട്ടുന്ന പഴയ ആസ്ബറ്റോസ് പൈപ്പുകൾ മാറ്റി പുതിയവ ഇടുന്ന പ്രവൃത്തിക്കും തടസ്സമുണ്ട്. ഇവിടെ നിന്ന് കൊല്ലാട് വരെ പുതിയ പൈപ്പിടുന്നതിന് അനുമതി ലഭിച്ചെങ്കിലും കലക്ടറേറ്റ് വരെ പൈപ്പ് ഇടാൻ ദേശീയപാതാ അധികൃതരുടെ അനുമതിയില്ല. ദേശീയപാത വെട്ടിമുറിച്ചുവേണം പൈപ്പിടാൻ.
എന്നാൽ ദേശീയപാതാ വികസനത്തിനു പദ്ധതിയുള്ളതിനാൽ കൃത്യമായി പൈപ്പ് ഇടേണ്ട സ്ഥലം അളന്നുതിരിച്ചുനൽകാൻ ഇപ്പോൾ പ്രയാസമുള്ളതിനാൽ അനുമതി നൽകാൻ കഴിയില്ലെന്നാണ് അധികൃതരുടെ നിലപാട്. അതേസമയം ഇപ്പോൾ ഈ പ്രദേശം കണ്ടെത്തി പ്രത്യേകം അടയാളപ്പെടുത്തി മോർത്ത്(മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട് ആൻഡ് ഹൈവേസ്) അധികൃതരെ വീണ്ടും അറിയിച്ച് അനുമതിക്കായി കാത്തിരിക്കുകയാണ്.