നേരേകടവ് - മാക്കേക്കടവ് പാലം നിർമാണം തടസ്സങ്ങൾ നീക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ 22ന് ശേഷം യോഗം

Mail This Article
വൈക്കം ∙ നിർമാണം നിലച്ച നേരേകടവ് - മാക്കേക്കടവ് പാലം പുതുക്കിയ എസ്റ്റിമേറ്റുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന തടസ്സങ്ങൾ പരിഹരിക്കുന്നതിന് പൊതുമരാമത്ത്, ധനവകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ 22നു ശേഷം യോഗം ചേരുമെന്ന് സി.കെ.ആശ എംഎൽഎ അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് 9 മാസങ്ങൾക്കു മുൻപാണ് പുതുക്കിയ എസ്റ്റിമേറ്റ് സംബന്ധിച്ച നിർദേശം ധനവകുപ്പിനു നൽകിയത്. ധനവകുപ്പിന്റെ ചീഫ് ടെക്നിക്കൽ എക്സാമിനർ ഫയൽ സംബന്ധിച്ച വിശദാംശങ്ങളും സംശയങ്ങളും പൊതുമരാമത്ത് വകുപ്പിനോട് ചോദിച്ചിരുന്നു. പുതുക്കിയ എസ്റ്റിമേറ്റിന് പൊതുമരാമത്ത് വകുപ്പ് ധനവകുപ്പിനു മുന്നിൽ 3 നിർദേശങ്ങളാണ് നൽകിയിരുന്നത്.
നിലവിൽ പിഡബ്ല്യുഡി ഉപയോഗിക്കുന്ന 2012ലെ ഡൽഹി ഷെഡ്യൂൾഡ് റേറ്റ് 2018ലെ നിരക്കാക്കി പുതുക്കി നിശ്ചയിക്കണം എന്നതാണ് ഒന്നാമത്തെ നിർദേശം. വസ്തുക്കളുടെ പ്രാദേശിക വിപണിവില അനുസരിച്ച് നിരക്ക് പുതുക്കലാണ് രണ്ടാമത്തെ നിർദേശം. 2018ലെ ഡിഎസ്ആറും 10 % അധികവും വരുന്ന നിരക്കാണ് മൂന്നാമത്തേത്. 2016നു മുൻപ് നിലനിന്നിരുന്ന ഡിസൈൻഡ് ടെൻഡർ എന്ന സംവിധാനമാണ് ഈ പാലം പണിയുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നത്. ഈ സംവിധാനം ഇന്നു നിലവിലില്ല. പുതുക്കിയ എസ്റ്റിമേറ്റുമായി ബന്ധപ്പെട്ട പ്രധാന തടസ്സമായി നിൽക്കുന്ന ഈ വിഷയത്തിലാണ് പ്രധാനമായും തീരുമാനം ഉണ്ടാകേണ്ടത്.
2016ലാണ് പാലം നിർമാണം തുടങ്ങിയത്. സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കോടതിയും കേസുമായി പിന്നീട് നിലയ്ക്കുകയായിരുന്നു.
ഇതിനിടെ എസ്റ്റിമേറ്റ് തുക വർധിപ്പിക്കുന്നത സംബന്ധിച്ച നിർദേശം പിഡബ്ല്യുഡി ധനവകുപ്പിനു നൽകിയിട്ടും നടപടിയായില്ല. തുടർന്ന് സി.കെ.ആശ എംഎൽഎ മുഖ്യമന്ത്രി, ധനമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവർക്കു കത്ത് നൽകി. കഴിഞ്ഞ നവംബർ ഒന്നിന നേരേകടവിൽ എത്തിയ ധനവകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ ഫയൽ പരിശോധിച്ച് അനുമതി ലഭ്യമാക്കാൻ ആവശ്യമായതു ചെയ്യുമെന്ന് പറഞ്ഞാണ് മടങ്ങിയത്.
റിവൈസ്ഡ് എസ്റ്റിമേറ്റിന് ധനവകുപ്പിന്റെ അനുമതി ലഭിച്ചാൽ ഈ സാമ്പത്തിക വർഷം തന്നെ പാലം നിർമാണം പൂർത്തീകരിക്കാനാകും എന്നാണ് പ്രതീക്ഷ. പാലം നിർമാണം തുടങ്ങുന്നതിനു മുന്നോടിയായി അപ്രോച്ച് റോഡ് നിർമാണത്തിനായി നേരേകടവിലെ കെട്ടിടങ്ങളും മതിലുകളും പൊളിച്ചുനീക്കി.
നിയുക്ത തുറവൂർ - പമ്പ ഹൈവേയുടെ ഭാഗമായുള്ള രണ്ടാമത്തെ പാലമാണ് നേരേകടവ് - മാക്കേകകടവ് പാലം. നിർമാണത്തിന്റെ ആദ്യഘട്ടമായ തുറവൂർ പാലം നിർമാണം 2015ൽ പൂർത്തിയാക്കിയിരുന്നു. വേമ്പനാട്ടുകായലിനു കുറുകെയുള്ള ഏറ്റവും നീളമേറിയ പാലമായ മാക്കേക്കടവ് - നേരേകടവ് പാലത്തിന് ഏകദേശം ഒരു കിലോമീറ്ററോളം നീളവും 11 മീറ്റർ വീതിയുണ്ട്. പാലം യാഥാർഥ്യമാകുന്നതോടെ വൈക്കത്തു നിന്നു കൊച്ചിയിലേക്കുള്ള എളുപ്പവഴി കൂടിയാകും ഇത്.
ശബരിമല ഇടത്താവളമായ തുറവൂരിൽ നിന്നു വൈക്കം വഴി തീർഥാടകർക്കു പമ്പയിലേക്കു വളരെ വേഗത്തിൽ എത്താൻ സാധിക്കും.