കോട്ടയം ∙ എംസി റോഡിൽ ബേക്കർ ജംക്‌ഷനു സമീപം കനത്ത മഴയിൽ വീടിന്റെ മതിലിടിഞ്ഞു ദേഹത്തുവീണ് വഴിയാത്രക്കാരി മരിച്ചു. കാരാപ്പുഴ വെള്ളരിക്കുഴി വീട്ടിൽ വത്സല (64) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 1.45ന് ആണ് സംഭവം. വൈഡബ്ല്യുസിഎക്ക് എതിർവശത്ത് റോഡരികിലെ വീടിന്റെ മതിലാണ് ഇടിഞ്ഞത്. എട്ടടിയോളം ഉയരമുള്ള മതിലാണിത്. മഴ പെയ്യുന്നതിനിടെ നടപ്പാതയിലൂടെ പോകുകയായിരുന്ന വത്സലയുടെ ദേഹത്തേക്കു കല്ലുകളും മണ്ണും വീഴുകയായിരുന്നു.
മണ്ണിനടിയിലായ വത്സലയുടെ തലയ്ക്കും നടുവിനും പരുക്കേറ്റു. ആദ്യം ജനറൽ ആശുപത്രിയിലും പിന്നീടു മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓടിക്കൂടിയ നാട്ടുകാരും ഡ്രൈവർമാരുമാണു വത്സലയെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. അഗ്നിരക്ഷാസേന സ്ഥലത്തെത്തി. നാഗമ്പടത്തെ കണ്ണടക്കടയിൽപോയി തിരികെ ബേക്കർ ജംക്‌ഷൻ ഭാഗത്തേക്കു വരുന്നതിനിടെയാണ് അപകടത്തിൽപെട്ടത്. സംസ്കാരം ഇന്നു 3നു മുട്ടമ്പലം ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ സോമൻ. മക്കൾ: വി.എസ്.രതീഷ് (മനോരമ ഏജന്റ്), രജനീഷ്, രഞ്ജിനി. മരുമക്കൾ: സരിത, സുമി, അനീഷ് (പുതുപ്പള്ളി).