ഗൂഗിൾ മാപ്പ് നോക്കി ഊരാക്കുടുക്കിലായി; വീടിന്റെ മുറ്റത്തിന്റെ സംരക്ഷണ ഭിത്തിയും, എതിർവശത്തെ കയ്യാലയും തകർത്തു

Mail This Article
കാഞ്ഞിരപ്പള്ളി∙ ഗൂഗിൾ മാപ്പ് നോക്കിയെത്തിയ പാഴ്സൽ ലോറി ഊരാക്കുടുക്കിൽപ്പെട്ടു. എറണാകുളത്തു നിന്നും കാഞ്ഞിരപ്പള്ളിയിലേക്കു വന്ന ലോറി ബിഷപ്സ് ഹൗസ്– കോവിൽക്കടവ് റോഡിലാണ് കുടുങ്ങിയത്. വീതി കുറഞ്ഞ റോഡിലൂടെ മുൻപോട്ടും പിന്നോട്ടും കടന്നു പോകാൻ കഴിയാതെ വഴിയരികിലെ വീടിന്റെ മുറ്റത്തിന്റെ സംരക്ഷണ ഭിത്തിയും, എതിർവശത്തെ കയ്യാലയും തകർത്തു. ഡ്രൈവർ മാത്രമുണ്ടായിരുന്ന ലോറി ഒടുവിൽ നാട്ടുകാർ ചേർന്ന് സൈഡ് പറഞ്ഞുകൊടുത്തു കാഞ്ഞിരപ്പള്ളി– ഈരാറ്റുപേട്ട റോഡിലെത്തിച്ചു.

ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണു സംഭവം. എറണാകുളത്തു നിന്നുമെത്തിയ ലോറി ടൗണിൽ പ്രവേശിക്കാതെ ഈരാറ്റുപേട്ട റോഡിലെത്താനുള്ള ശ്രമത്തിനിടെയാണ് ഇടവഴിയിൽ കുടുങ്ങിയത്. മാപ്പിൽ കാണിച്ച വഴി ശരിയായിരുന്നുവെങ്കിലും കഷ്ടിച്ച് ഒരു കാറിന് കടന്നു പോകാൻ മാത്രം വീതിയുള്ള റോഡിലൂടെ വലുപ്പവും നീളവും കൂടിയ ലോറി കടന്നുവന്നതാണ് വഴിയിൽ കുടുങ്ങാൻ കാരണം.